Trending Now

കോയിപ്രം പഞ്ചായത്ത് സ്‌റ്റേഡിയം നിര്‍മ്മാണം ആരംഭിച്ചു

 

കോയിപ്രം പഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്.
സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാവുന്ന രീതിയിലുള്ള ഉന്നത നിലവാരത്തിലുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടും നാനൂറോളം പേര്‍ക്കിരുന്നു മത്സരങ്ങള്‍ വീക്ഷിക്കുന്നതിനുള്ള പവിലിയനും ഗ്രൗണ്ടിന് ചുറ്റും അഞ്ചു ലൈന്‍ സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മാണത്തിനുള്ള പ്രൊവിഷനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രെയിനേജ് സൗകര്യം ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. അഡ്വ. ഫിലിപ്പോസ് തോമസ് പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുന്ന സമയത്താണ് പമ്പ ഇറിഗേഷന്‍ പ്രോജക്ടിന്റെ കൈയ്യില്‍ നിന്നും ഈ സ്ഥലം പഞ്ചായത്ത് വാങ്ങിയത്. തുടര്‍ന്ന് മോഹന്‍ നായര്‍ പ്രസിഡന്റ് ആയ കാലഘട്ടത്തില്‍ ഈ സ്ഥലം നിരപ്പാക്കുകയും ചെയ്തു. പിന്നീട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കാതെ അവഗണിക്കപ്പെട്ടു കിടന്ന ഈ സ്ഥലത്താണ് നിര്‍ദിഷ്ട സ്‌റ്റേഡിയം ഉയരുന്നത്.
സ്‌റ്റേഡിയം നിര്‍മാണത്തിലൂടെ കായിക പ്രതിഭകളായ വിദ്യാര്‍ത്ഥികളുടെയും കായിക പ്രേമികളായ പ്രദേശവാസികളുടെയും ഏറെക്കാലമായുള്ള ആഗ്രഹമാണ് സാക്ഷാത്ക്കരിക്കുന്നത്. സ്‌റ്റേഡിയം പൂര്‍ത്തിയാകുന്നതോടെ മികച്ച കായിക പരിശീലനത്തിനും വിവിധ തലങ്ങളിലുള്ള കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇവിടെ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു.
കെ.എസ്.എഫ്. ഇ ചെയര്‍മാന്‍ അഡ്വ.ഫിലിപ്പോസ് തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍.കൃഷ്ണകുമാര്‍, കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി കിഴക്കേടത്ത്, വൈസ് പ്രസിഡന്റ് ശ്രീലേഖ വിജയകുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ ഷിബു കുന്നപ്പുഴ, റോയ് ഈപ്പന്‍, ജോണ്‍ ചാണ്ടി, ഗോപിക്കുട്ടന്‍, അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീകല കെ.ജി, ഓവര്‍സിയര്‍ സുരേന്ദ്രന്‍ നായര്‍, സി.പി.എം പുല്ലാട് ലോക്കല്‍ സെക്രട്ടറി സി. എസ് മനോജ്, കോയിപ്രം സി.പി.എം ലോക്കല്‍ സെക്രട്ടറി ബിജു വര്‍ക്കി എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!