മഴ ശക്തമായതോടെ പമ്പ ഡാം തുറന്നു. ആറ് ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയര്‍ത്തിയത്. അഞ്ചു മണിക്കൂറിനുള്ളില്‍ റാന്നി നഗരത്തിലേക്ക് വെള്ളമെത്തുമെന്നാണ് കരുതുന്നത്. ഡാം തുറക്കുമ്പോള്‍ത്തന്നെ 40 സെന്റിമീറ്ററാണ് പമ്പയില്‍ ജലനിരപ്പ് ഉയരുക. നിലവില്‍ 983.5 മീറ്റര്‍ ജലമാണ് ഇപ്പോള്‍ പമ്പ അണക്കെട്ടിലുള്ളത്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് അണക്കെട്ട് തുറന്നത്. നിലവില്‍ പമ്പ നദി കരയോടു ചേര്‍ന്നാണ് ഒഴുകുന്നത്. ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. അണക്കെട്ട് തുറക്കുന്നത് വഴി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. നീരൊഴുക്ക് കാര്യമായി ഉണ്ടാകില്ലെന്നാണ് വാദം. റാന്നി നഗരത്തില്‍ 19 ബോട്ടുകളും തിരുവല്ലയില്‍ ആറ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കി ഉള്‍പ്പടെ പ്രധാന ഡാമുകളില്‍ ആശങ്ക ഇല്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ നിലവില്‍ മഴ തുടരുന്നുണ്ട്. എന്നാല്‍ ക്രമാതീതമായി വെള്ളം തുറന്ന് വിടേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ വിശദീകരിച്ചു.