ബിന്‍സ് മണ്ഡപം
സൂറിച്ച്: സ്വിറ്റ്‌സര്‍ലന്റിലെ സര്‍ക്കാര്‍ ആശുപത്രി തലപ്പത്ത് മലയാളി നിയമതിനായി. മുവാറ്റുപുഴ കടവൂര്‍ സ്വദേശിയായ സിബി ചെത്തിപ്പുഴയാണ് ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്. വാലന്‍സ്റ്റാറ്റ് കന്‍ടോണ്‍ ഹോസ്പിറ്റലിന്റെ ഡയറക്ടറായാണ് സിബി ചെത്തിപ്പുഴയെ നിയമിച്ചത്. സ്വിസ് പ്രവിശ്യയായ സെന്റ് ഗാലന്റെ ഹെല്‍ത് ഡിപ്പാര്‍ട്മെന്റിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രിയുടെ രണ്ട് ഡയറക്ടര്‍മാരില്‍, ഡോക്ടര്‍മാര്‍ ഒഴികെയുള്ള മുഴുവന്‍ ഡിപ്പാര്‍ട്മെന്റിന്റെയും പൂര്‍ണ ചുമതല സിബിക്കായിരിക്കും.
സൂറിച്ച് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിസിനസ്സ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും, സ്വിസ് അപ്ലൈഡ് സയന്‍സസ് യുണിവേഴ്സിറ്റിയില്‍നിന്നും അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ബിരുദവും ലിബി നേടിയിട്ടുണ്ട്. ഇപ്പോള്‍ സൂറിക് പ്രവിശ്യയുടെ ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് കമ്മിറ്റി എക്സിക്യൂട്ടീവ് മെംബറായും, സ്പിറ്റക്സ് സൊള്ളിക്കോണിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു വരുന്നു. മുവാറ്റുപുഴ നിര്‍മല കോളേജില്‍ നിന്നും സയന്‍സില്‍ ബിരുദം നേടി വിയന്നയില്‍ എത്തിയ സിബി വിയന്നയില്‍ നഴ്സിംഗ് ഡിപ്ലോമ പഠനത്തിന് ചേരുകയായിരുന്നു. ബാംഹെര്‍സിഗന്‍ ബ്രൂഡര്‍ ഹോസ്പിറ്റലില്‍ നിന്നും ഡിപ്ളോമ നേടിയശേഷം, അവിടെ തന്നെ 1996 മുതല്‍ ആറു വര്‍ഷം നഴ്സിംഗ് ഡിപ്പാര്‍ട്ടമെന്റില്‍ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു.
2002 ല്‍ സ്വിറ്റസര്‍ലന്റിലെ ഓള്‍ട്ടണിലെ കണ്‍റ്റോണ്‍ ഹോസ്പിറ്റലില്‍ നഴ്സിംഗ് ഡിപ്പാര്‍ട്ടമെന്റ് സെക്ഷന്‍ മേധാവിയായി നിയമനം ലഭിച്ചു. ഇതേ തുടര്‍ന്നാണ് സ്വിറ്റസര്‍ലന്റിലേക്ക് വരുന്നത്. ഓള്‍ട്ടന്‍ പ്രവിശ്യയുടെ ഹെല്‍ത് ഡിപ്പാര്‍ട്മെന്റിന് കീഴില്‍ വിവിധ സമിതികളില്‍ അംഗമായിരുന്നു. ഇതിനിടെയാണ് 2010 ല്‍ സൂറിച്ചില്‍ നിയമനം ലഭിക്കുന്നത്. ജോലിയോടൊപ്പമാണ് ബിരുദങ്ങള്‍ സ്വന്തമാക്കിയത്.
അധ്യാപക ദമ്പതികളായിരുന്ന മുവാറ്റുപുഴ കടവൂര്‍ ചെത്തിപ്പുഴ വീട്ടില്‍ പരേതരായ സി. ടി. മാത്യുവിന്റെയും, കുഞ്ഞമ്മ മാത്യുവിന്റെയും മകനാണ്. ഭാര്യ ജിന്‍സി. മൂന്ന് മക്കള്‍. സ്വിസിലെ വിവിധ കലാ വേദികളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള പ്രതിഭകളാണ് ജോനസും, ജാനറ്റും, ജോയലും. സൂറിച്ച് എഗില്‍ താമസിക്കുന്നു.
നവംബര്‍ ഒന്നിനു സിബി പുതിയ ചുമതലയേറ്റെടുക്കും. 125 വര്‍ഷം മുമ്പ് ആരംഭിച്ച ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി 400 ജീവനക്കാരെ ഇനി സിബി നിയന്ത്രിക്കും. നിലവില്‍ സൂറിക്കിലെ സോളികര്‍ബര്‍ഗ് ഹോസ്പിറ്റലില്‍ റിസോഴ്സ് മാനേജ്മെന്റ് വിഭാഗം മേധാവിയും, നഴ്സിംഗ് ഡിപ്പാര്‍ട്ടമെന്റ് സെക്ഷന്‍ മാനേജരുമായി പ്രവര്‍ത്തിക്കുകയാണ്.