Trending Now

കോവിഡ് : പോലീസുദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 പോരാട്ടത്തില്‍ പങ്കെടുത്തു നിശബ്ദമായും എന്നാല്‍ കാര്യക്ഷമമായും കര്‍ത്തവ്യനിര്‍വഹണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോവിഡ് 19 പത്തനംതിട്ട ജില്ലയില്‍ റിപ്പോര്‍ട്ടായതിനെ തുടര്‍ന്ന് ഉണര്‍ന്നുപ്രവര്‍ത്തിച്ച ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും മറ്റുമായി ചേര്‍ന്ന് സ്തുത്യര്‍ഹമായ നിലയ്ക്കാണ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കപ്പെടാന്‍ അക്ഷീണം യത്‌നിച്ചുകൊണ്ടിരിക്കുന്നതും.
പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് ബാധിതരായിട്ടും രോഗബാധയുടെ ഭീഷണി നേരിട്ടുകൊണ്ടാണ് ഡ്യൂട്ടി നിര്‍വഹിച്ചുവരുന്നത്. ഈ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് ഗുഡ് സര്‍വീസ് എന്‍ട്രി ഉത്തരവാകുന്നതെന്നും ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.

കോവിഡ് പ്രതിജ്ഞയുമായി പോലീസ്

കോവിഡ് മഹാമാരിക്കെതിരായ ബോധവല്‍ക്കരണം ഉദ്ദേശിച്ച് പ്രതിജ്ഞയുമായി പോലീസ്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും കുറഞ്ഞത് നാലു പ്രധാന ജംഗ്ഷനുകളില്‍ പോലീസിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിജ്ഞ എടുക്കുമെന്ന് ജില്ലാപോലീസ് മേധാവി കെജി സൈമണ്‍ പറഞ്ഞു.
ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി ഈ പ്രധാന ജംഗ്ഷനുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള എല്ലാ കോവിഡ് പ്രോട്ടോക്കോള്‍ നിബന്ധനകളും പാലിച്ച് അപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെവച്ചു വേണം പ്രതിജ്ഞയെടുക്കേണ്ടത്. ഇതുസംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ എസ് എച്ച് ഒ മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാപോലീസ് മേധാവി പറഞ്ഞു.
കോവിഡ് രോഗം വ്യാപിക്കുന്നത് തടയുന്നതിന് കൈക്കൊണ്ടുവരുന്ന ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കുക വഴി മഹാമാരിയെ അകറ്റിനിര്‍ത്താനും രോഗബാധിതരെയും രോഗമുക്തരായവരെയും ഒരുതരത്തിലും വിവേചനബുദ്ധ്യാ മാറ്റിനിര്‍ത്താതിരിക്കാനും ആഹ്വാനം ചെയ്യുന്നതാണ് പ്രതിജ്ഞ.
ഇത്തരത്തില്‍ രോഗബാധിതരെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനു സമൂഹത്തിനു മുഴുവന്‍ ബാധ്യതയുണ്ടെന്നും ഓര്‍മിപ്പിക്കുന്നതാകും പ്രതിജ്ഞയെന്നും തത്സമയം ആളുകള്‍ക്ക് റെക്കോര്‍ഡ് ചെയ്തു സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.
കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പുവരുത്തി വരുന്നതായും ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി. കണ്ടെയിന്‍മെന്റ് മേഖലയ്ക്കു പുറത്തുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കുന്നതായി പോലീസ് നിരീക്ഷിക്കുന്നുണ്ട്. ക്വാറന്റീന്‍ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരും. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെയും നിയമ നടപടികളെടുക്കുന്നുണ്ട്. രോഗം വ്യാപിക്കാതിരിക്കുന്നതിന് ആളുകള്‍ സ്വയം പ്രതിരോധം തീര്‍ക്കണമെന്നും ക്വാറന്റീനിലുള്ളവര്‍ പോലീസിന്റെ നിരന്തരനിരീക്ഷണത്തിലാണെന്നും ലംഘനങ്ങള്‍ കര്‍ശനമായി തടയുമെന്നും ജനങ്ങള്‍ സ്വയമേ നിയന്ത്രണങ്ങള്‍ അനുസരിക്കണമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.
ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്ക് ഇന്നലെ ജില്ലയില്‍ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 39 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയ 157 ആളുകള്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ലാപോലീസ് മേധാവി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!