Trending Now

പത്തനംതിട്ടയില്‍ കോവിഡ് റാപ്പിഡ് ടെസ്റ്റിംഗ് വാഹനങ്ങള്‍ മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു



ജില്ലയില്‍ കോവിഡ് പരിശോധനയ്ക്കായി വാഹനങ്ങള്‍ സംഭാവന ചെയ്തത് മാതൃകാപരം: മന്ത്രി കെ. രാജു

കോന്നി വാര്‍ത്ത ഡോട്ട് കോം :കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി അഞ്ചു വാഹനങ്ങള്‍ സംഭാവന ചെയ്തത് മാതൃകാപരമെന്ന് ജില്ലയുടെ ചുമതലയുള്ള വനം – വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ കോവിഡ് റാപ്പിഡ് പരിശോധകള്‍ക്കായി സംഭാവനയായി ലഭിച്ച അഞ്ചു വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ പരിശോധന കൂടുതല്‍ നടത്തിയെങ്കില്‍ മാത്രമേ ഗുണമുണ്ടാകുകയുള്ളൂ. സംസ്ഥാനത്തുതന്നെ രോഗം പൊട്ടിപ്പുറപ്പെട്ടത് പത്തനംതിട്ട ജില്ലയിലാണ്. എങ്കിലും മികച്ച രീതിയിലാണ് ജില്ലയുടെ പ്രവര്‍ത്തനം. ഈ അഞ്ചു വാഹനങ്ങളുടെ സഹായത്തോടെ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥലങ്ങളില്‍ നിന്നും ഗതാഗത മാര്‍ഗം ലഭ്യമല്ലാത്ത സ്ഥലങ്ങളിലും സ്രവം പരിശോധനക്കായി ശേഖരിക്കാന്‍ സാധിക്കും. എല്ലാ താലൂക്കുകളിലും ഒരു വാഹനം എന്ന രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും വാഹനം സംഭാവന ചെയ്തത് മാതൃകാപരമാണെന്നും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും മന്ത്രി കെ. രാജു പറഞ്ഞു.
സ്രവ പരിശോധനാ ഫലം താമസിക്കുന്ന സാഹചര്യം മനസിലാക്കി ഓരോ താലൂക്കുകളിലേക്കും ഓരോ വാഹനമെന്ന രീതിയില്‍ ക്രമീകരിക്കണമെന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങള്‍ സംഭാവന ചെയ്യണമെന്ന് അഭ്യര്‍ഥിച്ചതെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. അഭ്യര്‍ഥന മാനിച്ച് വാഹനങ്ങള്‍ സംഭാവന ചെയ്തവര്‍ക്ക് എം.എല്‍.എമാരായ മാത്യു ടി.തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ.യു ജനീഷ് കുമാര്‍, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ഡി.എം.ഒ (ആരോഗ്യം) ഡോ. എ എല്‍ ഷീജ തുടങ്ങിയവര്‍ നന്ദി അറിയിച്ചു. എഡിഎം അലക്‌സ് പി തോമസ്, വാഹനങ്ങള്‍ സംഭാവന ചെയ്ത കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ്സ് ഡെവലപ്പ്മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായി), മുത്തൂറ്റ് ഗ്രൂപ്പ്, പന്തളം നമ്മുടെ നാട് ചാരിറ്റബിള്‍ സൊസൈറ്റി, ടീം വീ കെയര്‍ എന്നിവയുടെ പ്രതിനിധികളും കോന്നിയില്‍ നിന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തിയും പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!