ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ കൊവിഡ്-19 മഹാമാരി ബാധിച്ചുകഴിഞ്ഞു. ജനങ്ങളെ മരണത്തിലേക്ക് നയിക്കാവുന്ന രോഗമായതിനാല്‍, അതിവേഗം തദ്ദേശീയമായി വെന്റിലേറ്ററുകള്‍ വികസിപ്പിച്ചെടുക്കുന്നതും രോഗം ബാധിച്ച് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നവര്‍ക്കായി ലഭ്യമായ വെന്റിലേറ്ററുകള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കുന്നതും കൊവിഡ്-19 പോരാട്ടത്തില്‍ അതിപ്രധാനമായി മാറിയിരിക്കുകയാണ്. ഈ അസാധാരണ സാഹചര്യം നേരിടുന്നതിന് ആവശ്യമായത്ര വെന്റിലേറ്ററുകള്‍ രാജ്യത്ത് ഇല്ലാത്ത തിനാല്‍ പകരം സംവിധാനങ്ങള്‍ ദ്രുതഗതിയില്‍ വികസിപ്പിച്ചെടു ക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വെന്റിലേറ്റര്‍ ലഭ്യമാകുന്നത് വരെ രോഗിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ ഗുരുതരമാകാതെ നിലനിര്‍ത്താന്‍ കഴിയൂ. അതിനാല്‍ അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ശ്വസന സഹായ ഉപകരണങ്ങള്‍ (Breathing Assist Devices) അതിവേഗം വികസിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു.
കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്നോളജി (എസ്സിടിഐഎംഎസ്ടി) ഈ സൗഹചര്യം മുന്നില്‍ക്കണ്ട് എമര്‍ജന്‍സി ബ്രീതിംഗ് അസിസ്റ്റ് സിസ്റ്റം (ഇബിഎഎസ്) വികസിപ്പിച്ചെടുത്തു. വെന്റിലേറ്ററിന് പകരമല്ല എമര്‍ജന്‍സി ബ്രീതിംഗ് അസിസ്റ്റ് സിസ്റ്റം. എന്നാല്‍ വെന്റിലേറ്റര്‍ ലഭ്യമാകുന്നത് വരെയുള്ള സമയം, മണിക്കൂറുകള്‍ മുതല്‍ ഏതാനും ദിവസങ്ങള്‍ വരെ, ഇതൊരു പകരം സംവിധാനമായി പ്രവര്‍ത്തിക്കും. ദേശീയ- അന്തര്‍ദേശീയ നിലവാരം, മാനദണ്ഡങ്ങള്‍ എന്നിവ അനുസരിച്ച് ഇതിന് ആവശ്യമായ സംവിധാനങ്ങളോട് കൂടിയാണ് ഉപകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപകരണത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് രാജ്യത്ത് ലഭ്യമായ വസ്തുക്കളാണ്.
ശ്രീചിത്രയുടെ ബയോടെക്നോളജി വിഭാഗത്തിലെ ഡിവിഷന്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഓര്‍ഗന്‍സിലെ എന്‍ജിനീയര്‍മാരായ ശ്രീ. ശരത്, ശ്രീ. വിനോദ്, ശ്രീ. നാഗേഷ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരായ പ്രൊഫ. തോമസ് കോശി, പ്രൊഫ. മണികണ്ഠന്‍ എന്നിവര്‍ അടങ്ങിയ സംഘം വികസിപ്പിച്ചെടുത്ത ഉപകരണത്തിന്റെ രൂപകല്‍പ്പനയും സാങ്കേതികവിദ്യയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും വ്യാവസായികാടിസ്ഥാ നത്തില്‍ നിര്‍മ്മിക്കുന്നതിനുമായി 2020 ഏപ്രിലില്‍ വിപ്രോ 3ഉക്ക് കൈമാറി. എയര്‍ബ്രിഡ്ജ് (AirBridge) എന്ന പേരില്‍ ഇത് 2020 ജൂലൈ 7-ന് ശ്രീചിത്രയും വിപ്രോ 3ഉയും ചേര്‍ന്ന് ഔദ്യോഗികമായി പുറത്തിറക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചടങ്ങില്‍ ശ്രീചിത്രയുടെ പ്രസിഡന്റ് ഡോ. വി.കെ. സാരസ്വത് ആണ് എയര്‍ബ്രിഡ്ജ് പുറത്തിറക്കുന്നത്. ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍, ഡോ. രാജീവ് തായല്‍ (ഡിഎസ്ടി), വിപ്രോ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയറിംഗ് സിഇഒ ശ്രീ. പ്രതീക് കുമാര്‍, വിപ്രോ 3ഉ വൈസ് പ്രസിഡന്റ് ശ്രീ. അജയ് പരീഖ് എന്നിവര്‍ പങ്കെടുക്കും.
