Trending Now

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്രവപരിശോധന നടത്തി

Spread the love

 132 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ മൂന്നു പേര്‍ക്ക് രോഗബാധ കണ്ടെത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 പരിശോധനയില്‍ രോഗബാധ കണ്ടെത്തിയവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും സ്രവപരിശോധന നടത്തിയതായും, പോസിറ്റീവായവര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യം ഒരുക്കിയെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
എറണാകുളം കേരള പോലീസ് ഹൗസിംഗ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ എ ആര്‍ ക്യാമ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആന്റിബോഡി ടെസ്റ്റ് നടത്തി. ക്യാമ്പില്‍ 132 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ മൂന്നു പേര്‍ക്ക് രോഗബാധ കണ്ടെത്തി. ഇവര്‍ക്ക് ചികിത്സാസൗകര്യം ഏര്‍പ്പെടുത്തി. പത്തനംതിട്ട സി ബ്രാഞ്ച് ഡ്രൈവര്‍ക്ക് രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്കാണ് ഇന്ന്(ജൂലൈ 30) ജില്ലാപോലീസ് ആസ്ഥാനത്ത് സ്രവപരിശോധന നടത്തിയത്. ഇതില്‍ ആരും പോസിറ്റീവായിട്ടില്ല. ഡിവൈഎസ്പി ഉള്‍പ്പെടെ സി ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്നലെ തന്നെ ക്വാറന്റീനില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഓഫീസ് താത്കാലികമായി അടച്ചു. ഡിവൈഎസ്പിയുടെ ചുമതല നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാറിന് നല്‍കിയതായും ജില്ലാപോലീസ് മേധാവി പറഞ്ഞു.
ഓഫീസും പരിസരവും അണുവിമുക്തമാക്കി. പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്നവര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പോസിറ്റീവായവര്‍ക്ക് എല്ലാ സൗകര്യങ്ങളുമുള്ള ചികിത്സാ സംവിധാനം ഒരുക്കിയെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റു ജീവനക്കാര്‍ക്കും സ്രവപരിശോധന നടത്തിയതായും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.
പോലീസ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സുരക്ഷ ഉറപ്പാക്കുമെന്നും ജില്ലാപോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന വിഭാഗമെന്ന നിലയ്ക്ക്, രോഗബാധയുടെ വന്‍ഭീഷണി നേരിട്ടാണ് പോലീസ് ഡ്യൂട്ടി ചെയ്യുന്നത്. അതിനാല്‍ തന്നെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പോലീസ് ഉദ്യോഗസ്ഥര്‍ പാലിക്കണമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!