Trending Now

ഡോക്ടര്‍ മറുപടി നല്‍കുന്നു

ഡോക്ടര്‍ മറുപടി നല്‍കുന്നു
———————————————–
ജൂലൈ 28 : ലോക ഹെപ്പറ്റൈറ്റിസ് ദിനം (ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കം, കരളിന്‍റെ നീർക്കെട്ട്, മഞ്ഞപ്പിത്തം) ഈ രോഗത്തേകുറിച്ചു സംശയം ഉള്ളവര്‍ക്ക് വിദക്ത ഡോക്ടര്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ “മറുപടി നല്‍കുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : ജൂലൈ 28 ന് ലോകാരോഗ്യ സംഘടന ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കം, കരളിന്റെ നീർക്കെട്ട്, മഞ്ഞപ്പിത്തം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ രോഗത്തെക്കുറിച്ച് ഡോക്ടർ മുഹമ്മദ് . കെ (എംഡി,ഡിഎം, എച്ച്ഒഡി & സീനിയർ കൺസൾട്ടന്റ്, ഗ്യാസ്‌ട്രോ എന്ററോളജി, മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്) ” കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ” മറുപടി നല്‍കുന്നു . ഈ രോഗത്തേകുറിച്ച് ഉള്ള സംശയങ്ങള്‍ ഇപ്പോള്‍ മുതല്‍ അയക്കാം
ഇമെയില്‍ : [email protected]

[email protected]( മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്)
8281888276 (വാട്സ് ആപ്പ് കോന്നി വാര്‍ത്ത  )


ഹെപ്പറ്റൈറ്റിസിനെ അറിയാം – ഡോക്ടർ മുഹമ്മദ്ദ് കെ (എംഡി,ഡിഎം, എച്ച്ഒഡി & സീനിയർ കൺസൾട്ടന്റ്, ഗ്യാസ്‌ട്രോ എന്ററോളജി, മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്)

എല്ലാ വർഷവും ജൂലൈ 28 ന് ലോകാരോഗ്യ സംഘടന  ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കം, കരളിന്റെ നീർക്കെട്ട്, മഞ്ഞപ്പിത്തം എന്നി പേരുകളിൽ അറിയപ്പെടുന്ന ഈ രോഗത്തെക്കുറിച്ച്  ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാനലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം 325 ദശലക്ഷം ആളുകൾ   ഹെപ്പറ്റൈറ്റിസ്  രോഗബാധിതരാവുകയും 1.34  ദശലക്ഷം പേർ മരണപ്പെടുകയും ചെയ്യുന്നു.

വൈറൽ  ഹെപ്പറ്റൈറ്റിസ് എന്ന ഈ രോഗം അഞ്ചു തരം വൈറസുകളാൽ  ഉണ്ടാകുന്നതാണ്. ഇതിൽ ഹെപ്പറ്റൈറ്റിസ് ബി യും സി യുമാണ് മാരകമായത്. ഹെപ്പറ്റൈറ്റിസ് ബി രക്തത്തിലൂടെയും ശരീരശ്രവങ്ങളിലൂടെയും പകരുന്ന സാംക്രമിക രോഗമാണ്. ഉഷ്ണമേഖല പ്രദേശങ്ങളിലും വികസ്വര രാജ്യങ്ങളിലും ഈ രോഗത്തിന്റെ നിരക്ക് വളരെ കൂടുതലാണ്.  അണുവിമുക്തമാക്കാത്ത സിറിഞ്ച്, ശസ്ത്രക്രിയ ഉപകരണങ്ങളുടെ ഉപയോഗം, രക്തദാനം, രോഗമുള്ളവരുമായി ലൈംഗിക ബന്ധം പുലർത്തൽ, പച്ച കുത്തൽ, മയക്കുമരുന്ന് കുത്തിവയ്ക്കൽ, രോഗബാധിതയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ പലവിധത്തിൽ രോഗവ്യാപനം ഉണ്ടാകാം. എന്നാൽ, വായുവിലൂടെയോ ജലപാനീയങ്ങളിലൂടെയോ സാധാരണ സമ്പർക്കത്തിലൂടെയോ ഈ രോഗം പടരുന്നതല്ല.