ഉപകരണത്തിലെ ബാഗ് വാല്‍വ് മാസ്‌ക് (ബിവിഎം) സംവിധാനം നിശ്ചിത ഇടവേളകളില്‍ സ്വയം പ്രവര്‍ത്തിച്ച് വായു അകത്തേക്ക് വലിക്കുകയും (Inflation) പുറത്തുവിടുകയും (Deflation) ചെയ്യുന്നതിലൂടെ അളവ് നിയന്ത്രിച്ച് രോഗിയുടെ ശരീരത്തില്‍ ഓക്സിജന്‍ എത്തിക്കുവാനും പോസിറ്റീവ് പ്രഷര്‍ നല്‍കുവാനും എയര്‍ബ്രിഡ്ജിന് കഴിയും. ടൈഡല്‍ വോള്യം, ഒരു മിനിറ്റിലെ ശ്വാസോച്ഛ്വാസ നിരക്ക്, ശ്വസന- ഉച്ഛ്വാസ അനുപാതം (Inspiration to Expiration Ratio) എന്നിവ ഇതില്‍ ക്രമീകരിക്കാന്‍ സാധിക്കും.
പ്രവര്‍ത്തിക്കുമ്പോള്‍ എയര്‍ബ്രിഡ്ജ് ഇവ കണക്കാക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. മുന്നറിയിപ്പും സഹായ അഭ്യര്‍ത്ഥനയും (SOS Operation) നല്‍കുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്. എയര്‍ബ്രിഡ്ജ് രോഗികളുടെ ശരീരവുമായി ബന്ധിപ്പിക്കുന്നതിന് ബ്രീതിംഗ് ട്യൂബുകള്‍, പിഇഇപി (PEEP) വാല്‍വ്, ബാക്ടീരിയ-വൈറസ് ഫില്‍റ്ററുകള്‍ എന്നിവ ആവശ്യമാണ്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് അനായാസം മാറ്റാന്‍ കഴിയുന്ന (Portable) ഉപകരണം ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. താരതമ്യേന കുറഞ്ഞ പ്രവര്‍ത്തനച്ചെലവുളള എയര്‍ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവരുടെ സേവനം ആവശ്യമില്ല. നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത് അനായാസം പ്രവര്‍ത്തിപ്പിക്കാനാകും. വെന്റിലേറ്റര്‍ ലഭ്യമാകുന്നത് വരെ ആംബുലന്‍സുകള്‍, വാര്‍ഡുകള്‍, ഐസിയു-കള്‍ എന്നിവിടങ്ങളില്‍ കൊവിഡ്-19 ബാധിതര്‍ക്കും മറ്റ് രോഗികള്‍ക്കും എയര്‍ബ്രിഡ്ജ് ഉപയോഗിക്കാം. ഓക്സിജന്‍ പ്ലാന്റുകള്‍ ഇല്ലാത്ത ചെറിയ ആശുപത്രികളിലും ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ അത്യാവശ്യഘട്ടങ്ങളില്‍ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുപത്തിയഞ്ചിലധികം അനസ്തേഷ്യാ വിഭാഗം ഡോക്ടര്‍മാര്‍ കൊവിഡ്, കൊവിഡ് ഇതര സാഹചര്യങ്ങളില്‍ എയര്‍ബ്രിഡ്ജ് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിലയിരുത്തുകയും അവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു:
1) വെന്റിലേറ്റര്‍ ലഭ്യമാകുന്നത് വരെ ശ്വാസകോശ പ്രശ്നങ്ങളുള്ള കൊവിഡ്-19 രോഗികള്‍ക്ക് ശ്വസന സഹായി ആയി ഉപയോഗിക്കാം.
2) കൊവിഡ്-19 രോഗികളെ വിദഗ്ദ്ധ ചികിത്സാ കേന്ദ്രത്തിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ ഉപയോഗിക്കാം.
3) എന്തെങ്കിലും കാരണത്താല്‍ രോഗിയെ മറ്റൊരിടത്തേക്ക് മാറ്റാന്‍ കഴിയാതെ വന്നാല്‍ പരിമിതമായ ഐസിയു സൗകര്യങ്ങളുള്ള ആശുപത്രികളില്‍ ചെറിയ കാലയളവില്‍ ശ്വസന സഹായി എന്ന നിലയില്‍ ഉപയോഗിക്കാം.
4) തീപിടിത്തം, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ ധാരാളം ആളുകള്‍ക്ക് അടിയന്തിരമായി ശ്വാസോച്ഛ്വാസം നല്‍കുന്നതിന് ഉപയോഗിക്കാം.
5) ഹൃദയ- ശ്വാസകോശ സ്തംഭനങ്ങള്‍ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് മാളുകള്‍, എയര്‍പോര്‍ട്ടുകള്‍ മുതലായ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കാവുന്നതാണ്. രോഗിയെ ഐസിയു-വിലേക്ക് മാറ്റുന്നത് വരെ കൃത്രിമശ്വാസം നല്‍കുന്നതിനായും ഇത് പ്രയോജനപ്പെടുത്താം.