കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളും നഗരസഭകളും ചേര്‍ന്ന് നടത്തുന്നത് അല്ലാത്ത എല്ലാ മരുന്ന് വിതരണവും അനധികൃതം ആണെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) ഡോ.ഡി. ബിജുകുമാര്‍ അറിയിച്ചു.
ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നായ ആഴ്‌സ്നിക് ആല്‍ബ് വാങ്ങുന്നതിന് വലിയ തോതില്‍ തിരക്ക് അനുഭവപ്പെട്ടതോടെ പല തരത്തിലുള്ള വ്യാജ മരുന്ന് വിതരണം നടക്കുന്നതായി ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടു. സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലൂടെയും അതത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മുഖേനയും ഹോമിയോപ്പതി വകുപ്പ് സ്ട്രിപ്പ് ഗുളിക മാത്രമാണ് ഔദ്യോഗികമായി വിതരണം ചെയ്യുന്നത്. ഒരു ഗുളിക വീതം രാവിലെ മാത്രം തുടര്‍ച്ചയായി മൂന്നു ദിവസം എന്നതാണ് ഡോസ്.
സ്വകാര്യ ഡോക്ടര്‍മാരും മെഡിക്കല്‍ സ്റ്റോറുകളും അവരുടെ സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്ക് സാധാരണ ഹോമിയോ ഗുളികയില്‍ ഈ മരുന്ന് നല്‍കുന്നുണ്ട്. നാലു ഗുളിക വീതം രാവിലെ മൂന്നു ദിവസം എന്നതാണ് അതിന്റെ ഡോസ്. ഇതില്‍ നിന്നും വ്യത്യസ്തമായി കുപ്പിയില്‍ ഗുളിക രൂപത്തില്‍ ചില സംഘടനകള്‍ വീടുകളിലും വ്യാപാര ശാലകളിലും വ്യാപകമായി മരുന്ന് കൊടുക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തിലുള്ള മരുന്ന് വിതരണത്തിന് യാതൊരു അനുമതിയും ഇല്ല. ഇങ്ങനെ വ്യാപകമായി വിതരണം ചെയ്യുന്ന മരുന്നുകള്‍ ചിലപ്പോള്‍ അപകടകരമാകാം.
വ്യാജ മരുന്നുകള്‍ ജനങ്ങള്‍ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുകയും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പഞ്ചായത്തിനെയോ ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസറെയോ അറിയിക്കണം. ചില ഹോമിയോപ്പതി മെഡിക്കല്‍ സ്റ്റോറുകള്‍ ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നിന് അമിതമായ വില ഈടാക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അമിത വില വാങ്ങുന്നതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട വിവരം 9072615303 എന്ന നമ്പറില്‍ ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കാം