അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അടൂരിലെ വീട്ടിൽ നിന്നാണ് അമ്മ രേണുകയെയും സഹോദരി സൂര്യയെയും അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
കേസുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രത്തിൽ ഇവരെ ഒഴിവാക്കിയിരുന്നു. എന്നാൽ ഗാർഹിക പീഡനം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചുള്ള രണ്ടാമത്തെ കുറ്റപത്രത്തിൽ രേണുകയെയും സൂര്യയെയും സൂരജിന്റെ അച്ഛൻ സുരേന്ദ്രനെയും പ്രതിചേർത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് നാലുതവണ രേണുകയെയും സൂര്യയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. സൂരജിന് പാമ്പിനെ നൽകിയ പാമ്പുപിടുത്തക്കാരൻ സുരേഷ്, തെളിവു നശിപ്പിക്കാൻ കൂട്ടുനിന്ന സൂരജിന്റെ പിതാവ് സുരേന്ദ്രൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.