രാജമല ദുരന്തം: 55 പേര്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുന്നു

 

മൂന്നാറിലെ രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം 13 ആയതായി റിപോര്‍ട്ട്. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇനി 55 പേരെ കണ്ടെത്താനുണ്ടെന്ന് തഹസില്‍ദാര്‍ പറഞ്ഞു. മൂന്നാറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.

ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നുമാണ് വിവരം. മൂന്നുകിലോമീറ്റര്‍ അകലെനിന്നും മലയൊന്നാകെ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയും രണ്ട് കുട്ടികളുമാണ് മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അഗ്‌നിശമനസേനയും പോലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.എന്‍ഡിആര്‍എഫിന്റെ സംഘവും സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. തമിഴ് തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്.കനത്ത മഴയും മഞ്ഞും ഉള്ളതിനാല്‍ നിലവില്‍ എയര്‍ലിഫ്റ്റിങ് സാധ്യമല്ലാത്ത സ്ഥിതിയാണെന്നാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞത്. നിലവില്‍ പെരിയവര പാലത്തിന് നടുവില്‍ ജെസിബി ഉപയോഗിച്ച് മണ്ണിട്ട് താല്‍ക്കാലികമായി അപ്രോച്ച് റോഡ് നിര്‍മിച്ചിരിക്കുകയാണ്. ഇതുവഴിയാണ് പരിക്കേറ്റവരെ പുറത്തേക്ക് എത്തിച്ചത്. നേരത്തെ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെരിയവര താല്‍ക്കാലിക പാലം ഒലിച്ചുപോയതോടെ ഗതാഗതസംവിധാനം താറുമാറാവുകയായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു