മെഡിക്കല്‍ കോളജ് ഓഗസ്റ്റ് മാസത്തില്‍ തന്നെ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും : എംഎല്‍എ
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജിലെ നിര്‍മാണം പൂര്‍ത്തീകരിച്ച ഭാഗങ്ങള്‍ ശുചീകരിച്ച് ഉപയോഗ യോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രദേശവാസികളാണ് ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ശുചീകരിക്കുന്നതിന് മോപ്പിംഗ് മെഷീനും ഉപയോഗിക്കുന്നുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു വിലയിരുത്തി
പെയിന്റിംഗ് ജോലിയും പൂര്‍ത്തിയായി വരുന്നു. ഗ്രൗണ്ട് ഫ്‌ളോറിലെ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകാനുളളത്. ബുധനാഴ്ചയോടു കൂടി അതും പൂര്‍ത്തിയാകും.
ഗ്രൗണ്ട് ഫ്‌ളോറില്‍ കൈവരികളുടെ നിര്‍മാണവും നടക്കുന്നു. ഒ.പി. പ്രവേശന കവാടത്തിലെ കൈവരി നിര്‍മ്മാണമാണ് നടക്കുന്നത്.ഏ.സി. പ്ലാന്റ്, ഡി.ജി.സെറ്റ്, എച്ച്.റ്റി.ലൈന്‍ എന്നിവയുടെ നിര്‍മാണവും അവസാന ഘട്ടത്തിലെത്തി. ഇവയുടെ കമ്മീഷനിംഗ് ഉടന്‍ തന്നെ നടക്കുമെന്നും കൂടാതെ ഒന്നാം ഘട്ടത്തില്‍ അവശേഷിക്കുന്ന രണ്ടു ലിഫ്റ്റുകള്‍ ഏറ്റവും അടുത്ത ദിവസം കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.
ഒപി ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാകുന്നതായി എംഎല്‍എ പറഞ്ഞു. ആശുപത്രിയിലേക്ക് വേണ്ട ഫര്‍ണിച്ചറുകളും, ഉപകരണങ്ങളും വാങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുകയാണ്. മെഡിക്കല്‍ കോളജ് ഓഗസ്റ്റ് മാസത്തില്‍ തന്നെ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും എംഎല്‍എ പറഞ്ഞു.