കോന്നി വാര്‍ത്ത ഡോട്ട് കോം : വൃദ്ധജനങ്ങളുടെ ഉന്നമനത്തിനും കൂട്ടായ്മയ്ക്കും വേണ്ടി പ്രമാടം പൂവന്‍പാറയില്‍ വൃദ്ധജന വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. ഇന്നത്തെ കാലത്ത് ഓരോ വീടുകളിലെയും ആളുകള്‍ ജോലിക്കും മറ്റും പോകുമ്പോള്‍ ഒറ്റപ്പെടുന്ന ഒരു വിഭാഗം ആളുകളാണു വയോധികര്‍. ഇവരുടെ മാനസിക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉന്മേഷം നല്‍കുക എന്നതാണു കോന്നി ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രമാടം ഗ്രാമപഞ്ചായത്തിനു നല്‍കിയ 12 ലക്ഷം രൂപ ചിലവിലാണു കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. കോവിഡിന് മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്ന വൃദ്ധജന അയല്‍ക്കൂട്ടം എന്ന പരിപാടി കെട്ടിടമില്ലാത്തതിനാല്‍ അംഗന്‍വാടികളിലും മറ്റുമായിരുന്നു നടത്തി വന്നിരുന്നത്. എന്നാല്‍ വിശ്രമ കേന്ദ്രം വരുന്നതോടുകൂടി വൃദ്ധജന അയല്‍ക്കൂട്ടവും ഇവിടെ നടത്താം.
വിശേഷ ദിവസങ്ങളില്‍ വയോധികര്‍ക്ക് ഒത്തുകൂടാനും സന്തോഷം പങ്കിടാനുമുള്ള ഒരിടമായിരിക്കും വൃദ്ധജന വിശ്രമകേന്ദ്രം. കോവിഡ് കാലം കഴിഞ്ഞാല്‍ 60 വയസിനു മുകളിലുള്ളവരുടെ പ്രിയപ്പെട്ട സ്ഥലമായി ഇവിടം മാറും.
രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. സര്‍ക്കാരില്‍ നിന്നുമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സഹായങ്ങള്‍ യഥാസമയം ലഭിക്കുന്നതിനുള്ള സൗകര്യവും ഇവിടെയൊരുക്കും. ഒരു ഹാള്‍, ടോയ്‌ലറ്റ്, മേശ, കസേര, ചെറിയ വായനശാല തുടങ്ങിയ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. വയോധികരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി അനാവശ്യമായി പുറത്തിറങ്ങരുതെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണമെന്ന നിര്‍ബന്ധം പ്രമാടം ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് ഉള്ളതിനാല്‍ കെട്ടിട ഉദ്ഘാടനം ഇതുവരെ നടത്തിയിട്ടില്ല.
കെട്ടിടത്തിന്റെ അവസാന ഒരുക്കങ്ങള്‍ കൂടി തീര്‍ന്നാല്‍ വൃദ്ധജന വിശ്രമ കേന്ദ്രം ഉദ്ഘാടനം മാത്രം നിര്‍വഹിച്ച് കോവിഡ് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതോടെ ആരംഭിക്കാമെന്ന ഉദ്ദേശത്തോടെയാണ് മുന്നോട്ട് പോകുന്നത്.