ഹെപ്പറ്റൈറ്റിസ് ബി യുടെ രോഗകാഠിന്യം അണുബാധ ഉണ്ടാകുന്ന സമയത്തെ രോഗിയുടെ പ്രതിരോധ ശക്തിയേയും പ്രായത്തേയും ആശ്രയിച്ചിരിക്കും. ഇതിൽ 10 ശതമാനം രോഗികൾക്കും ക്ഷീണം, സന്ധിവേദന, ഇടവിട്ടുള്ള പനി, ഛർദ്ദി, തലകറക്കം, വയറുവേദന, ശരീരത്തിനും മൂത്രത്തിനും മഞ്ഞ നിറം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുന്നു. ഈ രോഗാവസ്ഥയെ ഹൃസ്വകാല ഹെപ്പറ്റൈറ്റിസ് അഥവാ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് എന്നാണ് പറയുന്നത്. സാധാരണ നിലയിൽ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ഏകദേശം ആറു മാസത്തിനുള്ളിൽ പൂർണ്ണമായി സുഖപ്പെടുന്നു.  ബാക്കി 90 ശതമാനം രോഗികളിലും  മെഡിക്കൽ ചെക്കപ്പിനിടയിലോ  വിദേശരാജ്യങ്ങളിൽ പോകുന്നതിനു വേണ്ടി രക്ത പരിശോധന നടത്തുമ്പോഴോ ആണ് രോഗം സ്ഥിരീകരിക്കുന്നത്. ഈ അവസ്ഥയെ ദീർഘകാല ഹെപ്പറ്റൈറ്റിസ് അഥവാ ക്രോണിക്  ഹെപ്പറ്റൈറ്റിസ്  എന്ന് പറയുന്നു. ഈ രോഗികളിലാണ് ലിവർ സിറോസിസ്, ലിവർ ക്യാൻസർ  എന്നിവ കാണപ്പെടുന്നത്. ഹെപ്പറ്റൈറ്റിസ് ബി വൈറസ് HBsAg / HBV DNA എന്നീ രക്ത പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് ബി യ്ക്ക് പ്രതിരോധ വാക്‌സിൻ ലഭ്യമാണ്. ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി ഓറൽ  ആന്റിവൈറൽ മരുന്ന് കൊണ്ട് നിയന്ത്രണ വിധേയമാക്കാവുന്നതാണ്. എന്നാൽ പൂർണ്ണമായി സുഖപ്പെടുത്താനോ   HBsAg പോസിറ്റീവ്  അല്ലാതാക്കാനോ നിലവിൽ ചികിത്സ ലഭ്യമല്ല.

രക്തത്തിലൂടെയും ശരീര ശ്രവങ്ങളിലൂടെയും തന്നെയാണ്  ഹെപ്പറ്റൈറ്റിസ് സി യും പകരുന്നത്. ഇന്ത്യയിൽ 2 – 3 ശതമാനം ജനങ്ങളിൽ ക്രോണിക് ഹെപ്പറ്റൈറ്റിസ് കണ്ടു വരുന്നു. ഇടയ്ക്കിടെ  രക്തം സ്വീകരിക്കുന്നവരിലും, ഡയാലിസിസ് രോഗികളിലുമാണ് ഈ രോഗം കൂടുതൽ കാണപ്പെടുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച്  ഏകദേശം 15 മുതൽ 20 വർഷത്തിന് ശേഷമാണ് ലിവർ സിറോസിസും  ലിവർ ക്യാൻസറും ബാധിക്കാൻ സാധ്യതയുള്ളത്. സാധാരണയായി ഹെപ്പറ്റൈറ്റിസ് സി യാതൊരു ബാഹ്യ രോഗലക്ഷണങ്ങളും കാണിക്കാറില്ല. ആന്റി HCV, HCV RNA PCR  എന്നീ രക്ത പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം. വൈറസിന്റെ കൂടെക്കൂടെയുള്ള ജനിതക മാറ്റം കാരണം ഹെപ്പറ്റൈറ്റിസ് സി യ്ക്ക്  പ്രതിരോധ കുത്തിവെപ്പ് ഇതുവരെ ലഭ്യമല്ല. ഓറൽ ആന്റി  വൈറൽ  ഗുളികകളിലൂടെ  HCV സുഖപ്പെടുത്താവുന്നതാണ്.

ഹെപ്പറ്റൈറ്റിസ് എ, ഇ എന്നീ രണ്ടു വൈറസ് രോഗങ്ങളും രോഗിയുടെ മലം വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നത് വഴിയാണ് വ്യാപനം  ഉണ്ടാകുന്നത്. ചെറിയ പനി, സന്ധി വേദന, ഓക്കാനം, ഛർദ്ദി, വയർവേദന, കണ്ണിനും ശരീരത്തിനും മൂത്രത്തിനും മഞ്ഞ നിറം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ഇതിന്റെ രോഗലക്ഷണങ്ങൾ. ഈ രണ്ടു വൈറസുകളും ദീർഘകാല മഞ്ഞപ്പിത്തം ഉണ്ടാക്കാറില്ല. രക്ത പരിശോധനയിലൂടെ രോഗം കണ്ടുപിടിക്കാവുന്നതാണ്. രോഗത്തിന് പ്രത്യേകമായ ചികിത്സ ആവശ്യമില്ല. കൃത്യമായ പരിചരണവും വിശ്രമവും കൊണ്ട് രോഗത്തെ ഭേദപ്പെടുത്താം. വളരെ അപൂർവ്വമായി ഗുരുതരമായ  കരൾ രോഗത്തിലേയ്ക്ക് ഇത് എത്താറുണ്ട്. ഹെപ്പറ്റൈറ്റിസ് എ യ്ക്ക് പ്രതിരോധ വാക്സിൻ ലഭ്യമാണ്. ശരിയായ പരിസരശുചിത്വവും, ശുദ്ധജലവും, ഭക്ഷണവും, വ്യക്തിശുചിത്വവുമെല്ലാം ഈ രണ്ട് വൈറസുകളെയും പ്രതിരോധിക്കാൻ സഹായകമാകുന്നു.

ഹെപ്പറ്റൈറ്റിസ് ബി യുടെ കൂടെ കാണുന്ന വൈറസ്‌ ആണ് ഹെപ്പറ്റൈറ്റിസ് ഡി. ഇതിന്റെ വ്യാപനം ബി വൈറസ്‌ പോലെത്തന്നെയാണ്. ഇതും രക്ത പരിശോധനയിലൂടെ  കണ്ടുപിടിക്കാവുന്നതാണ്.

തുടക്കത്തിലേതന്നെ രോഗനിർണ്ണയം നടത്തി ചികിത്സിച്ചാൽ ഗുരുതരമായ ഭവിഷ്യത്തുകൾ ഒഴിവാക്കാവുന്ന സാധാരണമായ ഒരു ആരോഗ്യപ്രശ്നമാണ് ഹെപ്പറ്റൈറ്റിസ് അഥവാ കരൾവീക്കം. ശരിയായ ബോധവത്കരണ പ്രവർത്തനങ്ങൾക്കും രോഗപ്രതിരോധത്തിനും കൂടുതൽ ഊന്നൽ കൊടുത്തതുകൊണ്ട് 2030 ഓടെ ഹെപ്പറ്റൈറ്റിസിനെ ലോകത്തുനിന്നും തുടച്ചു നീക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിനായി നമുക്കും ഒത്തൊരുമിച്ചു പരിശ്രമിക്കാം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!