സ്‌കൂള്‍, കോളജ് അധ്യാപകര്‍ ലഹരിക്കെതിരെയുള്ള സന്ദേശ വാഹകരാകണമെന്നും കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ തയാറാകണമെന്നും എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ആരംഭിക്കുന്ന ലഹരിവിരുദ്ധ ക്ലബ്ബുകളുടെ രൂപീകരണയോഗം കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകരും എക്സൈസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വാട്സ് ആപ് ഗ്രൂപ്പ് നിര്‍മിക്കണം. ഈ ഗ്രൂപ്പിലൂടെ വിവരങ്ങള്‍ അതിവേഗം വകുപ്പിന് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിദ്യാര്‍ഥി ലഹരിയുടെ പിടിയിലാണോ എന്ന് മാതാപിതാക്കളെക്കാള്‍ വേഗത്തില്‍ മനസിലാക്കാന്‍ നല്ല അധ്യാപകന് സാധിക്കും. പതിവായി സ്‌കൂളില്‍ നിന്നും വിട്ടു നില്‍ക്കുക, ക്ലാസില്‍ ഉറക്കം തൂങ്ങുക, യാതൊരുവിധ ശ്രദ്ധയുമില്ലാതെ ക്ലാസില്‍ അലക്ഷ്യമായി ഇരിക്കുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ കൃത്യമായ കൗണ്‍സിലിങ് നല്‍കുന്നതിന് അധ്യാപകര്‍ മുന്‍കൈയെടുക്കണം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് ബോധ്യപ്പെട്ടാല്‍ അവരെ രക്ഷിക്കാന്‍ അധ്യാപകര്‍ മുന്‍കൈയെടുക്കണം. സ്പോര്‍ട്സ് പോലെയുള്ള പാഠ്യേതര വിഷയങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നത് വിദ്യാര്‍ഥികളെ വഴിതെറ്റിക്കാതിരിക്കാന്‍ സഹായിക്കും. വിദ്യാര്‍ഥികളെ അനാവശ്യമായി മാനസിക സമ്മര്‍ദത്തിലാക്കുന്ന പ്രവണത അധ്യാപകരും രക്ഷിതാക്കളും ഒഴിവാക്കണം. ഏല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയാല്‍ മാത്രമേ ഒരാള്‍ക്ക് ജീവിത വിജയം കൈവരിക്കാന്‍ സാധിക്കൂ എന്ന് പറയുന്നത് മൗഠ്യമാണ്. ഇന്ത്യയില്‍ ഓരോ മാസവും നൂറുകണക്കിന് കുട്ടികളാണ് വീടുകളില്‍ നിന്നും ഒളിച്ചോടുന്നത്. പഠനവിഷയങ്ങളില്‍ അനാവശ്യ സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നതാണ് വിദ്യാര്‍ഥികളെ ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിനായി നടപ്പാക്കുന്ന വിമുക്തി പദ്ധതിക്കായി 100 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി. സിനിമാ പ്രദര്‍ശനം അടക്കമുള്ള പരിപാടികള്‍ നടത്തിവരുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 600 ടണ്‍ പാന്‍പരാഗ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പിടികൂടാന്‍ സാധിച്ചു. 120,000 കേസുകളാണ് സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്തത്. 30,000 പേരെ ജയിലിലടക്കാനും സാധിച്ചു. എന്നാല്‍ വിദ്യാലയ പരിസരത്തെ മയക്കുമരുന്ന് വേട്ടക്ക് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണം ആവശ്യമാണ് എന്നതിനാലാണ് ലഹരിവിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിക്കുന്നത്. മയക്കുമരുന്ന് വില്‍പനയുമായോ ഉപയോഗവുമായോ ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ 9447178055, 9447178000 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.മുഹമ്മദ് റഷീദ്, വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.