കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ ഡിജിറ്റൽ ക്ലാസുകളുടെ പ്ലസ്ടു, അംഗനവാടി ക്ലാസുകളുടെ സംപ്രേഷണ സമയത്തിൽ തിങ്കൾ (ആഗസ്റ്റ് 3) മുതൽ മാറ്റമുണ്ടായിരിക്കും. ഇതനുസരിച്ച് നേരത്തെ രാവിലെ 08.30 മുതൽ 10.30 വരെ സംപ്രേഷണം ചെയ്തിരുന്ന പ്ലസ് ടു ക്ലാസുകൾ ഇനി രാവിലെ 8 മണി മുതൽ 10 മണി വരെ ആയിരിക്കും. അംഗനവാടി കുട്ടികൾക്ക് വനിതാശിശു വികസന വകുപ്പും കൈറ്റും ചേർന്ന് നിർമിക്കുന്ന ‘കിളിക്കൊഞ്ചൽ’ ക്ലാസുകൾ തിങ്കളാഴ്ച മുതൽ രാവിലെ 10 മണിയ്ക്ക് ആയിരിക്കും. നേരത്തെ ഇത് എട്ടു മണിയ്ക്കായിരുന്നു.
കൊച്ചു കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ സമയ പുനഃക്രമീകരണത്തിനുള്ള പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് മാറ്റം വരുത്തിയതെന്നും ഇതല്ലാതെയുള്ള മറ്റു ക്ലാസുകളുടേയും നിത്യേനയുള്ള പുനഃസംപ്രേഷണങ്ങളുടെയും സമയത്തിൽ നിലവിൽ മാറ്റങ്ങളില്ലെന്നും കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. എന്നാൽ യോഗ, ഡ്രിൽ, മോട്ടിവേഷൻ തുടങ്ങിയ പൊതു ക്ളാസുകൾ സംപ്രേഷണം ചെയ്യുന്ന മുറയ്ക്ക് തുടർന്നും ഈ സമയക്രമങ്ങളിൽ ചെറിയ മാറ്റങ്ങൾ വരാം.