Trending Now

ഭരണഘടനയുടെ ബഹുസ്വരത കടുത്ത വെല്ലുവിളി നേരിടുന്നു: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

നമ്മുടെ ഭരണഘടനയുടെ ബഹുസ്വരത ഇന്ന് കടുത്ത വെല്ലുവിളി നേരിടുന്നതായി മത്സ്യബന്ധന, തുറമുഖ എന്‍ജിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ന് നമ്മുടെ ഭരണഘടന ഉറപ്പേകുന്ന ജനാധിപത്യ അവകാശങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്നു. ഈ ഘട്ടത്തിലാണ് രാജ്യത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനം നാം ആഘോഷിക്കുന്നത്. തീര്‍ച്ചയായും നമുക്ക് ജാഗ്രതയോടു കൂടി ഭരണഘടന സംരക്ഷിക്കാന്‍ ഉണര്‍ന്നിരിക്കേണ്ടതുണ്ട്. പൂര്‍വികര്‍ ത്യാഗത്തിലൂടെയും സഹനത്തിലൂടെയും നേടിയെടുത്ത നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കണം. സാമ്രാജ്യത്വത്തിനെതിരായ ജനങ്ങളുടെ പോരാട്ടത്തെ സംരക്ഷിച്ചു നിര്‍ത്തണം. നമ്മുടെ ചേരിചേരാനയം രാജ്യത്തിന്റെ മഹത്വം ലോകമെമ്പാടും ഉയര്‍ത്തിയിരുന്നു. രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും ഫെഡറല്‍ സംവിധാനവും ജനാധിപത്യ ജീവവായുവും സംരക്ഷിക്കാന്‍ നമുക്ക് അതീവ ജാഗ്രതയോടെ കാവല്‍ ഇരിക്കേണ്ടതുണ്ട്.
ദീര്‍ഘമായ സംവാദങ്ങള്‍, ചര്‍ച്ചകള്‍ വഴി സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി നമ്മുടെ രാഷ്ട്രം പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ അടിത്തറ, ഫെഡറല്‍ സംവിധാനം, ജനാധിപത്യ സംവിധാനം, മതനിരപേക്ഷത, ബഹുസ്വരത കാത്തുസൂക്ഷിക്കുക തുടങ്ങിയ ആണിക്കല്ലുകളാലാണ് നമ്മുടെ ഭരണഘടന എഴുതിച്ചേര്‍ക്കപ്പെട്ടത്. സമാനതകളില്ലാത്ത സഹനത്തിന്റെയും ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും നാളുകളില്‍ കൂടിയാണ് ദേശാഭിമാനികളായ പൂര്‍വികര്‍ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്. ആ സ്വാതന്ത്ര്യ ദിനത്തിന് രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നമ്മുടെ പൂര്‍വികര്‍ ഇന്ത്യ എന്തായിരിക്കണം എന്നതിന് ഭരണഘടന തയാറാക്കിയത്.
മഹാനായ കവി ടാഗോര്‍ നമ്മെ പഠിപ്പിച്ചത് എവിടെ മനസ് നിര്‍ഭയം ആയിരിക്കുന്നുവോ, എവിടെ നമ്മുടെ ശിരസ് ഉയര്‍ന്നിരിക്കുന്നുവോ, എവിടെ നമ്മുടെ അറിവ് അതിരുകളില്ലാതെ മുന്നോട്ടു പോകുന്നുവോ, അപ്പോഴാണ് രാജ്യത്തെ സംരക്ഷിക്കാന്‍ നമുക്ക് കഴിയുന്നത്. നമ്മുടെ മനസ് നിര്‍ഭയമായിരിക്കാന്‍, നമ്മുടെ ശിരസ് എപ്പോഴും ഉയര്‍ന്നിരിക്കാന്‍, നമ്മുടെ അറിവിനെ തടസമില്ലാത്തവണ്ണം മുന്നേറാന്‍, നമ്മുടെ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കാന്‍, നമുക്ക് ജാഗ്രതയോടെ ഉണര്‍ന്നിരിക്കാമെന്നും മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരി ലോകമാകെ ഗ്രസിച്ചിരിക്കുമ്പോള്‍ അതിന്റെ നടുവിലാണ് 74-ാമത് സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ സ്വാതന്ത്ര്യ ദിന പരേഡുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വളരെ പരിമിതമായ തോതില്‍ പരേഡ് ഒഴിവാക്കി പൊതുജന സാന്നിധ്യം പരമാവധി കുറച്ച് സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിക്കാന്‍ രാജ്യം നിര്‍ബന്ധിതമായെന്നും മന്ത്രി പറഞ്ഞു.
ആന്റോ ആന്റണി എംപി, വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, എഡിഎം അലക്‌സ് പി തോമസ്, അസിസ്റ്റന്‍ഡ് കളക്ടര്‍ വി. ചെല്‍സാ സിനി, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ റോസ്ലിന്‍ സന്തോഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, മുന്‍ നഗരസഭ അധ്യക്ഷന്‍ എ. സുരേഷ് കുമാര്‍, പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, കോഴഞ്ചേരി തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 74-ാമത് സ്വാതന്ത്ര്യദിനാഘോഷം

