Trending Now

കോവിഡ് ടെസ്റ്റ് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും: സുരക്ഷ ഉറപ്പാക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തിയതായും, പോലീസുകാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു. കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുമായി ഇടപഴകുന്നതിലൂടെ കൂടുതല്‍ രോഗസാധ്യത കണക്കിലെടുത്ത് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ടെസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവരികയാണ്. പോസിറ്റീവ് ആകുന്ന സാഹചര്യമുണ്ടായാല്‍ കൃത്യമായ ചികിത്സ ലഭ്യമാക്കും. സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് എല്ലാ സംവിധാനങ്ങളോടും കൂടിയ ക്വാറന്റീന്‍ സൗകര്യം ഒരുക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. സ്റ്റേഷന്‍ അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടാവാതെ കുറച്ചു പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി പ്രവര്‍ത്തനം തുടരും. അണുവിമുക്തമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട നടപടികള്‍ സ്വീകരിക്കും.
ഈ മഹാമാരിയുടെ പ്രതിരോധപ്രക്രിയയില്‍ ഏര്‍പ്പെട്ടു സമൂഹത്തിനൊപ്പം നിലകൊണ്ടു രോഗഭീഷണി നേരിട്ട് എല്ലാ സഹായങ്ങളും സേവനങ്ങളും ചെയ്യുന്ന താഴെത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഒപ്പം മേല്‍ ഉദ്യോഗസ്ഥരുണ്ടാവും. അതവര്‍ക്ക് ആത്മവിശ്വാസം ഏറ്റുകയും, കൂടുതല്‍ ആത്മാര്‍ഥമായി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ഊര്‍ജം നല്‍കുകയും ചെയ്യും. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗവ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ പോലീസ് സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തുവരുന്നത്. മനുഷ്യത്വപരമായ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പോലീസ് അതിന്റെ സേവനത്തിന്റെ എല്ലാ മേഖലകളും ജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു. ജനമൈത്രി, എസ്പിസി തുടങ്ങിയ സംവിധാനങ്ങളിലൂടെ ആളുകളുടെ എല്ലാകാര്യങ്ങളിലും ഇടപെടാനും സഹായങ്ങളെത്തിക്കാനും സാധിക്കുന്നുണ്ട്. ഇത്തരത്തില്‍ ജില്ലയില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കോവിഡ് മഹാമാരിയെ പൂര്‍ണമായും തുടച്ചുനീക്കുംവരെ പോലീസ് സംവിധാനം നിതാന്തജാഗ്രതയോടെ പ്രവര്‍ത്തിക്കും. താഴെത്തട്ടുവരെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും ക്ഷേമവും സുരക്ഷയും മേലുദ്യോഗസ്ഥര്‍ ഉറപ്പാക്കി മുന്നോട്ടുപോകണം. ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു ഭക്ഷണം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും ജില്ലാപോലീസ് മേധാവി ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു