Trending Now

പോപ്പുലര്‍ ഫിനാന്‍സ്സ് തട്ടിപ്പ് : പണയ സ്വര്‍ണ്ണങ്ങള്‍ ആരുടെ കയ്യില്‍

പണയ സ്വര്‍ണ്ണം വെച്ചവര്‍ പരാതി നല്‍കിയില്ല : ഒരു ബ്രാഞ്ച് മാനേജര്‍ 3 കിലോ പണയ സ്വര്‍ണ്ണം കൈക്കലാക്കി എന്നാണ് ഇപ്പോള്‍ അറിയുന്ന വാര്‍ത്ത

കോന്നി വാര്‍ത്ത ഡോട്ട് കോം : അര പവന്‍ മുതല്‍ 30 പവനോളം സ്വര്‍ണ്ണം പോപ്പുലര്‍ ഫിനാസിന്‍റെ വിവിധ ശാഖകളില്‍ പണയം വെച്ചവര്‍ ഇതുവരെ പരാതിയുമായി പോലീസില്‍ എത്തിയില്ല . ഒരാള്‍ മാത്രം പരാതി പറഞ്ഞു എങ്കിലും രേഖാമൂലം പോലീസില്‍ പരാതി നല്‍കിയില്ല .
കിലോ കണക്കിനു പണയ സ്വര്‍ണ്ണ ഇടപാടുകള്‍ ഓരോ ബ്രാഞ്ചിലും നടന്നിരുന്നു . ബ്രാഞ്ച് മാനേജര്‍മാര്‍ ആണ് ഇതെല്ലാം കൈകാര്യം ചെയ്തത് . പോലീസ് പിടിയിലാകും മുന്നേ ഉടമ തോമസ് ഡാനിയല്‍ എന്ന റോയിയുടെ നിര്‍ദ്ദേശപ്രകാരം ഭാര്യ പ്രഭ ചില ബ്രാഞ്ചുകളില്‍ എത്തി പണയ സ്വര്‍ണ്ണം നേരിട്ടു വാങ്ങി പോയി എന്നാണ് ചില ബ്രാഞ്ച് മാനേജര്‍മാര്‍ പോലീസിനോട് രഹസ്യമായി അറിയിച്ചത് എന്നു അറിയുന്നു .

ഒരു ബ്രാഞ്ച് മാനേജര്‍ 3 കിലോ പണയ സ്വര്‍ണ്ണം കൈക്കലാക്കി എന്നാണ് ഇപ്പോള്‍ അറിയുന്ന വാര്‍ത്ത . കുറഞ്ഞ തുകകൊടുത്തു പണയം എടുക്കുകയും കൂടിയ തുകയ്ക്ക് മറ്റ് ചില ബാങ്കില്‍ സ്വര്‍ണ്ണം നല്‍കി പണം വാങ്ങുന്ന രീതി ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ അറിഞ്ഞിരുന്നു .കിലോകണക്കിന് പണയ സ്വര്‍ണാഭരണങ്ങള്‍ ബ്രാഞ്ചുകളില്‍ നിന്നും കാണാതായിട്ടുണ്ട് .
അന്യ സംസ്ഥാനത്ത് ഉള്ള ഒരു ബ്രാഞ്ചില്‍ ഇടക്കാലത്ത് സ്വര്‍ണ്ണം “മോഷണം” പോയി എങ്കിലും അന്വേഷണം കാര്യമായി നടന്നില്ല എന്നും അറിയുന്നു . പണം നഷ്ടമായ നിക്ഷേപകരില്‍ ചിലരും അത്യാവശ്യകാര്യങ്ങള്‍ക്ക് സ്വര്‍ണ്ണം പണയം വെച്ചിട്ടുണ്ട് .

കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം പോയ നിക്ഷേപകര്‍ മാത്രമാണ് പോലീസില്‍ കേസ് നല്‍കിയത് . ഇത് 40 ശതമാനം ആളുകള്‍ മാത്രം ആണ് .ബാക്കി 60 ശതമാനം നിക്ഷേപകരും പരാതി നല്‍കിയില്ല . ഇത്തരം ആളുകള്‍ക്ക് എതിരെ അന്വേഷണം ഉണ്ടാകും എന്നാണ് പോലീസ് നേരത്തെ അറിയിച്ചത് .എന്‍ഫോര്‍സ്സ്മെന്‍റ് അത്തരം ആളുകളുടെ കണക്കുകള്‍ എടുത്തിരുന്നു .
ഒരു കോടി രൂപ മുതല്‍ മുകളിലേക്കു ഉള്ള തുക നിക്ഷേപിക്കുകയും നിലവില്‍ പോലീസില്‍ പരാതി നല്‍കാത്തവര്‍ക്ക് എതിരെ അന്വേഷണം നടന്നു വരുന്നു .
കേസ് സി ബി ഐയ്ക്ക് സര്‍ക്കാര്‍ കൈമാറിയതോടെ കോന്നി പോലീസ് ഏറെക്കുറെ അന്വേഷണം അവസാനിപ്പിച്ചു . ഇപ്പോള്‍ ലഭിക്കുന്ന പരാതികള്‍ മുന്‍പ് ഉള്ള കേസിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന നടപടി തുടരുകയാണ് . ഇത് ഹൈക്കോടതി തടഞ്ഞിരുന്നു ഓരോ പരാതിയിലും ഓരോ എഫ് ഐ ആര്‍ വേണം എന്നുള്ള കോടതി വിധി നടപ്പിലാക്കിയില്ല .ഇതിനെതിരെ നിക്ഷേപകര്‍ ഹൈക്കോടതിയില്‍ പരാതി ഉന്നയിക്കും .
പോലീസ് ആസ്ഥാനത്ത് നിന്നും ഉത്തരവ് ഉണ്ടായി എങ്കില്‍ മാത്രമേ പോലീസിന് ഓരോ പരാതിയിലും മൊഴി എടുത്തു ഓരോ എഫ് ഐ ആര്‍ ഇടാന്‍ കഴിയൂ . പരാതിക്കാരെ വിളിച്ച് വരുത്തി മൊഴി എടുക്കണം .
കേസ്സ് പൂര്‍ണ്ണമായും സി ബി ഐയ്ക്കു സര്‍ക്കാര്‍ കൈമാറുകയും പോപ്പുലര്‍ ഉടമകളുടെ മുഴുവന്‍ ആസ്തി സംബന്ധിച്ചു കണക്കെടുക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തിരുന്നു . നിക്ഷേപക സംരക്ഷക നിയമം അനുസരിച്ചുള്ള കേന്ദ്ര നിയമം അനുസരിച്ചാണ് കേരളം ഇടപെട്ടത് . കുറെ ആസ്തി പോലീസ് കണ്ടെത്തി . ബാക്കി ആസ്തി സംബന്ധിച്ചു പ്രതികളെ വിശദമായി ചോദ്യം ചെയ്തെങ്കിലെ അത് സംബന്ധിച്ചു മനസ്സിലാക്കാന്‍ കഴിയൂ . ബിനാമികളുടെ പേരുകളില്‍ ഉള്ള സ്വത്തുക്കള്‍ കൂടി കണ്ടെത്തണം .

വകയാര്‍ കേന്ദ്രമായി ബിനാമികളുടെ പേരില്‍ പോലും കടലാസ് കമ്പനി രൂപീകരിച്ചു . വകയാറില്‍ മാത്രം 21 എണ്ണത്തില്‍ കൂടുതല്‍ കടലാസ് കമ്പനികള്‍ രൂപീകരിച്ചതായി ഇപ്പോള്‍ അറിയുന്നു . കൂടാതെ തൃശ്ശൂര്‍ കേന്ദ്രമാക്കിയും ചില കടലാസ് കമ്പനികള്‍ ഷെയര്‍ രീതിയില്‍ രൂപീകരിച്ചു കോടികള്‍ ഇതിലൂടെ വക മാറ്റി തട്ടിപ്പ് നടത്തിയതായി നിക്ഷേപകര്‍ മനസ്സിലാക്കുന്നു .കോടികണക്കിന് രൂപ രഹസ്യ കേന്ദ്രത്തില്‍ വെച്ചു വിശ്വസ്തരായവരിലൂടെ ഉടമ കൈമാറി എന്നാണ് പരക്കെ ഉള്ള സംസാരം .
ഉടമകള്‍ പിടിയിലാകും മുന്‍പ് നടത്തിയ ഫോണ്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു എങ്കിലും തുടര്‍ അന്വേഷണം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വെളിച്ചം കണ്ടില്ല .
ഉടമകളെ എങ്ങനെയും രക്ഷപ്പെടുത്തുവാന്‍ ഉള്ള ആളുകളെ നേരത്തെതന്നെ ചുമതലപ്പെടുത്തിയ ശേഷമാണ് ഉടമ തോമസ് ഡാനിയലും ഭാര്യ പ്രഭയും ആസൂത്രിതമായി പോലീസില്‍ കീഴടങ്ങിയത് .
മൂന്നു പെണ്‍മക്കളെ അറസ്റ്റ് ചെയ്ത പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സി ഐയെ മറ്റ് സി ഐ മാരെ സ്ഥലം മാറ്റിയ കൂട്ടത്തില്‍ സ്ഥലം മാറ്റി അന്വേഷണ രീതിയെ അട്ടിമറിച്ചു .