Trending Now

പത്തനംതിട്ട ജില്ലയില്‍ ഈ വര്‍ഷം 26 മുങ്ങി മരണം: കോന്നിയില്‍ മൂന്ന്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ജലവുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 26 പേര്‍ മരിച്ചു. 2019 ല്‍ 52 മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം മരിച്ച 26 പേരില്‍ 25 പേര്‍ പുരുഷന്മാരും ഒരു സ്ത്രീയുമാണ്.
ഈ വര്‍ഷം 60 വയസിനു മുകളില്‍ പ്രായമുള്ള ഒന്‍പതു പേരാണു മരിച്ചത്. 21 നും 30 നും ഇടയില്‍ പ്രായമുള്ള എട്ടുപേരും 41 നും 50 നും ഇടയില്‍ പ്രായമുള്ള നാലു പേരും 10 നും 20നും ഇടയിലുള്ള മൂന്നു പേരും 51 നും 60നും ഇടയിലുള്ള രണ്ടു പേരും മരിച്ചു.
2019 ല്‍ 41 നും 50 നും ഇടയില്‍ പ്രായമുള്ള 11 പേരും 60 വയസിനു മുകളില്‍ പ്രായമുള്ള ഏഴുപേരും മരിച്ചു.
മദ്യപിച്ചതിനു ശേഷം ജലാശയത്തിനു സമീപത്തുകൂടെ നടന്നുപോകുമ്പോള്‍ നിലതെറ്റി വെള്ളത്തില്‍ വീഴുക, മദ്യപിച്ചും അല്ലാതെയും കൂട്ടുകാരുമായി ചേര്‍ന്ന് നീന്തുക, ഒഴുക്കുള്ള വെള്ളത്തില്‍ നീന്തുക, വഴുക്കലുള്ള വെള്ളത്തില്‍ കുളിക്കാനും, തുണി കഴുകാനും ഇറങ്ങുമ്പോള്‍ വെള്ളത്തില്‍ വീഴുക, ആത്മഹത്യാശ്രമം, അവധി ആഘോഷത്തിനായി ബന്ധുവീട്ടിലെത്തുന്ന വിദ്യാര്‍ഥികള്‍ ആഴവും, ചുഴിയും അറിയാതെ നീന്താന്‍ ഇറങ്ങുകയും അപകടത്തില്‍ പെടുകയും ചെയ്യുക, മതിയായ മുന്‍കരുതല്‍ ഇല്ലാതെ അപകടത്തില്‍പെട്ടവരെ രക്ഷിക്കാനായി ശ്രമിക്കുക, ആള്‍മറയില്ലാത്ത കിണറുകളുടെ വക്കില്‍ അശ്രദ്ധമായിരിക്കുക തുടങ്ങിയവയാണ് ജില്ലയില്‍ ജലത്തില്‍ വീണ് മരണപ്പെടാന്‍ ഇടയാക്കുന്ന കാരണങ്ങള്‍.
താലൂക്ക് തിരിച്ചുള്ള കണക്കു പ്രകാരം ഈ വര്‍ഷം കോഴഞ്ചേരിയില്‍ അഞ്ചും, അടൂരില്‍ ഏഴും, തിരുവല്ലയില്‍ ആറും, മല്ലപ്പള്ളിയിലും കോന്നിയിലും മൂന്നു വീതവും റാന്നിയില്‍ രണ്ടും മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ മദ്യപിച്ച് അപകടത്തില്‍പെട്ട ഏഴും, ആത്മഹത്യ നാലും, അശ്രദ്ധമായ നീന്തല്‍ ആറും, കുളിക്കാന്‍ ഇറങ്ങുമ്പോള്‍ കാല്‍ തെന്നി വീണുള്ള അപകടം ഒന്നും, ആള്‍മറയില്ലാത്ത കിണറില്‍ വീണുള്ള അപകടം രണ്ടും, അബദ്ധവശാല്‍ സംഭവിച്ചതും കാരണം വ്യക്തമല്ലാത്തതുമായുള്ള അപകട മരണങ്ങള്‍ ആറുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ശ്രദ്ധിച്ചില്ലെങ്കില്‍ നമുക്ക് പ്രിയപ്പെട്ട നദികള്‍ തന്നെ അപകടമുണ്ടാക്കിയേക്കാം. ഓരോ പ്രാവശ്യവും നദികളിലും ജലാശങ്ങളിലും ഇറങ്ങുമ്പോള്‍ ഓര്‍ക്കുക അപകടം നമ്മുടെ അരികില്‍ തന്നെയുണ്ട്. ഓരോ ജീവനും നമുക്ക് വിലപ്പെട്ടതാണ്. കരുതലോടെ ജീവനെ ചേര്‍ത്തു പിടിക്കാം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!