കോന്നി വാര്‍ത്ത ഡോട്ട് കോം : ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ ശക്തമായ ഇരമ്പത്തെ പോലും നിഷ്പ്രഭമാക്കി വലിയ സ്‌ഫോടന ശബ്ദം ആണ് വെള്ളിയാഴ്ച പകല്‍ രണ്ടു മണിയോടെ തങ്ങള്‍ കേട്ടതെന്ന് അയ്യന്‍മല ഭാഗത്തെ നാട്ടുകാര്‍ രാജു എബ്രഹാം എംഎല്‍എയോട് പറഞ്ഞു. ഈ ശബ്ദം അയ്യന്‍മല, നാറാണം തോട്, പമ്പാവാലി നിവാസികളെല്ലാം കേട്ടു. ഇത് പറയുമ്പോഴും മാറാത്ത നടുക്കം മുഖങ്ങളില്‍ കാണാമായിരുന്നു. ശക്തമായ ഉരുള്‍പൊട്ടലില്‍ നാശംവിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കവേയാണ് നാട്ടുകാര്‍ രാജു എബ്രഹാം എംഎല്‍എയോട് തങ്ങളുടെ അനുഭവം പങ്കുവച്ചത്. ദുര്‍ഘടവും ചെങ്കുത്തായതുമായ സ്ഥലത്തൂടെ ഏറെ ആയാസപ്പെട്ടാണ് എംഎല്‍എയും സംഘവും സ്ഥലത്ത് എത്തിയത്.
തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, എസ് ഹരിദാസ്, സി എസ് സുകുമാരന്‍ എന്നിവര്‍ എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നു.
നിലയ്ക്കലിന്റെ കിഴക്കുഭാഗത്ത് ചെരുവില്‍ ആണ് അയ്യന്‍മല സ്ഥിതി ചെയ്യുന്നത്. ഉരുള്‍പൊട്ടലില്‍ ഉരുണ്ടു വന്ന 10 മുതല്‍ 20 ടണ്‍ വരെ ഭാരമുള്ള കൂറ്റന്‍ പാറകള്‍ പലഭാഗത്തും തങ്ങി നില്‍ക്കുകയാണ്. അയ്യന്‍മലയുടെ മുകള്‍ ഭാഗം പിളര്‍ന്നു കീറി നില്‍ക്കുന്ന കാഴ്ചയാണ് ഇവിടെ എത്തിയ എംഎല്‍എ അടങ്ങുന്ന സംഘം കണ്ടത്. വടത്തിന്റെ സഹായത്തോടെ കീഴ്ക്കാം തൂക്കായ മലഞ്ചെരുവിലൂടെ അതിസാഹസികമായാണ് എംഎല്‍എയും സംഘവും ഇവിടെ എത്തിയത്.
അടുത്ത ഒരു വലിയ പേമാരിയെ ഉള്‍ക്കൊള്ളാന്‍ അയ്യന്‍മലയ്ക്ക് ഒരിക്കലും കഴിയുകയില്ല. ഉരുള്‍പൊട്ടലില്‍ വീടുകളും കിണറുകളും പൂര്‍ണമായി മൂടിപ്പോയി. ഇവിടുത്തെ 15 കുടുംബങ്ങളേയും അയ്യപ്പസേവാസംഘത്തിന്റെ ഇടത്താവളത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് പ്രത്യേകമായ സ്ഥലവും ഭൂമിയും പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി അനുവദിച്ചു നല്‍കണമെന്ന് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനോടും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനോടും അഭ്യര്‍ഥിച്ചു.
മാടയ്ക്കാട്ട് എം ടി സതീഷ്, മാടക്കാട് രഘു, മാടക്കാട് സുരേഷ്, പനയ്ക്കവയലില്‍ എബ്രഹാം വര്‍ഗീസ്, കോഴിക്കൂടുകള്‍ രാജന്‍, തൈപ്പറമ്പില്‍ ഗോപി, കിടങ്ങില്‍ രാഘവന്‍, തോട്ടുപുറം സിബി ജോസഫ്, പള്ളത്ത് പി ജി റെജി, മുട്ടുച്ചിറയില്‍ കലേഷ്, കൊല്ലമല സജി, ചരിവ് കാലായില്‍ തങ്കമ്മ, പള്ളത്ത് ഗൗരിക്കുട്ടി, തുണ്ടിയില്‍ പൊടിയമ്മ, മടയ്ക്കാട്ട് ആര്യ മോള്‍ എന്നിവരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്.