Trending Now

അവശ്യസാധനങ്ങളുമായി എം.എല്‍.എ യും ജില്ലാകളക്ടറും കോന്നി ആവണിപ്പാറയില്‍

അവശ്യസാധനങ്ങളുമായി
എം.എല്‍.എ യും ജില്ലാകളക്ടറും
കോന്നി ആവണിപ്പാറയില്‍

With essential supplies MLA and District Collector At konni Avanipara

കോന്നി : ”കൊറോണ വൈറസ് ബാധയെക്കുറിച്ച് കേട്ടില്ലേ…? വീട്ടില്‍ ആഹാരസാധനങ്ങള്‍ ഇരിപ്പുണ്ടോ..? എല്ലാവരും സൂക്ഷിക്കണം കേട്ടോ…” ആവണിപ്പാറയിലെ ഗിരിജന്‍ കോളനിയിലെ വീടുകളില്‍ ഭക്ഷ്യസാധനങ്ങളുമായെത്തിയ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ഇതു ചോദിക്കുമ്പോള്‍ ചെറുചിരിയായിരുന്നു അവരുടെ പ്രതികരണം. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ ഭക്ഷ്യസാധനങ്ങള്‍ നേരിട്ടെത്തിക്കാന്‍ എത്തിയതായതായിരുന്നു എം.എല്‍.എ.യും ജില്ലാ കളക്ടര്‍ പി.ബി നൂഹും.
അച്ചന്‍കോവില്‍ ആറിനുകുറുകേ ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ചുമന്നാണ് ഇരുവരും ആദിവാസി കോളനിയിലെത്തി വിതരണം ചെയ്തത്. ജനമൈത്രി പോലീസ് സ്‌റ്റേഷനും കോന്നി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയും ശേഖരിച്ച ഭക്ഷണസാധനങ്ങളാണു വിതരണം ചെയ്തത്. പത്ത് കിലോ അരി, ഒരു കിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, കാപ്പിപ്പൊടി, തേയില, ഉപ്പ്, സോപ്പ്, പച്ചക്കറി എന്നിവയടങ്ങിയ കിറ്റുകള്‍ കോളനിയിലെ 37 കുടുംബങ്ങള്‍ക്കും വിതരണംചെയ്തു.
അരുവാപ്പുലം പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലാണു ഗിരിജന്‍ കോളനി. രാജ്യം നേരിടുന്ന ഏറ്റവുംവലിയ പ്രതിസന്ധിയെ മറികടക്കാന്‍ വിപുലമായ പദ്ധതികളാണു മണ്ഡലത്തില്‍ നടപ്പിലാക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്കു പുറത്തേക്കുവരാതിരിക്കാന്‍ ഈ പദ്ധതി വളരെയധികം സഹായകമായി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണു പദ്ധതിയെ സംബന്ധിച്ച് മനസിലാക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് എത്തിയതെന്നും ജനീഷ് കുമാര്‍ എം.എല്‍.എ. പറഞ്ഞു.

നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലേയും ആവശ്യക്കാര്‍ക്കു മരുന്നും പലചരക്ക് സാധനങ്ങളും മറ്റും എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ ആരംഭിച്ച കൈത്താങ്ങ് പദ്ധതി. ഓരോ പഞ്ചായത്തിലും അഞ്ച് വളണ്ടിയര്‍മാരാണുള്ളത്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം പാലിച്ചാണ് ഇവര്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. സ്വന്തം ചിലവിലാണു വളണ്ടിയര്‍മാര്‍ പ്രവര്‍ത്തനം നടത്തുന്നത്.
കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആദിവാസി കോളനികളില്‍ ഭക്ഷണം എത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എം.എല്‍.എയ്ക്ക് ഒപ്പം കോളനിയില്‍ സന്ദര്‍ശനം നടത്തിയതെന്നും 60 വയസിനു മുകളില്‍ പ്രായമുള്ള ആളുകള്‍ക്ക് എസ്.ടി ഡിപ്പാര്‍ട്ട്‌മെന്റ് വഴി ഭക്ഷണ വിതരണം എത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കും ഭക്ഷണം എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കൊക്കത്തോട് പി.എച്ച്.സി.മെഡിക്കല്‍ ഓഫീസര്‍ സി.ശ്രീജയന്റ നേതൃത്വത്തിലുള്ള നാലംഗ മെഡിക്കല്‍ സംഘവും കോളനിയില്‍ പരിശോധന നടത്തി. എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ:എബി സുഷന്‍, കോന്നി തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ് റോസ്‌ന ഹൈദ്രോസ്, ഗ്രാമപഞ്ചായത്തംഗം പി.സിന്ധു, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കൈത്താങ്ങ് പദ്ധതി വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!