ദേശീയതയുടെ ആവേശം ഉണര്‍ത്തി ഭാരതത്തിന്റെ 74 -ാമത് സ്വാതന്ത്ര്യദിനാഘോഷം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. രാവിലെ 8.30ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.40ന് പരേഡ് കമാന്‍ഡര്‍ പന്തളം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്. ശ്രീകുമാര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.45ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണും 8.50ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. ഒന്‍പതിന് മുഖ്യാതിഥിയായ മത്സ്യബന്ധന, തുറമുഖ എന്‍ജിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. മുഖ്യാതിഥി ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്തതോടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായി. യൂണിഫോമിലുള്ള എല്ലാ ഓഫീസര്‍മാരും ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. തുടര്‍ന്ന് 9.10ന് മന്ത്രി പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു.
സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്‍ഡിന്റെ അധിക ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍.സുധാകരന്‍പിള്ളയ്ക്കായിരുന്നു. പോലീസിന്റെ ഡിഎച്ച്ക്യു, ലോക്കല്‍, വനിതാ പോലീസ് എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ പ്ലാറ്റൂണുകളും, ഫോറസ്റ്റ്, എക്‌സൈസ് എന്നീ വകുപ്പുകളുടെ ഓരോ പ്ലാറ്റൂണുകളും ഉള്‍പ്പടെ അഞ്ച് പ്ലാറ്റൂണുകളാണ് പരേഡില്‍ പങ്കെടുത്തത്. ലോക്കല്‍ പോലീസ് പ്ലാറ്റൂണിനെ പത്തനംതിട്ട എസ്‌ഐ ടി.ഡി. പ്രജീഷും, വനിതാ പ്ലാറ്റൂണിനെ എസ്‌ഐ കെ.കെ. സുജാതയും, ഡിഎച്ച്ക്യു പ്ലാറ്റൂണിനെ ആര്‍എസ്‌ഐ പി.ജെ. ഫ്രാന്‍സിസും എക്‌സൈസ് പ്ലാറ്റൂണിനെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി ഐപ് മാത്യുവും, ഫോറസ്റ്റ് പ്ലാറ്റൂണിനെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്. ജയനും നയിച്ചു.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സാജന്‍ മാത്യൂസ്, കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, ഇലന്തൂര്‍ ആരോഗ്യകേന്ദ്രം സിവില്‍ സര്‍ജന്‍ ഡോ. മായ, നഴ്‌സുമാരായ രതിഭായി, ഷീല, പാരാമെഡിക്കല്‍ സ്റ്റാഫുകളായ സി.ജി. ശശിധരന്‍, കെ. ഗോപാലന്‍, എന്‍.എസ്. ബിന്ദു, ഡി. ഗോപാല്‍, ജി. അനില്‍കുമാര്‍, എച്ച്.എ. അജയന്‍, എം.ബി. പ്രഭാവതി എന്നിവരും, കോവിഡ് രോഗമുക്തി നേടിയ ഡാനിഷ് ജോര്‍ജ്, ഷേര്‍ളി, പ്രണവ് മോഹന്‍ എന്നിവരും സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലെ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു