Trending Now

കോന്നി അരുവാപ്പുലം കല്ലേലി ചെളിക്കുഴിയില്‍ തുറന്ന ജയില്‍ വരുന്നു : ഉന്നതര്‍ സ്ഥലം സന്ദര്‍ശിച്ചു

ക്വാറി ഉള്‍പ്പെടെ ഉള്ള പ്രവര്‍ത്തനങ്ങള്‍ വസ്തുവിന് സമീപം അനുവദിക്കാന്‍ കഴിയില്ല

കോന്നി വാര്‍ത്ത ഡോട്ട് കോം : ബജറ്റില്‍ പ്രഖ്യാപിച്ച സെമി ഓപ്പണ്‍ ജയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കോന്നിയിലെ പ്രദേശം അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയും, ജയില്‍ ഡിഐജി പി.അജയകുമാറും സന്ദര്‍ശിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലേലി ചെളിക്കുഴി ഭാഗത്തെ 17.5 ഏക്കര്‍ സ്ഥലമാണ് ഇരുവരും സന്ദര്‍ശിച്ചത്.
കേരളത്തിലെ മൂന്നാമത്തെ തുറന്ന ജയിലാണ് കോന്നിയില്‍ അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരി, കാസര്‍ഗോഡ് ജില്ലയിലെ ചീമേനി എന്നിവിടങ്ങളിലാണ് തുറന്ന ജയിലുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥലം നല്‍കുന്നതു സംബന്ധിച്ച ഫയല്‍ ലാന്‍ഡ് ബോര്‍ഡ് കമ്മീഷണറേറ്റില്‍ നിന്നും ഗവണ്‍മെന്റില്‍ എത്തിയിട്ടുണ്ട്. സ്ഥലം സംബന്ധിച്ച് തീരുമാനമായാല്‍ ഉടന്‍ തന്നെ ജയിലിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് ഡിഐജി പറഞ്ഞു.

ബാരക്കിന്റെ നിര്‍മാണം വസ്തു കൈമാറി ഉടന്‍ തന്നെ നടത്താന്‍ കഴിയുമെന്നും ഡിഐജി പറഞ്ഞു. തടവുകാര്‍ക്ക് ജൈവ കൃഷി, ഫുഡ് പ്രൊസസിംഗ് യൂണിറ്റ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തികളാണ് ഇവിടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഉല്‍പന്നങ്ങള്‍ പ്രാദേശികമായും, പത്തനംതിട്ട ജില്ലയിലും വിറ്റഴിക്കും. ക്വാറി ഉള്‍പ്പെടെ ഉള്ള പ്രവര്‍ത്തനങ്ങള്‍ വസ്തുവിന് സമീപം അനുവദിക്കാന്‍ കഴിയില്ല എന്നും ഡിഐജി പറഞ്ഞു.
വസ്തു കൈമാറുന്നതു സംബന്ധിച്ച ഫയല്‍ വേഗത്തിലാക്കാന്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു. ജയില്‍ വകുപ്പുമായി ആലോചിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും എംഎല്‍എ പറഞ്ഞു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കോന്നി വിജയകുമാറും ഒപ്പമുണ്ടായിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!