Trending Now

ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനത്തിന് എത്തുന്നതിന് പിന്നില്‍ ആസൂത്രണ ഗൂഡാലോചന

ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനത്തിന് എത്തുന്നതിന് പിന്നില്‍ ആസൂത്രണ ഗൂഡാലോചന :ശബരിമലയുടെ വിശ്വസ്തത തകര്‍ക്കുവാന്‍ നീക്കം

ശബരിമല: ശബരിമല ക്ഷേത്രത്തിനെതിരെ അന്യസംസ്ഥാനങ്ങളിലടക്കം വ്യാപകമായ പ്രചാരണങ്ങള്‍ ആസൂത്രിതമായി നടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്നും മറ്റും ശബരിമല നടയടച്ചു എന്ന പേരില്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പ്രചാരണം ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സന്നിധാനത്ത് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എ.പത്മകുമാര്‍.
ശബരിമല ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയായ ആന്ധ്രക്കാരിയെ രണ്ടു തവണയാണ് പമ്പയില്‍ നിന്നും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പിടികൂടി തിരിച്ചയച്ചത്. പിറ്റേന്ന് 106 യുവതികളാണ് ദര്‍ശനത്തിനായി പമ്പയിലെത്തിയത്. തൊട്ടു പിന്നാലെ 68 പേരും എത്തി. പോലീസിന്റെയും ദേവസ്വത്തിന്റെയും ജാഗ്രത്തായ ഇടപെടല്‍ മൂലമാണ് ഇവര്‍ സന്നിധാനത്ത് എത്താതിരുന്നത്. ഇവരൊന്നും വെറുതെ വന്നവരല്ല എന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിഗമനം. ഇതിനൊപ്പം ക്ഷേത്ര ഭണ്ഡാരത്തിന്റെ വരുമാനം സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്നും ഭണ്ഡാരങ്ങളില്‍ കാണിക്കയിടരുതെന്നും പ്രചാരണം ശക്തമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബര്‍ 2 ന് 12 കോടി രൂപയുടെ വരുമാന വര്‍ദ്ധനവാണ് ഇത്തവണയുണ്ടായത്. ഇത്തരം പ്രചാരണങ്ങളൊന്നും ശബരിമല തീര്‍ത്ഥാടകരെ ബാധിച്ചില്ല. എന്നാല്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കെല്ലാം സംഘടിത സ്വഭാവമുണ്ട്. ഇത് പരിശോധിക്കും. നവ മാധ്യമങ്ങളിലെ പ്രചാരണം സംബന്ധിച്ച് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ പരിശോധിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ആവശ്യപ്പെട്ടു.
മികച്ച പ്രവര്‍ത്തനമാണ് എല്ലാ വകുപ്പുകളും സന്നിധാനത്ത് നടത്തുന്നത്. ആത്മാര്‍ത്ഥമായ ഇടപെടലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ചെറിയ പ്രശ്‌നങ്ങള്‍ ഇല്ലെന്നല്ല. അതൊക്കെ പരിഹരിച്ച് മുന്നോട്ട് പോകുന്നുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ആവശ്യമായ ഭൂമി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകും എന്നാണ് പ്രതീക്ഷ. ശബരിമലയുടെ കാര്യത്തില്‍ കേന്ദ്ര വനനിയമം അനുകൂലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. ഭക്തി സംബന്ധിച്ച കാര്യങ്ങള്‍ പറയാനും നിര്‍വചിക്കാനും ചിലര്‍ക്ക് മാത്രമേ അധികാരമുളളു എന്ന തരത്തിലുള്ള സമീപനം ശരിയല്ല. ശബരിമലയില്‍ മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ കച്ചവടം നടത്തരുതെന്ന് പറയുന്നത് രാഷ്ട്രീയ വലുപ്പമില്ലായ്മയാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗം കെ.രാഘവന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എന്‍.ചന്ദ്രശേഖരന്‍, തൃശ്ശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍.അജിത്കുമാര്‍, പി.ആര്‍.ഒ. മുരളി കോട്ടയ്ക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു