Trending Now

ലോക്ക് ഡൗണ്‍ കാലത്തെ പോലീസ്

പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 19,129 കേസുകള്‍,
19,900 അറസ്റ്റ്; 14,323 വാഹനങ്ങള്‍ പിടിച്ചെടുത്തു

കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ക് ഡൗണ്‍ അഞ്ചു മാസം തികയുമ്പോള്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് കളംനിറഞ്ഞു നില്‍ക്കുകയാണ് പത്തനംതിട്ട ജില്ലാപോലീസ്. രോഗവ്യാപനം തടയുന്നതിന് ആവിഷ്‌കരിക്കപ്പെട്ട നിയന്ത്രണങ്ങളും നിബന്ധനകളും ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനുമൊപ്പം നടപ്പാക്കുന്നതിന് അക്ഷീണമായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
വാഹനപരിശോധന, ക്വാറന്റീന്‍ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍, സാമൂഹിക അകലം തുടങ്ങിയ ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരായ നിയമനടപടികള്‍, അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കല്‍, ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത അര്‍ഹരായ കുട്ടികള്‍ക്ക് സഹായങ്ങള്‍ എത്തിക്കല്‍, അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കല്‍, ജനമൈത്രി എസ് പി സി സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കല്‍, ലോക്ക് ഡൗണ്‍ കാലത്തെ ദൗര്‍ലഭ്യം മുതലെടുത്തു മദ്യ-ലഹരി ഉത്പന്നങ്ങള്‍ എന്നിവയുടെ അനധികൃത നിര്‍മാണം വിതരണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയല്‍, അനധികൃത പാറ പച്ചമണ്ണ്- മണല്‍ കടത്തു തടയുന്നതിന് പോലീസ് സ്റ്റേഷനുകള്‍ക്കൊപ്പം ഷാഡോ പോലീസിനെ ഫലപ്രദമായി ഉപയോഗിച്ച് നടപടി സ്വീകരിക്കല്‍, ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കച്ചവടം ചെയ്യുന്നത് തടയല്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രവര്‍ത്തനങ്ങള്‍ വിശ്രമമില്ലാതെ കാഴ്ചവച്ചു മുന്നേറുകയാണ് ജില്ലയിലെ പോലീസ്.
യോഗങ്ങള്‍ ഓണ്‍ലൈനിലാക്കിയപ്പോള്‍ സമയാസമയമുള്ള കോണ്‍ഫറന്‍സുകളും മറ്റും ഓണ്‍ലൈനില്‍ പോലീസിന്റെ ക്രൈം ഡ്രൈവ് എന്ന മൊബൈല്‍ ആപ്പിലൂടെ ജില്ലയില്‍ പോലീസിന്റെ വിവിധ മീറ്റിംഗുകള്‍ നടത്തിയതും കോടതികളുടെ പ്രവര്‍ത്തനം മുടങ്ങിയ കാരണത്താല്‍ പ്രതിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കിയതും ജില്ലാ പോലീസിന് എടുത്തുപറയത്തക്ക ലോക്ക് ഡൗണ്‍കാല നേട്ടങ്ങളില്‍ ചിലതുമാത്രം.
ഏറ്റവുമൊടുവില്‍ പുതിയ നിര്‍ദേശങ്ങളനുസരിച്ചു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാ അഡിഷണല്‍ എസ് പി യെ ചുമതലപ്പെടുത്തിയതും കോവിഡ് ബാധിതരുടെ സമ്പര്‍ക്കം ഉള്‍പ്പെടെ കണ്ടെത്താന്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ഓരോ എസ്.ഐയും പോലീസുകാരും ചേര്‍ന്ന ടീമിനെ ചുമതലപ്പെടുത്തിയതും തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കു ചുമതലപ്പെടുത്തിയതിനാല്‍ അവയൊക്കെ ഏറ്റെടുത്തു നടപ്പാക്കാന്‍ തുടങ്ങി.
കണ്ടെയ്ന്‍മെന്റ്് സോണിലെ നിരീക്ഷണം ശക്തമാക്കിയും കോവിഡ് ബാധിതരുടെയും ക്വാറന്റീനിലുള്ളവരുടെയും വീടുകള്‍ കര്‍ശന നിരീക്ഷണത്തിലാക്കിയതും 50 പേരടങ്ങുന്ന കണ്‍ട്രോള്‍ റൂം ജില്ലാ ആസ്ഥാനത്തു തുറന്നതും കണ്ടെയ്ന്‍മെന്റ് മേഖലയില്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കപെടുന്നുവെന്ന് ഉറപ്പാക്കിയതും ഏറ്റവും പുതിയ പ്രവര്‍ത്തനങ്ങളാണ്. ലോക്ക് ഡൗണ്‍ തുടങ്ങിയതു മുതല്‍ ജില്ലാപോലീസ് ആസ്ഥാനത്തു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങളും എടുത്തുപറയത്തക്കതാണ്.
ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍, ഇന്ത്യന്‍ പീനല്‍ കോഡ് തുടങ്ങിയ നിയമങ്ങളിലെ വിവിധവകുപ്പുകള്‍ ചേര്‍ത്തുള്ള കേസുകള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ജില്ലയില്‍ എടുത്തുവരുന്നു.
ലോക്ക് ഡൗണ്‍ തുടങ്ങി അഞ്ച് മാസമാകുമ്പോള്‍ ഇന്നലെ വരെ ജില്ലയില്‍ 19,129 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 19,900 പേരെ അറസ്റ്റ് ചെയ്യുകയും 14,323 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
കോവിഡ് ബാധയുടെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദേശങ്ങളും നടപ്പിലാക്കുമെന്നും ലംഘനങ്ങള്‍ക്കെതിരെ കര്‍ശനനിയമ നടപടികള്‍ തുടരുമെന്നും പോലീസുകാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും കോവിഡ് പോസിറ്റീവായ പോലീസുദ്യോഗസ്ഥരുടെ ചികിത്സ ഉള്‍പ്പെടെയുള്ള ക്ഷേമം ഉറപ്പുവരുത്തുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!