കോന്നി വാര്‍ത്ത ഡോട്ട് കോം : രണ്ടു ദിവസത്തിനകം പമ്പ ത്രിവേണിയിലെ മണല്‍, മാലിന്യം നീക്കം ചെയ്യല്‍ പൂര്‍ത്തിയാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പമ്പാ ത്രിവേണിയില്‍ അടിഞ്ഞു കൂടിയിട്ടുള്ള മണല്‍, മാലിന്യം നീക്കം ചെയ്യുന്നതിനുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ പമ്പയില്‍ സന്ദര്‍ശനം നടത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.
73,000 ക്യുബിക് മീറ്റര്‍ മണല്‍, മാലിന്യങ്ങളാണ് ഇതുവരെ നീക്കം ചെയ്തത്. 2,000 ക്യുബിക് മീറ്റര്‍ കൂടി മാറ്റിയാല്‍ പണി പൂര്‍ത്തിയാകും. 1,28,000 മീറ്റര്‍ ക്യൂബ് മണല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനാണ് തിരുവല്ല സബ് കളക്ടര്‍ അടങ്ങിയ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, അത്രയും മണല്‍ എടുത്തു മാറ്റേണ്ടതില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 75,000 ക്യുബിക് മീറ്റില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
പമ്പ- ത്രിവേണിയിലെ 2.2 കിലോമീറ്റര്‍ വൃത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് കുളിക്കാനുള്ള സ്‌നാന സ്ഥലവും വൃത്തിയാക്കിയിട്ടുണ്ട്. ഇനിയൊരു വെള്ളപ്പൊക്കമുണ്ടായാല്‍ അതിന്റെ ആഘാതം കുറയ്ക്കുന്നതിന് ഈ പ്രവര്‍ത്തനം സഹായിക്കും. പമ്പ- ത്രിവേണിയിലെ മാലിന്യം നീക്കലിനു പുറമേ പമ്പ ഉള്‍പ്പടെയുള്ള മൂന്ന് പ്രധാന നദികളിലെ 44 കടവുകളില്‍ നിന്ന് മാലിന്യം നീക്കുന്നതിനുള്ള പ്രവര്‍ത്തനവും അവസാന ഘട്ടത്തിലാണെന്ന് കളക്ടര്‍ പറഞ്ഞു.
പമ്പയില്‍ 2018ലെ പ്രളയത്തിനു ശേഷം പമ്പ ത്രിവേണി മുതല്‍ രണ്ടു കിലോമീറ്ററില്‍ അധികം സ്ഥലത്ത് അടിഞ്ഞു കൂടിയിരിക്കുന്ന മണല്‍, മാലിന്യങ്ങള്‍ വെള്ളപ്പൊക്കം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമം 2005 സെക്ഷന്‍ 34 ഡി പ്രകാരം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ അധികാരം ഉപയോഗിച്ചാണ് കളക്ടര്‍ മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചത്. എസ്.ഡി.ആര്‍.എഫ് ഫണ്ട് ഉപയോഗിച്ച് മാറ്റുന്ന മണല്‍, മാലിന്യങ്ങള്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വനം വകുപ്പിന്റെ സ്ഥലത്തു തന്നെയാണ് നിക്ഷേപിക്കുന്നതും.
തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍, റാന്നി തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.