Trending Now

കോന്നിയൂർ ആർ. നരേന്ദ്രനാഥ്

“കോന്നി വാര്‍ത്ത ഡോട്ട് കോം” കഴിഞ്ഞ ആഴ്ചയിലെ ചോദ്യ ശര വേഗത്തിനു ഉത്തരം ഇതാ:ചോദ്യം :”ശാസ്ത്രം സാമൂഹിക വിപ്ലവത്തിന് “എന്ന് അടിസ്ഥാന മുദ്രാവാക്യം ഉള്ള പ്രസ്ഥാനത്തിന്‍റെ പേര് നല്‍കിയത് കോന്നി നിവാസിയാണ്.
.സംഘടനയുടെ പേര് എന്ത് ..?ഈ പേര് നല്‍കിയ കോന്നി നിവാസി ആര് ..?
ഉത്തരം :സംഘടന :കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പേര് നിര്‍ദേശിച്ചത് :കോന്നിയൂർ ആർ. നരേന്ദ്രനാഥ്

…….കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ്‌…………….
മലയാള സാഹിത്യത്തില്‍ ശാസ്ത്ര കഥകളുടെ വിസ്മയ ലോകം തീര്‍ത്ത കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ്‌ 81വയസ്സില്‍ (2008 സെപ്റ്റംബര്‍ 14 ന്) അന്തരിച്ചു. ആകാശവാണി മുന്‍ ഡയരക്ടരായിരുന്നു .മള്ളൂര്‍ ഗോവിന്ദപ്പിള്ളയുടെ ചെറുമകള്‍ ഗംഗാദേവിയാണ്‌ ഭാര്യ. ജയശ്രീ, ശ്രീലത, ശ്രീകുമാര്‍ എന്നിവര്‍ മക്കളാണ്‌. മരുമക്കള്‍: ഹരിദാസ്‌, ഉഷ. സഹോദരങ്ങള്‍: ആര്‍.എസ്‌. നായര്‍,സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ കോന്നിയൂര്‍ രാധാകൃഷ്‌ണന്‍.
പത്തനംതിട്ട കോന്നി നെല്ലിക്കോട്‌ കുടുംബാംഗമായ നരേന്ദ്രനാഥ്‌ പരേതരായ എം.എന്‍. രാഘവന്‍നായരുടെയും കുഞ്ഞുകൊച്ചമ്മയുടെയും മകനാണ്‌. 1950ല്‍ കോഴിക്കോട്‌ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നു. തുടര്‍ന്ന്‌ തിരുവനന്തപുരം, തൃശ്ശൂര്‍, പോര്‍ട്ട്‌ബ്ലയര്‍, തൃശിനാപ്പള്ളി, ജോധ്‌പുര്‍, ന്യൂഡല്‍ഹി ആകാശവാണി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം, കോഴിക്കോട്‌ ആകാശവാണി കേന്ദ്രങ്ങളില്‍ ഡയറക്ടറായിരുന്നു. ആകാശവാണി ചെന്നൈ നിലയത്തില്‍ ഡയറക്ടര്‍ പദവിയിലിരിക്കവെ 1985 ലാണ്‌ വിരമിച്ചത്‌.

മലയാളത്തില്‍ 75 ഓളം പുസ്‌തകങ്ങള്‍ രചിച്ചിട്ടുള്ള നരേന്ദ്രനാഥ്‌ ആനുകാലികങ്ങളില്‍ ശാസ്‌ത്രസംബന്ധിയായ ലേഖനങ്ങള്‍ രചിച്ചുകൊണ്ടാണ്‌ ശ്രദ്ധേയനായത്‌. ‘ചക്രവാളത്തിനപ്പുറം’ എന്ന പുസ്‌തകം മലയാളത്തിലെ ആദ്യ സയന്‍സ്‌ ഫിക്ഷന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. 1947 ല്‍ ‘ആത്മമിത്രം’ എന്ന ചെറുകഥ സമാഹാരമാണ്‌ ആദ്യം പ്രസിദ്ധീകരിച്ച പുസ്‌തകം. ‘വരം’ എന്ന അദ്ദേഹത്തിന്റെ ശാസ്‌ത്രനോവല്‍ മലയാളത്തിലെ ആദ്യത്തെ സീരിയലായി തിരുവനന്തപുരം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്‌തു. സര്‍ദാര്‍ പണിക്കരെക്കുറിച്ചെഴുതിയ ജീവചരിത്രഗ്രന്ഥത്തിന്‌ അദ്ദേഹത്തിന്‌ 1982-ല്‍ പി.കെ. പരമേശ്വരന്‍നായര്‍ സ്‌മാരക അവാര്‍ഡ്‌ ലഭിച്ചു. സയന്‍സ്‌ റൈറ്റേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ സ്ഥാപകാംഗം, ചെന്നൈയിലെ സെന്‍ട്രല്‍ ഫോര്‍ കണ്ടംപററി സ്റ്റഡീസ്‌ അംഗം, നെഹ്‌റു യുവകേന്ദ്ര തമിഴ്‌നാട്‌ ഘടകം ഉപദേശകസമിതിയംഗം, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി, മദ്രാസ്‌ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസ്‌ വിഭാഗം ബോര്‍ഡ്‌ മെമ്പര്‍ തുടങ്ങി വിവിധ തുറകളില്‍ കോന്നിയൂര്‍ നരേന്ദ്രനാഥ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.75 ലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹമാണ് ഭരണഘടനയെ കുറിച്ച് ആദ്യത്തെ മലയാളത്തിലുള്ള പുസ്തകം എഴുതിയത്. സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ സര്‍ദാര്‍ കെ.എം.പണിക്കര്‍ എന്ന പുസ്തകം വളരെ ശ്രദ്ധനേടിയിരുന്നു.

ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന വാക്ക് പേരായി നിര്‍ദ്ദേശിച്ചത് കോന്നിയൂര്‍ ആയിരുന്നു.കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രപ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണിത്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം. ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ നിരന്തരം നടക്കുന്നു.
1962 ഏപ്രിൽ എട്ടിന് കോഴിക്കോടു് ഇമ്പീരിയൽ ഹോട്ടലിൽ ഡോ. കെ.ജി. അടിയോടിയുടെയും പി. ടി. ഭാസ്കരപ്പണിക്കരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ശാസ്ത്രസാഹിത്യ പരിഷത്തിന് രൂപം കൊടുക്കുവാൻ തീരുമാനിച്ചത്. കോന്നിയൂർ നരേന്ദ്ര നാഥാണ് പേര് നിർദ്ദേശിച്ചത് 1962 സെപ്റ്റംബർ 10 നു കോഴിക്കോട് ദേവഗിരി കോളേജിൽ വച്ച് പരിഷത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ശാസ്ത്രസാഹിത്യരചനയിൽ തല്പരരായ നാല്പതോളം മലയാളം എഴുത്തുകാരെ അംഗങ്ങളാക്കിയാണ് ഇത് ആരംഭിച്ചത്. ഡോ. കെ. ഭാസ്കരൻ നായരായിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ജി. അടിയോടി, എൻ.വി. കൃഷ്ണവാര്യർ എന്നിവരും ഭാരവാഹികളായിരുന്നു. അതേ വർഷം 1962 ജൂലൈ 14നു 1860ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം സംഘടന രജിസ്റ്റർ ചെയ്തു. ശാസ്ത്ര സാഹിത്യം മലയാളത്തിൽ എന്നതായിരുന്നു സംഘടനയുടെ സ്ഥാപന മുദ്രാവാക്യം. സമസ്തകേരള സാഹിത്യ പരിഷത്തിന്റെ ഭാഗമായി 1957 -ൽ രൂപീകരിക്കുകയും താമസിയാതെ തന്നെ പ്രവർത്തനം നിലയ്കുകയും ചെയ്ത കേരള ശാസ്ത്രസാഹിത്യ സമിതി എന്ന സംഘടനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരിച്ചത്.
……………..
അന്‍പതിനായിരത്തി പതിമൂന്നു സുഹൃത്തുക്കള്‍ മത്സരത്തില്‍ മാറ്റ് ഉരച്ചു .ഭൂരിപക്ഷവും ശെരിയായ ഉത്തരം നല്‍കി .കോന്നിയൂര്‍ നരേന്ദ്രനാഥ് എന്നല്ല ശെരിയായ നാമം കോന്നിയൂര്‍ ആര്‍ നരേന്ദ്രനാഥ് എന്നാണ് ശാസ്ത്ര പുസ്തകങ്ങളില്‍ എഴുത്തുകാരനെ വിശേഷിപ്പിക്കുന്നത് .ഉത്തരം നല്‍കിയ എല്ലാവരും അറിവ് ഉള്ളവര്‍ ആണെങ്കിലും ഈ ചോദ്യാവലിയുടെ നിയമ പ്രകാരം ഒരാളെ മാത്രം ആണ് വിജയിയായി തിരഞ്ഞെടുക്കുന്നത് ,എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .തുടര്‍ന്നും കോന്നി വാര്‍ത്തയെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു