Trending Now

രക്തധമനിയിലെ ബ്ലോക്ക് വിജയകരമായി നീക്കം ചെയ്ത് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍

തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായി തടഞ്ഞുകൊണ്ട് രക്തധമനിയിലെ ബ്ലോക്ക് വിജയകരമായി നീക്കം ചെയ്ത് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍

കൊച്ചി: 56 കാരിയുടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ സമ്പുഷ്ടമായ രക്തമെത്തിക്കുന്ന രക്തധമനിയായ കാരോട്ടിഡ് ആര്‍ട്ടറിയിലെ ബ്ലോക്കുകള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നൂതന പ്രക്രിയയിലൂടെ നീക്കം ചെയ്തു. തലച്ചോറിലേക്കുള്ള രക്തയോട്ടം നാല് മിനിറ്റോളം പൂര്‍ണമായി നിര്‍ത്തിവെച്ചാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റര്‍വെന്‍ഷണലിസ്റ്റ് ന്യൂറോളജിസ്റ്റ് ഡോ. ബോബി വര്‍ക്കി മാരാമറ്റം, കണ്‍സള്‍ട്ടന്റ് കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി ഡോ. ജോര്‍ജ് വര്‍ഗീസ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ബ്ലോക്കുകള്‍ നീക്കം ചെയ്തത്.

സ്‌ട്രോക്ക് മൂലം വലതുവശം തളര്‍ന്ന അവസ്ഥയിലാണ് എടവനക്കാട് സ്വദേശിയായ ചന്ദ്രിക വി.പിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ചത്. തലച്ചോറിലേക്കുള്ള രക്തധമനിയില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടായ ബ്ലോക്കിനെ തുടര്‍ന്നാണ് രോഗിക്ക് സ്‌ട്രോക്ക് ഉണ്ടായത്. ബ്ലോക്ക് നീക്കം ചെയ്യാന്‍ ഹൈബ്രിഡ് കാരോറ്റിഡ് റീവാസ്‌കുലറൈസേഷന്‍ വിത്ത് ട്രാന്‍ഷ്യന്റ് ഫ്‌ളോ റിവേഴ്‌സല്‍ എന്ന നൂതന പ്രക്രിയയാണ് ബ്ലോക്ക് നീക്കം ചെയ്യാനായി ഡോക്ടര്‍മാര്‍ ഉപയോഗിച്ചത്. കഴുത്തില്‍ ചെറിയ മുറിവുണ്ടാക്കി അതിലൂടെ സ്‌റ്റെന്റ് നേരിട്ട് രക്തധമനിയിലേക്ക് കയറ്റിയാണ് ബ്ലോക്കുകള്‍ നീക്കം ചെയ്തത്. രക്തധമനി മുറിച്ച് ക്ലാമ്പ് ഉപയോഗിച്ച് അതിലൂടെ രക്തയോട്ടം നിര്‍ത്തിവെച്ചാണ് ഇത് ചെയ്തത്. നാല് മിനിറ്റ് നീണ്ട പ്രക്രിയയ്ക്കിടയ്ക്ക് രക്തം പുറത്തേക്ക് ഒഴുകാന്‍ അനുവദിക്കുകയായിരുന്നു. സ്‌റ്റെന്റ് സുരക്ഷിതമായി കടത്തിവിടാനും പ്രക്രിയയ്ക്കിടയില്‍ രോഗിക്ക് സ്‌ട്രോക്ക് അടക്കമുള്ള എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുമാണ് രക്തയോട്ടം നിര്‍ത്തിവെച്ചത്.

കാലിലെ ഫെമോറല്‍ ആര്‍ട്ടറിയിലൂടെ സ്‌റ്റെന്റ് കയറ്റിയോ അല്ലെങ്കില്‍ കാരോറ്റിഡ് ആര്‍ട്ടറി തുറന്നോ ആണ് സാധാരണയായി കാരോറ്റിഡ് ആര്‍ട്ടറിയിലെ തടസം നീക്കം ചെയ്യുന്നതെന്ന് ഡോ. ബോബി വര്‍ക്കി മാരാമറ്റം പറഞ്ഞു. ഈ രണ്ട് പ്രക്രിയകളും അല്‍പം സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. കാലിലെ ഫെമോറല്‍ ആര്‍ട്ടറിയിലൂടെ സ്‌റ്റെന്റ് കയറ്റി ബ്ലോക്ക് നീക്കം ചെയ്യുമ്പോള്‍ അത് എവിടെയെങ്കിലും കുമിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുത്തുകയും സ്‌ട്രോക്കിന് കാരണമാകുകയും ചെയ്യാം. കഴുത്ത് തുറന്നുള്ള ശസ്ത്രക്രിയയില്‍ അതിലൂടെയുള്ള ഞരമ്പുകള്‍ മുറിയാനും രോഗിയുടെ ശബ്ദന്നാളത്തിന് കേട് സംഭവിക്കാനും ഇടയുണ്ട്. പുതിയ ഹൈബ്രിഡ് പ്രക്രിയ രക്തസ്രാവം തടയുകയും നാക്കിലേക്കുള്ള ഞരമ്പുകളെ ബാധിക്കുകയുമില്ല. ഇതിന് പുറമേ ബ്ലോക്ക് പൂര്‍ണമായും നീക്കാനും സഹായകമാണെന്നും ഡോ. ബോബി വ്യക്തമാക്കി.

ഈ രോഗിയില്‍ കാരോറ്റിഡ് ആര്‍ട്ടറി രണ്ടായി വേര്‍തിരിയുന്ന ഭാഗം തലയോട്ടിക്ക് അടുത്തായിരുന്നത് കാരണം സ്‌റ്റെന്റിങ് അല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്ന് പ്രക്രിയയില്‍ പങ്കെടുത്ത ഡോ. ജോര്‍ജ് വര്‍ഗീസ് കുര്യന്‍ പറഞ്ഞു. രോഗിയുടെ കാലിലൂടെ സ്‌റ്റെന്റ് കടത്തിവിടുന്നതും സങ്കീര്‍ണമായിരുന്നു. രോഗിക്ക് പൂര്‍ണമായി സുഖം പ്രാപിക്കാന്‍ വളരെ കുറച്ച് ദിവസം മതിയെന്നതും ഈ പ്രക്രിയയുടെ സവിശേഷതയാണെന്നും ഡോ. ജോര്‍ജ് വര്‍ഗീസ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

പ്രക്രിയയ്ക്ക് ശേഷം ഒരു ദിവസം കൊണ്ട് തന്നെ സുഖം പ്രാപിച്ച രോഗിയെ മൂന്നാം നാള്‍ ഡിസ്ചാര്‍ജ് ചെയ്തു. ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റെജി പോള്‍, അനസ്‌തേഷ്യോളജി വിഭാഗത്തിലെ ഡോ. ജിതേന്ദ്ര, ഡോ. നിധിന്‍ എല്‍ദോ എന്നിവരാണ് മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന മറ്റ് ഡോക്ടര്‍മാര്‍.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!