Trending Now

സ്ത്രീകള്‍ക്ക് സുരക്ഷിത താവളവുമായി തിരുവല്ലയില്‍ ഷീ ലോഡ്ജ് വരുന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം :വിവിധാവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന വനിതകള്‍ക്ക് അന്തിയുറങ്ങുന്നതിനും വിശ്രമിക്കുന്നതിനുമായി സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഷീ ലോഡ്ജ് നിര്‍മ്മാണവുമായി തിരുവല്ല നഗരസഭ. തിരുവല്ല നഗരസഭയിലെ വൈ.എം.സി.എയ്ക്ക് സമീപം നഗര ഹൃദയത്തിലാണു ഷീ ലോഡ്ജ് നിര്‍മ്മിക്കുന്നത്.
ലോഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തിരുവല്ല നഗരസഭാ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍ തറക്കല്ലിട്ടു ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് എന്നിവയ്ക്കു സമീപമാണു ഷീ ലോഡ്ജ് നിര്‍മിക്കുന്നത്.
ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 39.19 ലക്ഷം രൂപയും തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപയും നഗരസഭ ഷീ ലോഡ്ജിനു വകയിരുത്തിയിട്ടുണ്ട്.
ആദ്യഘട്ട നിര്‍മ്മാണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് തിരുവല്ല നഗരസഭാ ചെയര്‍മാന്‍ ആര്‍.ജയകുമാര്‍ പറഞ്ഞു. സ്ത്രീകളോടൊപ്പം എത്തുന്ന 12 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും ഇവിടെ താമസ സൗകര്യം ലഭിക്കും. നടത്തിപ്പ് ചുമതല കുടുംബശ്രീ യൂണിറ്റിനായിരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഏതു നാട്ടില്‍ നിന്നും എത്തുന്ന സ്ത്രീകള്‍ക്കും നിര്‍ഭയത്തോടെ താമസിക്കാന്‍ കഴിയുന്ന വിധമുള്ള എല്ലാ ക്രമീകരണങ്ങളും ഷീ ലോഡ്ജില്‍ ഉണ്ടാകും. ചുറ്റുമതിലോട് കൂടി 200 മീറ്റര്‍ സ്‌ക്വയറില്‍ നിര്‍മ്മിക്കുന്ന ഷീ ലോഡ്ജില്‍ മൂന്ന് ഡോര്‍മറ്ററി, അടുക്കള, ഊണുമുറി, നാല് ബാത്ത് റൂം, സ്റ്റെയര്‍ റൂം, ഓഫീസ് റൂം, ലോബി ഏരിയ, സിറ്റ് ഔട്ട് എന്നിവ ഉണ്ടാകും. ഒരു സമയം 30 മുതല്‍ 50 പേര്‍ക്കുവരെ താമസിക്കാന്‍ കഴിയുന്ന രീതിയിലാണു ലോഡ്ജ് നിര്‍മ്മിക്കുന്നത്.
ഷീ ലോഡ്ജ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കുടുംബശ്രീ ബഡ്ജറ്റ് ഹോട്ടല്‍കൂടി ഇതിനോട് ചേര്‍ന്ന് ആരംഭിക്കുക എന്നാണു ലക്ഷ്യമെന്നും മുന്‍സിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു