Trending Now

വിശ്വാസികളുടെ അഭയ കേന്ദ്രം… വിശുദ്ധ തോമാ ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളില്‍ ഒന്ന് :നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി

വിശ്വാസികളുടെ അഭയ കേന്ദ്രം…
വിശുദ്ധ തോമാ ശ്ലീഹ സ്ഥാപിച്ച ഏഴര പള്ളികളില്‍ ഒന്ന് :നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
പത്തനംതിട്ട ജില്ലയെ അറിയുവാനുള്ള പഠന യാത്രയുടെ ഭാഗമായി കോന്നി ജി .എല്‍ .പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഈ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു .നിരണം പള്ളിയുടെ ചരിത്രം കാണാം

 

കേരളത്തിലെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിലുള്ള നിരണം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി (St.Mary’s Orthodox Syrian Church,Niranam) അഥവാ നിരണം പള്ളി. മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയമായ ഈ പള്ളി ക്രി.വ 54-ൽ യേശുവിന്റെ ശിഷ്യരിലൊരുവനായിരുന്ന തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. പിന്നീട് പല പ്രാവശ്യം പുതുക്കിപ്പണിതിട്ടുണ്ട്. 1259-ൽ പുതുക്കിപ്പണിത വിവരം പള്ളിയിലുള്ള ശിലാഫലകത്തിലുണ്ട്. ഇപ്പോഴത്തെ പള്ളി 1912 ഫെബ്രുവരി 14-ന് കൂദാശ ചെയ്തതാണ്. പമ്പാനദിയിൽ നിന്നും പുറപ്പെട്ട് പമ്പയിൽതന്നെ ലയിക്കുന്ന കോവിലറയാറിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ പള്ളിയിൽ ഹൈന്ദവക്ഷേത്രങ്ങളിലേതുപോലെ കരിങ്കൽ വിളക്കുകളും കൊത്തുപണികളും ഉണ്ട് . കരിങ്കൽത്തൂണുകളിൽ കെട്ടിയുയർത്തിയ ഒരു നാടകശാല മുൻപ് പള്ളിക്കു മുന്നിലുണ്ടായിരുന്നുവത്രെ. ഇപ്പോൾ തിരുവിതാംകൂർ പ്രദേശത്തുള്ള പല പള്ളികളുടെയും തലപ്പള്ളിയായിരുന്നു നിരണം പള്ളി. വീരാടിയാൻ പാട്ടുകൾ, റമ്പാൻ പാട്ടുകൾ, മാർഗ്ഗംകളിപ്പാട്ടുകൾ തുടങ്ങിയ സാഹിത്യകൃതികളിൽ പുരാതന നിരണത്തെക്കുറിച്ചും നിരണം പള്ളിയെക്കുറിച്ചും വിവരണങ്ങളുണ്ട്.

വിശുദ്ധ തോമസ് ശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികളിൽ ഒന്നാണ്. കൊടുങ്ങല്ലൂരിൽ നിന്നും പമ്പനദി കൂടീ വള്ളത്തിൽ വന്നതായി കരുതുന്നു. പള്ളിയിൽ നിന്നും മൂന്ന് കി.മീ മാറിയാണ്,തോമത്തുകടവ്. സെന്റ് തോമസ് വന്നിറങ്ങിഅയതിന്റെ സ്മാരകം ഇവിടെയുണ്ട്കേരള ക്രൈസ്തവ സഭയിലെ പ്രധാനപ്പെട്ട പല ചരിത്ര മുഹൂർത്തങ്ങൾക്കും നിരണം പള്ളി വേദിയായിട്ടുണ്ട്. തോമാശ്ലീഹയുടെ മരണശേഷം (ക്രി.വ. 72) നിരണത്തെ ക്രൈസ്തവർ വിദേശ പുരോഹിതന്മാരുടെ നിയന്ത്രണത്തിൻ കീഴിലായിത്തീർന്നു. ക്രി.വ. 226-ൽ സെല്യൂക്ക്യയിൽ നിലവിൽ വന്ന കാതോലിക്കാ സിംഹാസനത്തിന്റെ കീഴിലും പിന്നീട് പൌരസ്ത്യ ഓർത്തഡോക്സ് സഭയുടെ കീഴിലുമായിരുന്ന നിരണത്തെ ക്രൈസ്തവർ, കാലക്രമത്തിൽ പേർഷ്യൻ സഭയുടെ നിയന്ത്രണത്തിലായി. പോർച്ചുഗീസുകാർ ദക്ഷിണേന്ത്യയിൽ ആധിപത്യമുറപ്പിച്ചശേഷം, കേരള ക്രൈസ്തവസഭയിൽ റോമൻ സ്വാധീനം ചെലുത്തി, ഇവിടത്തെ ക്രിസ്ത്യാനികളെ മാർപ്പാപ്പയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനായി നടത്തിയ ശ്രമത്തെ സ്ഥലവാസികളായ ക്രൈസ്തവർ എതിർത്തു. 1599-ലെ ഉദയംപേരൂർ സുന്നഹദോസിൽ ബാബിലോണിയായിലെ പേർഷ്യൻ ബിഷപ്പിനെ അഥവാ പാത്രിയർക്കീസിനെ മലങ്കര ക്രൈസ്തവർ തള്ളിപ്പറഞ്ഞെങ്കിലും, പോർച്ചുഗീസുകാർക്കെതിരെ ഇവർ പ്രതിഷേധം തുടർന്നു.

പോർച്ചുഗീസുകാർക്കെതിരെയുള്ള പ്രക്ഷോഭണത്തിന്റെ ഭാഗമായി 1653 ജനുവരി 3-ന് മട്ടാഞ്ചേരിയിൽ നടന്ന കൂനൻ കുരിശു സത്യത്തിന് മുൻകൈയെടുത്തത് നിരണത്തെ ക്രൈസ്തവരാണ്. കൂനൻ കുരിശു സത്യത്തിനുശേഷം മലങ്കര ക്രൈസ്തവർ പേർഷ്യൻ പാത്രിയർക്കീസിന്റെ നേതൃത്വം വീണ്ടും അംഗീകരിക്കുകയും തോമസ് അർക്കദിയോക്കൻ എന്ന വ്യക്തിയെ ബിഷപ്പായി വാഴിക്കുകയും ചെയ്തു. ഒന്നാം മാർത്തോമ മെത്രാനായി അറിയപ്പെടുന്ന ഇദ്ദേഹത്തെ തുടർന്ന് കുറച്ചുകാലം മലങ്കര സഭയുടെ തലവന്മാരുടെ സ്ഥാനനാമം മാർത്തോമാ മെത്രാനെന്നായിരുന്നു. ഇവരിൽ രണ്ടാം മാർത്തോമാ മെത്രാൻ,അഞ്ചാം മാർത്തോമാ മെത്രാൻ എന്നിവർ നിരണം പള്ളിയെ ആസ്ഥാനമാക്കി സഭാഭരണം നിർവ്വഹിച്ചു. ഇവരുടെ കബറിടങ്ങൾ നിരണം പള്ളിയിൽ കാണാവുന്നതാണ്.

1665-ൽ ജറുസലേമിലെ ബിഷപ്പും അന്ത്യോഖ്യൻ സഭാംഗവുമായ മാർ ഗ്രിഗോറിയോസ് കേരളത്തിലെത്തിയതോടുകൂടി അന്ത്യോഖ്യൻ ആചാരാനുഷ്ഠാനങ്ങൾ കേരള ക്രൈസ്തവസഭയിൽ പ്രചരിച്ചു. 1876-ലെ മുളന്തുരുത്തി സുന്നഹദോസിന്റെ തീരുമാനപ്രകാരം മലങ്കരസഭ അന്ത്യോഖ്യയിലെ പാത്രിയർക്കീസിന്റെ കീഴിലായിത്തീർന്നു. കേരളത്തിനു ഒരു പുതിയ കാതോലിക്കാസ്ഥാനം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് മലങ്കര ക്രൈസ്തവർ നല്കിയ അഭ്യർഥനയെ അന്ത്യോഖ്യൻ പാത്രിയർക്കീസ് നിരാകരിച്ചതിനെത്തുടർന്ന് സഭയിൽ ഭിന്നിപ്പുണ്ടാവുകയും സഭ രണ്ടു വിഭാഗങ്ങളായി പിരിയുകയും ചെയ്തു. മലങ്കര ക്രിസ്ത്യാനികൾ നിരണത്തെ സെന്റ് മേരീസ് ദേവാലയത്തിൽ സമ്മേളിച്ച് മാർ ദിവന്നാസ്യോസിനെ (Mar Dionysius) മെത്രാനായി വാഴിച്ചു. പില്ക്കാലത്ത് മലങ്കര സഭാഭരണത്തിൽ അന്ത്യോഖ്യൻ ഇടപെടൽ കുറഞ്ഞു. 1912 സെപ്തംബർ15-ന് ഓർത്തഡോക്സ് സഭയിലെ ആദ്യത്തെ കാതോലിക്കാ ബാവയുടെയും 1925 ഏപ്രിൽ 30-ന് രണ്ടാം കാതോലിക്കായുടെയും സ്ഥാനാരോഹണം നിരണത്തു വെച്ചു നടന്നു.

കാലാകാലങ്ങളിൽ ധാരാളം വിദേശസഭാ മേലധ്യക്ഷന്മാർ നിരണം പള്ളി സന്ദർശിച്ചിട്ടുണ്ട്. അന്ത്യോഖ്യൻ പാത്രിയർക്കീസുമാരായിരുന്ന പത്രോസ് തൃതീയൻ(1876), അബ്ദൽ മിശിഹാ(1912), യാക്കോബ് തൃതീയൻ(1964), അർമ്മേനിയൻ കാതോലിക്കോസ് വാസ്ഗൻ പ്രഥമൻ(1963), ജോർജിയൻ പാത്രിയർക്കീസ് ഏലിയാ ദ്വിതീയൻ(1982), കോൺസ്റ്റാന്റിനോപ്പോളിലെ എക്യൂമിനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ(2000) എന്നിവർ അവരിൽ ഉൾപ്പെടുന്നു.ഡിസംബർ 20,21 തീയതികളിൽ നടത്തപ്പെടുന്ന മാർത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മപ്പെരുന്നാളിനു പുറമേ കന്യക മറിയാമിന്റെ ജനനപ്പെരുന്നാൾ(സെപ്റ്റംബർ1-8), വാങ്ങിപ്പ് പെരുന്നാൾ(ഓഗസ്റ്റ് 1-15), മാർ ബഹനാൻ സഹദായുടെ ഓർമ്മപ്പെരുന്നാൾ(ഡിസംബർ 26-,27), രണ്ടാം മാർത്തോമായുടെയും അഞ്ചാം മാർത്തോമായുടെയും സംയുക്ത ഓർമ്മപ്പെരുന്നാൾ(മേയ് 9-10) എന്നിവയും നിരണം പള്ളിയിൽ കൊണ്ടാടപ്പെടുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!