Trending Now

കോന്നി അട്ടച്ചാക്കല്‍ വഞ്ചിപ്പടിയിലെ വളവിലെ അപകടാവസ്ഥ ഒഴിവാക്കി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അട്ടച്ചാക്കല്‍ വഞ്ചിപ്പടിയിലെ വളവില്‍ അപകടാവസ്ഥ ഒഴിവാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. മേയ് മാസത്തില്‍ അപകടത്തില്‍പെട്ട് യുവാവ് മരിച്ചതിനെ തുടര്‍ന്ന് എംഎല്‍എ സ്ഥലം സന്ദര്‍ശിക്കുകയും, തുടര്‍ന്ന് റോഡിന് വീതി കൂട്ടി സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ച് അപകടം ഒഴിവാക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ക്ക് എംഎല്‍എ കത്തും നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ചീഫ് എന്‍ജിനീയര്‍ റോഡ് സേഫ്റ്റി ഫണ്ടില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപ അനുവദിച്ചു. വളയനാട് കണ്‍സ്ട്രക്ഷനാണ് പ്രവര്‍ത്തിയുടെ ടെന്‍ഡര്‍ ലഭിച്ചത്. സുരക്ഷ ഉറപ്പാക്കുന്നതിനായി വളവില്‍ ബേം പ്രൊട്ടക്ഷന്‍ നടത്തി വീതി കൂട്ടുകയും, ഐറിഷ് ഡ്രെയിന്‍, രണ്ട് കോണ്‍വെക്സ് മിററുകള്‍, രണ്ട് സൈന്‍ ബോര്‍ഡ്, അന്‍പത് മീറ്ററില്‍ ക്രാഷ് ബാരിയര്‍, റോഡില്‍ 140 സ്റ്റഡ് സ്ഥാപിക്കല്‍ തുടങ്ങിയവയാണ് വര്‍ക്കില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
നിരവധി അപകടങ്ങള്‍ ഉണ്ടായ ഈ പ്രദേശത്തെ വളവിന്റെ അപകടാവസ്ഥ ഒഴിവാക്കാന്‍ നടപടി വേണം എന്നത് പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ പണികള്‍ നടക്കുന്നതു വരെ വാഹനങ്ങള്‍ വേഗത കുറച്ച് പോകുന്നതിന് ബാരിക്കേഡ് ഉപയോഗിച്ച് സ്പീഡ് ബ്രേക്കര്‍ എംഎല്‍എ യുടെ നിര്‍ദേശപ്രകാരം പോലീസ് സ്ഥാപിച്ചിരുന്നു. കോന്നി – വെട്ടൂര്‍ റോഡ് ബിഎം ആന്‍ഡ് ബിസി ആക്കിയപ്പോഴുള്ള അശാസ്ത്രീയതയെല്ലാം പൊതുമരാമത്ത് വകുപ്പ് പരിശോധിക്കണമെന്നും എംഎല്‍എ നിര്‍ദേശം നല്‍കിയിരുന്നു. ടെന്‍ഡര്‍ ചെയ്തിരുന്ന പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് മിററും സ്ഥാപിച്ചു. എംഎല്‍എയുടെ സാന്നിധ്യത്തിലാണ് മിറര്‍ സ്ഥാപിച്ചത്. വളവില്‍ അപകട ഭീഷണി ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചു എങ്കിലും, ടിപ്പര്‍ ലോറികളുടെ അമിതവേഗവും, മത്സര ഓട്ടവും നിയന്ത്രിക്കാന്‍ തുടര്‍ന്നും പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.
എംഎല്‍എയോടൊപ്പം പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. റസീന, അസി.എന്‍ജിനീയര്‍ അഞ്ജു, ജിജോ മോഡി തുടങ്ങിയവരും ഉണ്ടായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!