വിനോദസഞ്ചാത്തിനു പ്രോത്സാഹനം നൽകാൻ പുതിയ പദ്ധതികളുമായി ആസാം സർക്കാർ. സിനിമാ ചിത്രീകരണ സംഘങ്ങൾക്ക് ഒരു കോടി രൂപ പ്രോത്സാഹനസമ്മാനം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതിയെന്ന് ആസാം സർക്കാർ അറിയിച്ചു.
ഹിന്ദി, ഇംഗ്ലീഷ്, മറ്റു വിദേശ ഭാഷാ ചിത്രീകരണ സംഘങ്ങൾക്ക് ഈ പ്രോത്സാഹനസമ്മാനം ലഭിക്കും. സിനിമയുടെ 25 ശതമാനമെങ്കിലും ആസാമിൽ ചിത്രീകരിക്കുന്നവർക്കു നിർമാണ തുകയുടെ 25 ശതമാനം സർക്കാർ നൽകും. എന്നാൽ പരമാവധി തുക ഒരു കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
ആസാം സംസ്കാരത്തെ കുറിച്ച് സിനിമ ചെയ്യുന്നവർക്കു പത്തുശതമാനം അധികം പ്രോത്സാഹനസമ്മാനം ലഭിക്കും. സിനിമയുടെ പകുതിയോ അതിനു മുകളിലോ ചിത്രീകരണം ആസാമിൽ നടത്തുന്നവർക്കു മറ്റൊരു പത്തുശതമാനം കൂടി പ്രോത്സാഹനസമ്മാനം ലഭിക്കുമെന്ന് ആസാം ടൂറിസം മന്ത്രി അറിയിച്ചു.അടുത്ത വർഷം ജനുവരി മുതൽ പുതിയ ടൂറിസം നയം പ്രാബല്യത്തിൽ വരും.