ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വിപണി ശക്തിപ്പെടുത്തല്‍ പദ്ധതി പ്രകാരം ഓണ സമൃദ്ധി 2020-21 എന്ന പേരില്‍ ഓണം പഴം പച്ചക്കറി വിപണിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം അടൂര്‍ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ് ഈ വിപണിയെന്നു ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. കോവിഡ് കാലത്ത് പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഈ വിപണി ഏറെ പ്രയോജന ചെയ്യും. എല്ലാവരും ഈ വിപണ പരാമാവധി ഉപയോഗപ്പെടുത്തണമെന്നും എംഎല്‍എ പറഞ്ഞു. ആദ്യ വില്‍പ്പന അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു തുളസീധരകുറിപ്പ് നിര്‍വഹിച്ചു.
കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 77 വിപണികളാണു പ്രവര്‍ത്തനം നടത്തുക. ആഗസ്റ്റ് 30 വരെ ഓണം പഴം പച്ചക്കറി വിപണി സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാര്‍ ഇല്ലാതെ നേരിട്ട് വില്‍ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി വിപണി ഇടപെടല്‍ നടത്തുക എന്ന ലക്ഷ്യത്തോടും കൂടിയാണ് കാര്‍ഷിക വിപണി പ്രവര്‍ത്തിക്കുന്നത്.
നല്ല കാര്‍ഷിക മുറകള്‍ അനുവര്‍ത്തിച്ച് ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍ 20 ശതമാനം അധിക വില നല്‍കി സംഭരിക്കുകയും 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് വിപണനം നടത്തുകയും ചെയ്യുന്നു. ഇതിനു പുറമേ പച്ചക്കറി കിറ്റുകളാക്കി പ്രദേശത്തിന്റെ ആവശ്യകത അനുസരിച്ചുളള നിരക്കില്‍ പ്രത്യേകം വിപണനം നടത്തുന്നു. ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാരായ ഗീതാ തങ്കപ്പന്‍, സൂസി ജോസഫ്, എസ്.ബിനു, മറിയമ്മാ ജേക്കബ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനില മാത്യു, അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്, അഗ്മാര്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എസ് പ്രദീപ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, ജില്ലാ കാര്‍ഷിക വികസന സമിതി അംഗം എ.പി ജയന്‍, പന്തളം ഷുഗര്‍ കെയിന്‍ ഫാം കൃഷി ഓഫീസര്‍ വിമല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ദിവസവും രാവിലെ 10 മുതല്‍ ആരംഭിക്കുന്ന ജില്ലയിലെ 77 വിപണികളും ജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനില മാത്യു അഭ്യര്‍ഥിച്ചു.