Trending Now

ചന്ദനപള്ളി – കോന്നി റോഡ് നവീകരിക്കാന്‍ 9.75 കോടി രൂപ അനുവദിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ചന്ദനപള്ളി – കോന്നി റോഡ് നവീകരിക്കാന്‍ 9.75 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഭാരം കൂടിയ ടിപ്പറുകളും മറ്റും ഓടി റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും ടാറിംഗ് തകര്‍ന്നിരിക്കുകയാണ്. തകര്‍ന്നു കിടക്കുന്ന റോഡ് പൂര്‍ണമായും ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കും. 12.2 കിലോമീറ്റര്‍ ദൂരമാണ് റോഡിനുള്ളത്. ബിസി ഓവര്‍ലെ ചെയ്ത് റോഡ് ഉന്നത നിലവാരത്തിലാക്കും.
പൂര്‍ണമായും തകര്‍ന്ന ഭാഗത്ത് റോഡ് പൊളിച്ച് ബിഎംആന്‍ഡ് ബിസി ടാറിംഗ് തന്നെ നടത്തും. റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗങ്ങളില്‍ ഡ്രെയിനേജ് നിര്‍മിക്കും. കോന്നി താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് ഈ റോഡിലെ പ്രധാന പ്രശ്നമാണ്. ഇത് പരിഹരിക്കാനായി ഇവിടെ പൈപ്പ് കള്‍വര്‍ട്ട് നിര്‍മിക്കും.
കോന്നി ടൗണിനു മുന്‍പായി റോഡിന്റെ വശങ്ങളില്‍ പൂട്ടുകട്ട സ്ഥാപിക്കും. ജനങ്ങള്‍ക്ക് റോഡ് സൈഡില്‍ കൂടി തടസമില്ലാതെ നടക്കുന്നതിനാണ് പൂട്ടുകട്ട പാകുന്നത്.
ശബരിമല തീര്‍ഥാടകര്‍ക്ക് ആങ്ങമൂഴി, കോന്നി വഴി അടൂരില്‍ എംസി റോഡിലേക്ക് എത്താനുള്ള പാത കൂടിയാണിത്. അടൂര്‍ ഭാഗത്തു നിന്നും മെഡിക്കല്‍ കോളജിലെത്താനുള്ള പ്രധാന പാതയും ഇതാണ്. റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു. നിര്‍മാണം സംബന്ധിച്ച് ആലോചിക്കാന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും എംഎല്‍എ പറഞ്ഞു.

error: Content is protected !!