Trending Now

കോവിഡ് പ്രതിരോധം, പ്രളയാശങ്ക: നടപടികളുമായിജില്ലാ പോലീസ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം, പ്രളയാശങ്ക ദൂരീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇതര വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയിലെ പോലീസ് പ്രവര്‍ത്തിച്ചു വരുന്നതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഡാമുകള്‍ നിയന്ത്രിത അളവില്‍ തുറക്കുന്നത് നദികളിലെയും മറ്റും ജലനിരപ്പുയരാനും അതുവഴി പ്രളയം ഉള്‍പ്പെടെ ദുരന്തങ്ങള്‍ ഉണ്ടാകുന്നതിനും സാധ്യത മുന്നില്‍കണ്ട് ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുള്ള നടപടികളില്‍ പോലീസും പങ്കാളിയായിട്ടുണ്ട്.
അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു. ജനമൈത്രി പോലീസ് അതതു പോലീസ് സ്റ്റേഷന്‍ പരിധികളിലെ കമ്മ്യൂണിറ്റി വോളന്റീര്‍മാരുമായി ചേര്‍ന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എല്ലാ എസ് എച്ച് ഒമാരും ശ്രദ്ധിക്കാന്‍ നിര്‍ദേശം കൊടുത്തു. 112 ഉള്‍പ്പെടെയുള്ള ഹെല്‍പ് ലൈന്‍ നമ്പറുകളിലും ജനങ്ങള്‍ക്ക് പോലീസിനെ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.
ദുരന്തനിവാരണ അതോറിറ്റി നല്‍കിയ നിര്‍ദേശങ്ങള്‍ ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നടപടികള്‍ കൈക്കൊള്ളാന്‍ കൈമാറിയിട്ടുണ്ടെന്നും ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ ജില്ലാപോലീസ് സജ്ജമാണെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

യോഗാ, ജിംനേഷ്യം സെന്ററുകള്‍ നിബന്ധനകള്‍ പാലിച്ചു പ്രവര്‍ത്തിക്കണം
കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കു പുറത്തുള്ള യോഗാ, ജിംനേഷ്യം കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി കിട്ടിയ സാഹചര്യത്തില്‍ അവ എല്ലാ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകളും പാലിക്കുന്നത് ഉറപ്പാക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ ജില്ലയിലെ എല്ലാ ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സമയാസമയം പുറപ്പെടുവിക്കുന്ന ആരോഗ്യ സംബന്ധമായ മാര്‍ഗരേഖകളും മറ്റും അനുസരിച്ചേ ഇവ പ്രവര്‍ത്തിക്കാവൂ. 65 വയസിനു മുകളില്‍ പ്രായമുള്ളവരും ഗുരുതര രോഗങ്ങളുള്ളവരും ഗര്‍ഭിണികളും 10 വയസില്‍ താഴെയുള്ളവരും ഇത്തരം ഇടങ്ങള്‍ സന്ദര്‍ശിക്കരുത്. നടത്തിപ്പുകാരും സന്ദര്‍ശകരും ജീവനക്കാരും നിബന്ധനകള്‍ നിര്‍ബന്ധമായും പാലിക്കണം. ആറ് അടി ദൂരം പാലിക്കുന്നത് ഉള്‍പ്പെടെ എല്ലാ സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങളും അനുസരിക്കണം. സ്ഥാപനവും പരിസരവും അണുവിമുക്തമാക്കുന്നുണ്ടെന്ന് ഉടമകള്‍ ഉറപ്പുവരുത്തണം.
കോവിഡ് 19 പ്രതിരോധ മുന്‍കരുതലുകള്‍ സംബന്ധിച്ച പോസ്റ്ററുകളും മറ്റും സ്ഥാപനത്തില്‍ പതിക്കേണ്ടതും ഓഡിയോ വീഡിയോ സന്ദേശങ്ങള്‍ ഇടയ്ക്കിടെ അറിയിക്കുകയും, സന്ദര്‍ശകരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യണമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

വ്യാജ ഉത്പന്നങ്ങളുടെ വിപണനം തടയും
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ബ്രാന്‍ഡഡ് ആയ ഉത്പന്നങ്ങള്‍ വ്യാജമായി നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്തു ജനങ്ങളെ കബളിപ്പിക്കുക വഴി ആരോഗ്യസുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കുന്ന സാഹചര്യം തടയാന്‍ നടപടിയെടുക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സത്വര ശ്രദ്ധയുണ്ടാവണമെന്നും, ആവശ്യഘട്ടങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായും ജില്ലാപോലീസ് മേധാവി പറഞ്ഞു.

കോവിഡ് പ്രതിജ്ഞയെടുക്കും
ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും കുറഞ്ഞത് നാല് പ്രധാന ജംഗ്ഷനുകളില്‍ ഈ മാസം 12 ന് കോവിഡ് പ്രതിജ്ഞയെടുക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ജനങ്ങളും പോലീസും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക അകലം പാലിച്ച് എവിടെയാണോ ഉള്ളത് ആ സ്ഥലത്തു വച്ച് പ്രതിജ്ഞയെടുക്കണം. പോലീസ് ഉദ്യോഗസ്ഥര്‍ പ്രധാന ജംഗ്ഷനുകളില്‍ നിന്ന് പ്രതിജ്ഞ മറ്റുള്ളവര്‍ക്ക് ചൊല്ലിക്കൊടുക്കണം. സ്ഥലം തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എല്ലാ എസ് എച്ച് ഒമാരും ചെയ്യേണ്ടതാണെന്നും, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു