Trending Now

ലോക്അദാലത്തില്‍ 9.21 ലക്ഷം രൂപയുടെ വായ്പാ കുടിശിക 1.8 ലക്ഷത്തിന് തീര്‍പ്പാക്കി

 
സര്‍ക്കാര്‍ വകുപ്പുകളുമായും ബാങ്കുകളുമായും ബന്ധപ്പെട്ട് ഒത്തുതീര്‍പ്പാക്കുന്ന കേസുകള്‍ പരിഗണിക്കുന്നതിനായി ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കോടതി ഹാളില്‍ നടന്ന ലോക് അദാലത്തില്‍ 9.21 ലക്ഷം രൂപ വായ്പാ കുടിശികയുണ്ടായിരുന്ന പത്തനംതിട്ട സ്വദേശിനിയുടെ വായ്പ 1.8 ലക്ഷം രൂപയ്ക്ക് ബാങ്ക് ഓഫ് ഇന്‍ഡ്യ തീര്‍പ്പാക്കി. ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിന്നും 2010ല്‍ നാല് ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ എടുത്തിരുന്ന അപേക്ഷകയ്ക്ക് പലിശ ഉള്‍പ്പെടെ 9.21 ലക്ഷം രൂപയാണ് കുടിശിക ഉണ്ടായിരുന്നത്. കുടിശിക ഈടാക്കുന്നതിനായി ബാങ്ക് അധികൃതര്‍ പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയിരുന്നു. 1.8 ലക്ഷം രൂപയ്ക്ക് കുടിശിക തീര്‍പ്പാക്കാന്‍ ബാങ്ക് അനുവദിച്ചതോടെ അപേക്ഷകയ്‌ക്കെതിരെയുള്ള കോടതിയിലെ കേസ് പിന്‍വലിക്കും. വിദ്യാഭ്യാസ വായ്പയെടുത്ത് കുടിശിക വരുത്തിയ നിരവധി പേര്‍ക്ക് വന്‍ ഇളവുകളോടെ കുടിശിക തീര്‍പ്പാക്കുന്നതിന് ലോക്അദാലത്തില്‍ ബാങ്കുകള്‍ അനുവദിച്ചു. ബാങ്ക്, ബി.എസ്.എന്‍.എല്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവ ഉള്‍പ്പടെയുള്ള 659 പ്രീ ലിറ്റിഗേഷന്‍ കേസുകളാണ് റാന്നി, തിരുവല്ല, അടൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലായി നടന്ന അദാലത്തില്‍ തീര്‍പ്പാക്കിയത്. ഈ കേസുകളുമായി ബന്ധപ്പെട്ട് 1.43 കോടി രൂപ ഈടാക്കാനും കഴിഞ്ഞു. വാഹനാപകട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസുകള്‍, മറ്റ് സിവില്‍ കേസുകള്‍ തുടങ്ങി കോടതിയുടെ പരിഗണനയിലുള്ള 351 കേസുകള്‍ തീര്‍പ്പാക്കുകയും 4.71 കോടി രൂപയുടെ അവാര്‍ഡ് പാസാക്കാനും ലോക് അദാലത്തിന് കഴിഞ്ഞു. പത്തനംതിട്ട കോടതി ഹാളില്‍ നടന്ന ലോക് അദാലത്തിന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്‍, സബ് ജഡ്ജി ആര്‍.ജയകൃഷ്ണന്‍, മറ്റ് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അടൂര്‍, തിരുവല്ല, റാന്നി എന്നിവിടങ്ങളില്‍ നടന്ന അദാലത്തുകള്‍ക്ക് ബന്ധപ്പെട്ട ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ നേതൃത്വം നല്‍കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു