ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ സജ്ജമായിരിക്കേണ്ട അഗ്നിരക്ഷാ സേനയില്‍ എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളുമൊരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തസ്ഥലങ്ങളില്‍ എത്രയും വേഗം എത്തിച്ചേരാനും രക്ഷാനടപടികളിലേര്‍പ്പെടാനും സേനയ്ക്ക് അത്യന്താധുനിക സജ്ജീകരണങ്ങള്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കോന്നി അടക്കമുള്ള സ്ഥലങ്ങളില്‍ അഗ്നി ശമന സേനകള്‍ക്ക് ആംബുലന്‍സും ആധുനിക സൌകര്യവും ലഭിക്കുന്നതിനുള്ള വഴി തുറന്നു .ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കും എന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സേനയ്ക്ക് കൂടുതല്‍ കര്‍മ്മ ശേഷി കൈവരും .സംസ്ഥാനത്തെ എല്ലാ അഗ്നി ശമന കേന്ദ്രങ്ങള്‍ക്കും പ്രയോജനം ലഭിക്കും .
കോന്നിയില്‍ അഗ്നിശമന കേന്ദ്രത്തിനു ആംബുലന്‍സ് ഇല്ലാ എന്ന് കോന്നി വാര്‍ത്ത ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു .
ലോക ദുരന്ത ലഘൂകരണദിനാചരണത്തോടനുബന്ധിച്ച് അഗ്നി രക്ഷാ വകുപ്പ് നടപ്പാക്കുന്ന ആപ്താ മിത്ര പദ്ധതി (സാമൂഹികാധിഷ്ഠിത ദുരന്ത പ്രതികരണ സേന) ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങള്‍ നേരിടുമ്പോള്‍ എങ്ങനെ ആഘാതം കുറച്ചുകൊണ്ടുവരാം എന്നത് ഗൗരവമായി ആലോചിക്കേണ്ട കാര്യമാണ്. മുമ്പൊക്കെ പ്രകൃതിദുരന്തങ്ങള്‍ വരുമ്പോള്‍ മുഷ്യനു നിസ്സഹായമായി നോക്കിനില്‍ക്കാനേ കഴിയുമായിരുന്നുള്ളൂ. പക്ഷേ, ഇക്കാലത്ത് ദുരന്തസാധ്യത മനസ്സിലാക്കി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയതുകൊണ്ട് ദുരന്തങ്ങളുടെ ആഘാതം വളരെയധികം കുറച്ച അനുഭവങ്ങളുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ വളരെയധികം നാശനഷ്ടങ്ങളുണ്ടാക്കുന്ന കൊടുങ്കാറ്റുകള്‍ പലതും ക്യൂബയിലൂടെയാണ് കടന്നു പോകുന്നത്. പക്ഷേ, ക്യൂബയ്ക്ക് ആപത്തുകള്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നു. അമേരിക്കയെക്കാള്‍ വളരെച്ചെറിയ രാജ്യമാണെങ്കിലും ഇത്തരം ദുരന്തങ്ങള്‍ക്കെതിരെ സുസജ്ജമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നവരാണ് ക്യൂബയിലെ ജനങ്ങളെന്നും ഉദാഹരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ക്യൂബയെ മാതൃകയാക്കി ലോകത്തെ പല സ്ഥലങ്ങളിലും ദുരന്ത ലഘൂകരണത്തിന് മുന്നൊരുക്കങ്ങള്‍ നടത്തുന്നത് നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തില്‍ത്തന്നെ സംസ്ഥാനത്ത് ദുരന്ത ലഘൂകരണത്തിന് പരിശീലനം സിദ്ധിച്ച സന്നദ്ധപ്രവര്‍ത്തകരുടെ സേന രൂപീകരിക്കാനായത് അഭിനന്ദനീയമാണ്. കോട്ടയം ജില്ലയിലെ മുന്നൂറില്‍പരം സന്നദ്ധപ്രവര്‍ത്തകരെയാണ് സാമൂഹികാധിഷ്ഠിത ദുരന്തപ്രതികരണ സേനയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ദുരന്ത പ്രതികരണത്തില്‍ ഇവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി ഏതു ദുരന്തത്തിലും പ്രഥമ പ്രതികരണസേനയായി പരിശീലിപ്പിച്ചെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. എല്ലാ ഗ്രാമങ്ങളിലും ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ളവരുടെ സേനകള്‍ രൂപീകരിക്കണം. അവര്‍ക്ക് തിരിച്ചറിയല്‍ സംവിധാനവുമൊരുക്കണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള വരള്‍ച്ചയും ജലക്ഷാമവുമെല്ലാം വലിയ ദുരന്തങ്ങളാണ്. ഒരു മഴ ലഭിക്കുമ്പോഴേക്കും മുമ്പു കടന്നുപോയ വലിയ വരള്‍ച്ചക്കാലത്തെ നാം മറന്നുപോകരുത്. മഴവെള്ളം സംഭരിക്കാനും ഭൂമിയിലേക്ക് ഇറക്കിവിടാനും ജലാശയങ്ങള്‍ സംരക്ഷിക്കാനും നാം കുറച്ചുകൂടി ജാഗ്രത കാണിക്കണം. പ്രകൃതിയില്‍ നാം നടത്തുന്ന കയ്യേറ്റങ്ങള്‍ ദുരന്തങ്ങളെ വിളിച്ചുവരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ദുരന്തനിവാരണത്തിന് നിയോഗിക്കപ്പെട്ടവര്‍ക്ക് ദുരന്തസ്ഥലത്ത് എത്താന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ തദ്ദേശീയരായ സന്നദ്ധ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം വളരെയധികം ഫലപ്രദമാകാറുണ്ട്. ഇത്തരം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മതിയായ പരിശീലനം നല്‍കണമെന്നും പ്രാദേശികമായ കൂട്ടായ്മകള്‍ സംസ്ഥാനത്തുടനീളം വളര്‍ത്തിയെടുക്കണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അഗ്നി രക്ഷാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ. തച്ചങ്കരി സ്വാഗതം പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, കോട്ടയം ജില്ലാ കളക്ടര്‍ ഡോ.ബി.എസ്. തിരുമേനി, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.