Trending Now

അനധികൃത മത്സ്യബന്ധന വലകള്‍ പിടിച്ചെടുത്തു

ആറന്മുള ഗ്രാമ പഞ്ചായത്തില്‍ കോഴിപ്പാലത്തിനു സമീപമുള്ള തോട്ടില്‍ അനധികൃതമായിസ്ഥാപിച്ചിരുന്ന കുറ്റിവലകളും ഉടക്കുവലകളും ഫിഷറീസ്‌വകുപ്പ് പിടിച്ചെടുത്തു.  കാലവര്‍ഷം ആരംഭിച്ചതോടെ ജില്ലയുടെ പലഭാഗങ്ങളിലും അനധികൃത രീതികളിലൂടെയുള്ള മത്സ്യബന്ധനം ആരംഭിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഫിഷറീസ് ആഫീസര്‍ എസ്. പ്രിന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനധികൃത മത്സ്യബന്ധന വലകള്‍ പിടിച്ചെടുത്തത്. നിയമപ്രകാരമുള്ള രജിസ്‌ട്രേഷനോ ലൈസന്‍സോ കൂടാതെ കുറ്റിവലയും ഉടക്കുവലകളും ഉപയോഗിച്ചാണ് ഈ ഭാഗത്ത് മത്സ്യബന്ധനം നടത്തിവന്നിരുന്നത്.  കേരള ഉള്‍നാടന്‍ മത്സ്യബന്ധനവും ജലകൃഷിയും നിയമ പ്രകാരമുള്ള ലൈസന്‍സില്ലാതെ  പൊതുജലാശയങ്ങളില്‍ നിന്നും മത്സ്യബന്ധനം നടത്തുവാന്‍ പാടില്ല.  മത്സ്യബന്ധനം നടത്തുന്ന ജലാശയത്തിന്റെ പകുതിയിലേറെ തടസപ്പെടുത്തിയോ, പാലത്തിന്റെ ചീര്‍പ്പിന്റെയോ ഇരുവശങ്ങളില്‍ വല സ്ഥാപിച്ചോ തോട്ട പൊട്ടിച്ചോ, വൈദ്യുതി, രാസവസ്തു, വിഷവസ്തു തുടങ്ങിയവ ഉപയോഗിച്ചോ, 20 മില്ലിമീറ്ററില്‍ കുറഞ്ഞ കണ്ണിവലിപ്പമുള്ള വല ഉപയോഗിച്ചോ രാത്രികാലങ്ങളില്‍ നൂറ് വാട്‌സില്‍ കൂടുതല്‍ ശക്തിയുള്ള വിളക്കുകള്‍ ഉപയോഗിച്ചോ നടത്തുന്ന മത്സ്യബന്ധന രീതികള്‍ ഈ നിയമ പ്രകാരം നിരോധിച്ചിട്ടുള്ളതാണ്.  നിയമം ലംഘിക്കുന്നവര്‍ക്ക് ആറുമാസം വരെയുള്ള തടവോ, പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!