കോന്നി ഗവ.മെഡിക്കല്‍ കോളേജ് ഒ.പി ആഗസ്റ്റ് ആദ്യവാരം :
കോന്നി ഗവ.മെഡിക്കല്‍ കോളേജ് ഒ.പി ക്രമീകരണം:ഒ.പി.വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്കായി പ്രത്യേകം മുറികള്‍ തയ്യാറാക്കി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളേജിലെ ഒ.പി വിഭാഗത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഒ.പി.വിഭാഗം, രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ഫാര്‍മസി, കഫറ്റേരിയ തുടങ്ങിയവയ്ക്കായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളാണ് പരിശോധിച്ചത്.
ഇവിടങ്ങളിലേക്കുള്ള ഫര്‍ണിച്ചറുകളും അനുബന്ധ സാധനങ്ങളും ഉടന്‍ എത്തിച്ചേരും. ഇവ ക്രമീകരിക്കുന്നതു സംബന്ധിച്ചാണ് പരിശോധന നടത്തിയത്.
ഒ.പി. രജിസ്‌ട്രേഷന്‍ കൗണ്ടറിനു മുന്‍പില്‍ രോഗികള്‍ക്കും മറ്റുള്ളവര്‍ക്കുമായി വെയ്റ്റിംഗ് ഏരിയായില്‍ കസേരകള്‍ ക്രമീകരിക്കും. രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ ടോക്കണ്‍ നമ്പരോടുകൂടി ഒ.പി.യ്ക്ക് മുന്‍പില്‍ എത്താം. അവിടെയും കാത്തിരിക്കാനുള്ള കസേരകള്‍ ക്രമീകരിക്കുന്നുണ്ട്.
ഒ.പി.വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്കായി പ്രത്യേകം മുറികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ ഡോക്ടര്‍ക്കും നേഴ്‌സിനും രോഗിക്കും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും.
കഫറ്റീരിയയില്‍ വരുത്തേണ്ട ക്രമീകരണങ്ങളും പരിശോധിച്ചു. ഒന്നാം നിലയിലാണ് വിശാലമായ കഫറ്റീരിയ ക്രമീകരിച്ചിരിക്കുന്നത്. കഫറ്റീരിയയോടനുബന്ധിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി വാഷ്, ടോയ്‌ലറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഫറ്റീരിയയില്‍ ജീവനക്കാര്‍ക്കും രോഗികള്‍ക്കും പ്രത്യേക വിഭാഗങ്ങള്‍ വേര്‍തിരിക്കാനും തീരുമാനമായി.
ഒ.പി രജിസ്‌ട്രേഷന്‍ കൗണ്ടറിനെതിര്‍വശത്തായി ഫാര്‍മസി പ്രവര്‍ത്തിക്കും. 75 ലക്ഷം രൂപയുടെ മരുന്നാണ് ഫാര്‍മസിയിലേക്ക് ആദ്യം എത്തിക്കുക. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ് ഇതു വാങ്ങി എത്തിക്കുക. മരുന്നുകള്‍ സൂക്ഷിക്കുന്നതിന് സ്റ്റോറില്‍ ഫ്രിഡ്ജും ഫ്രീസറും റാക്കും ഉള്‍പ്പടെയുള്ള ക്രമീകരണങ്ങളും ഉടന്‍ ഏര്‍പ്പെടുത്തും.
ഒ പി വിഭാഗം ഉടന്‍ തന്നെ സജ്ജമാക്കാന്‍ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു. ഐ.പി ആരംഭിക്കുന്നതിന്നുള്ള ക്രമീകരണങ്ങളും ദ്രുതഗതിയില്‍ നടക്കുകയാണ്. പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടറും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്ത് ഉടന്‍ തന്നെ അടുത്ത യോഗം ചേരുമെന്നും എം.എല്‍.എ പറഞ്ഞു.
എം.എല്‍.എയോടൊപ്പം പ്രിന്‍സിപ്പല്‍ ഡോ: സി.എസ്.വിക്രമന്‍, എച്ച്.എല്‍.എല്‍ പ്രൊജക്ട് മാനേജര്‍ രതീഷ് കുമാര്‍, നാഗാര്‍ജ്ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജര്‍മാര്‍, എഞ്ചിനിയര്‍മാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.