ചെന്നൈ മലയാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്സ് അവസരം ഒരുക്കി

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഇനിമുതല്‍ ചെന്നൈയിലും

 

ചെന്നൈ മലയാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്സ് അവസരം ഒരുക്കി. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്ന ചെന്നൈ മലയാളികള്‍ക്ക് എച്ച്.ആര്‍.ഡി, വിദേശകാര്യ മന്ത്രാലയം, എംബസി  അറ്റസ്റ്റേഷന്‍ സേവനം എന്നിവ ഇനി മുതല്‍ ചെന്നൈയിലെ ഗ്രീംസ് റോഡിലെ കെ.ടി.ഡി.സി റെയിന്‍ ഡ്രോപ്സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സ് ഓഫീസില്‍ ലഭിക്കും.

കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിച്ച ഇതര സംസ്ഥാനക്കാര്‍ക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം. എംബസി സാക്ഷ്യപ്പെടുത്തലിന് ഏതു സംസ്ഥാനക്കാര്‍ക്കും അപേക്ഷിക്കാം. എച്ച്.ആര്‍.ഡി സാക്ഷ്യപ്പെടുത്തല്‍ ഒരാഴ്ച്ച കൊണ്ടും എംബസി സാക്ഷ്യപ്പെടുത്തല്‍ ഒരു മാസം കൊണ്ടും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

മറ്റു രാജ്യങ്ങളില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഭാരത സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുണ്ട്. കേരളത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക വഴിയാണ് സാക്ഷ്യപ്പെടുത്തി നല്‍കുന്നത്. ചെന്നൈയിലെ നോര്‍ക്ക ഓഫീസ് വഴി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനത്തിനാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. കേരളത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും ഇതിന്റെ സൗകര്യം പ്രയോജനപ്പെടുത്താം.

അസല്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും രണ്ടു പകര്‍പ്പും, പാസ്പ്പോര്‍ട്ടിന്റെ അസലും പകര്‍പ്പും എന്നിവയാണ് സാക്ഷ്യപ്പെടുത്തലിനായി ഹാജരാക്കേണ്ട രേഖകള്‍. എന്‍.ആര്‍.കെ ഡവലപ്പ്മെന്റ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്താലുടന്‍ അസല്‍ പാസ്പ്പോര്‍ട്ട് തിരിച്ച് നല്‍കും. അപേക്ഷിച്ച് 10 ദിവസത്തിനകം അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കും. ഇതിനു സര്‍വീസ് ചാര്‍ജ്ജായി 708 രൂപയാണ് ഈടാക്കുന്നത്. 200 രൂപ തപാല്‍ നിരക്കും ഓരോ സര്‍ട്ടിഫിക്കറ്റിനും 75 രൂപ വീതവും നല്‍കണം. കേരളത്തില്‍ പഠിച്ചവരാണെങ്കില്‍ വിദേശകാര്യ മന്ത്രാലത്തിന്റെ സാക്ഷ്യപ്പെടുത്തലിനും നോര്‍ക്ക ഓഫീസില്‍ അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!