Trending Now

പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് നിരോധിച്ചു

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതും നദിയെ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവായി. 2011 ലെ കേരള പോലീസ് ആക്ട് സെക്ഷന്‍ 80 പ്രകാരവും 1974 ലെ വാട്ടര്‍ (പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് പൊല്യൂഷന്‍) ആക്ട് സെക്ഷന്‍ 24 പ്രകാരവുമാണ് നിരോധനം. ഉത്തരവുപ്രകാരം പമ്പാനദിയില്‍ എണ്ണയും സോപ്പും ഉപയോഗിച്ച് കുളിക്കരുത്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രകൃതിയില്‍ ലയിച്ചുചേരാത്തതോ, ലയിക്കുന്നതിന് കാലതാമസം വരുന്നതോ ആയ ടിന്‍, ക്യാന്‍, സോഫ്റ്റ് ഡ്രിംഗ്‌സ്, ക്യാനില്‍ നിറച്ച ഭക്ഷണ സാധനങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. പ്ലാസ്റ്റിക് ബോട്ടിലില്‍ നിറച്ച വെള്ളത്തിനും നിരോധനം ബാധകമാണ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ഒന്നര വര്‍ഷം മുതല്‍ ആറു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, തിരുവല്ല ആര്‍.ഡി.ഒ, എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയെ ഉത്തരവ് നടപ്പാക്കുന്നതിന് ചുമതലപ്പെടുത്തി. പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് നിരോധിച്ച് 2015 ഒക്ടോബര്‍ 16ന് കേരള ഹൈക്കോടതി ഉത്തരവായിരുന്നു. തീര്‍ഥാടകര്‍ പമ്പാനദിയില്‍ തുണി ഉപേക്ഷിക്കുന്നതും എണ്ണയും സോപ്പും ഉപയോഗിച്ച് കുളിക്കുന്നതും പമ്പയുടെ പരിസ്ഥിതി സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

ഉതൃട്ടാതി ജലമേള : ഡ്രഡ്ജര്‍ ഉപയോഗിച്ച്
മണ്‍പുറ്റുകള്‍ നീക്കം ചെയ്യാന്‍ തീരുമാനം
ആറന്മുള ഉതൃട്ടാതി ജലമേളയുടെ സുഗമമായ നടത്തിപ്പിനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്‍പുറ്റ് അടിയന്തിരമായി നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നേരത്തെ നാലുകോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി മണ്ണ് മാറ്റുന്നതിന് പദ്ധതി തയാറാക്കിയിരുന്നുവെങ്കിലും ഇത് വലിയ തുകയാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് പുനഃക്രമീകരിക്കുകയും 1.22 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു. ഇതിന് ഈ മാസം 30ന് മുന്‍പ് ഭരണാനുമതി നല്‍കാന്‍ ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്‍പുറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നതിനാണ് പുതിയ എസ്റ്റിമേറ്റ് വിഭാവനം ചെയ്യുന്നത്. ഈ വര്‍ഷത്തെ ജലമേളയ്ക്ക് മുന്‍പ് പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയുകയില്ല. ഈ സാചഹര്യത്തില്‍ പള്ളിയോടങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സ്ഥലങ്ങളിലെ മണ്‍പുറ്റുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യുന്നതിന് മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ചുമതലയില്‍ ഡ്രഡ്ജറുകള്‍ എത്തിച്ച് ജൂലൈ 15ന് മുന്‍പ് അത്യാവശ്യമുള്ള പണികള്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഉതൃട്ടാതി ജലമേള നടക്കുന്ന പമ്പാനദിയിലെ മണ്‍പുറ്റുകള്‍ ശാശ്വതമായി നീക്കം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ നടപടികള്‍ എടുത്തുവരുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ഇക്കാര്യത്തില്‍ മുന്‍പ് നാലു കോടി രൂപയ്ക്ക് തയാറാക്കിയ എസ്റ്റിമേറ്റ് ഉയര്‍ന്ന തുകയ്ക്ക് ഉള്ളതായിരുന്നെങ്കിലും മണ്‍പുറ്റിന് ശാശ്വത പരിഹാരം ഉണ്ടാക്കില്ല എന്ന് ബോധ്യപ്പെട്ടിരുന്നു. ഇപ്പോള്‍ 1.22 കോടി രൂപ ചെലവില്‍ തയാറാക്കിയിട്ടുള്ള എസ്റ്റിമേറ്റ് പ്രകാരമുള്ള പണികള്‍ പൂര്‍ത്തിയാകുമ്പോള്‍ 25 വര്‍ഷക്കാലത്തേക്ക് മണ്‍പുറ്റുകളുടെ പ്രശ്‌നം നദിയില്‍ ഉണ്ടാകില്ല എന്ന് വിദഗ്ധ ഉപദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള പണികള്‍ ഈ വര്‍ഷത്തെ വള്ളംകളി കഴിഞ്ഞാലുടന്‍ തന്നെ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. വള്ളസദ്യയുമായി ബന്ധപ്പെട്ട ക്ഷേത്ര കോമ്പൗണ്ടിനു പുറത്ത് സ്ഥിരമായി പൈപ്പ് ലൈന്‍ നീട്ടി ആസ്തി വികസന ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് കൈകഴുകുന്നതിനുള്ള പൈപ്പുകള്‍ സ്ഥാപിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
ആഞ്ഞിലിമൂട്ടില്‍ കടവ് പാലത്തിന്റെ നിര്‍മാണത്തിനായി നിര്‍മിച്ചിട്ടുള്ള താല്‍ക്കാലിക മണ്‍ ബണ്ട് അപകടകരമായതിനാല്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് നിര്‍മിച്ച മണ്‍ ബണ്ടിന്റെ ഭൂരിഭാഗവും ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ഒലിച്ചുപോയിട്ടുള്ളതായും ബാക്കി ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനും പാലം പണിയുമായി ബന്ധപ്പെട്ട് നദിയില്‍ സ്ഥാപിച്ചിട്ടുള്ള ജങ്കാര്‍ മാറ്റുന്നതിനുമുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കോഴഞ്ചേരി പാലത്തിനു സമീപം നദിയില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് വേനല്‍ക്കാലത്ത് മണ്‍ചാക്കുകള്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള തടയണ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. മൈനര്‍ ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
വള്ളസദ്യക്കെത്തുന്ന എല്ലാ വള്ളങ്ങളിലെയും തുഴച്ചിലുകാരും യാത്രക്കാരും ലൈഫ് ജാക്കറ്റുകള്‍ ധരിക്കണമെന്ന് അഗ്നിശമന വിഭാഗം നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ആചാരപരമായ പരിമിതികള്‍ ഉള്ളതിനാല്‍ തുഴച്ചില്‍കാര്‍ക്ക് ലൈഫ് ജാക്കറ്റ് ധരിക്കുന്നതിന് ബുദ്ധിമുട്ടുള്ളതായി പള്ളിയോട സേവാസംഘം അറിയിച്ചു. അപകടങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് ലൈഫ് ജാക്കറ്റ് ധരിക്കുന്നതുള്‍പ്പടെയുള്ള അഗ്നിശമന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും ഇക്കാര്യത്തില്‍ ആവശ്യമുള്ള പക്ഷം വള്ളസദ്യക്ക് പള്ളിയോടങ്ങളില്‍ എത്തുന്നവരുടെ യോഗം പള്ളിയോട സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ത്ത് സമവായമുണ്ടാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
പൊതുമരാമത്ത് വകുപ്പ് ആറന്മുളയിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ ജലമേളയ്ക്കു മുന്‍പ് പൂര്‍ത്തിയാക്കും. കെ.എസ്.ആര്‍.ടി.സി മുന്‍വര്‍ഷങ്ങളിലേതുപോലെ വിവിധ ഡിപ്പോകളില്‍ നിന്ന് ആറന്മുള വഴി ജൂലൈ 15 മുതല്‍ ആവശ്യത്തിനു ബസ് സര്‍വീസുകള്‍ നടത്തും. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജലമേള നടക്കുന്ന പ്രദേശങ്ങളും പരിസര പ്രദേശങ്ങളും ശുചീകരിക്കുകയും ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. ദൂരദര്‍ശന്‍, ആകാശവാണി എന്നിവയ്ക്ക് ജലമേളയുടെ തല്‍സമയ സംപ്രേഷണം നടത്തുന്നതിന് ബി.എസ്.എന്‍.എല്‍ പ്രത്യേക ബ്രോഡ്ബാന്റ് കണക്ഷന്‍ നല്‍കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആറന്മുളയില്‍ താല്‍ക്കാലിക ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിച്ച് ജലമേള സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്യും. ആറന്മുള, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, കോയിപ്രം, കോഴഞ്ചേരി ഗ്രാമ പഞ്ചായത്തുകള്‍ തെരുവ് വിളക്കുകള്‍ ആവശ്യമുള്ളിടത്ത് സ്ഥാപിക്കുകയും നിലവിലുള്ളവ അറ്റകുറ്റപണികള്‍ നടത്തി ഉപയോഗ യോഗ്യമാക്കുകയും ചെയ്യും.
പോലിസിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍, ട്രാഫിക് നിയന്ത്രണം, വി.ഐ.പി സുരക്ഷ ഉറപ്പുവരുത്തുകയും ജലമേള ദിവസം പട്രോളിംഗ് നടത്തുന്നതിനായി ആവശ്യത്തിനു സ്പീഡ് ബോട്ടുകള്‍ ലഭ്യമാക്കുകയും ചെയ്യും. ആറന്മുളയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ വാട്ടര്‍ അതോറിറ്റി സ്വീകരിക്കും.
ഉതൃട്ടാതി ജലമേള നടക്കുന്നതിന്റെ തലേദിവസം ശബരിഗിരി ജലവൈദ്യുത പദ്ധതിയില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദനം നടത്തുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കും. ജലമേള ദിവസം പമ്പാനദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് കൂടുതല്‍ വൈദ്യുതി ഉത്പാദനം നടത്താന്‍ നിര്‍ദേശിക്കുക. ആവശ്യമെങ്കില്‍ കാരിക്കയം, അള്ളുങ്കല്‍, പെരുന്തേനരുവി ജലവൈദ്യുതി പദ്ധതികൡും കൂടുതല്‍ വൈദ്യുതോത്പാദനം ജലമേളയ്ക്കു മുന്‍പുള്ള ദിവസങ്ങളില്‍ നടത്തുന്നതിന് നിര്‍ദേശം നല്‍കാനും തീരുമാനമായി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീല മോഹന്‍, ആറന്മുള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് വേരുങ്കല്‍, വിവിധ വകുപ്പ് മേധാവികള്‍, പള്ളിയോട സേവാസംഘം ഭാരവാഹികളായ ഡോ. കെ.ജി ശശിധരന്‍പിള്ള, പി.ആര്‍ രാധാകൃഷ്ണന്‍, കെ.കെ ഗോപിനാഥന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ 24 മുതല്‍ 28 വരെ
റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്ന സ്ഥലങ്ങള്‍
ജില്ലയില്‍ അടുത്ത ഘട്ട റേഷന്‍കാര്‍ഡ് വിതരണം ഇന്ന് (24) മുതല്‍ 28 വരെ നടക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ജി.പ്രസന്നകുമാരി അറിയിച്ചു. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വിതരണ സമയം. കാര്‍ഡ് ഉടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗമോ തിരിച്ചറിയല്‍ രേഖയും നിലവിലുള്ള റേഷന്‍ കാര്‍ഡുമായി വിതരണ കേന്ദ്രത്തിലെത്തണം.
തീയതി, താലൂക്ക്, പഴയ എആര്‍ഡി നമ്പര്‍, പുതിയ എആര്‍ഡി നമ്പര്‍ ബ്രാക്കറ്റില്‍, വിതരണ കേന്ദ്രം എന്ന ക്രമത്തില്‍ :
കോഴഞ്ചേരി താലൂക്ക് ഇന്ന് (24) 49 (49) ചെന്നീര്‍ക്കര റേഷന്‍കട. 50 (50) മഞ്ഞിനിക്കര റേഷന്‍കട. 51 (51) ഊന്നുകല്‍ ജംഗ്ഷന്‍ റേഷന്‍കട. 55 (55), 56 (56) മുട്ടത്തുകോണം റേഷന്‍കട. 59 (59) പ്രക്കാനം ചെന്നീര്‍ക്കര റേഷന്‍കട. 27ന് 101 (101) വെട്ടിപ്പുറം റേഷന്‍കട. 112 (112) പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം റേഷന്‍കട. 103 (103) വെട്ടിപ്പുറം റേഷന്‍കട. 104 (104) ചുരുളിക്കോട് റേഷന്‍കട. 99 (99) അഞ്ചക്കാല റേഷന്‍കട. 111 (111) പത്തനംതിട്ട മാര്‍ക്കറ്റ് റേഷന്‍കട. 241 (143) തോട്ടപ്പുറം റേഷന്‍കട. 28ന് 61 (61) ഇലന്തൂര്‍ ചന്ത റേഷന്‍കട. 63 (63) ഇലന്തൂര്‍ ജംഗ്ഷന്‍ റേഷന്‍കട. 65 (65) വാര്യാപുരം റേഷന്‍കട. 66 (66) വാര്യാപുരം വൈ.എം.എ ഹാള്‍. 67 (67) പൂക്കോട് റേഷന്‍കട. 68 (68) പരിയാരം റേഷന്‍കട. 69 (69) നെല്ലിക്കാല റേഷന്‍കട.
തിരുവല്ല താലൂക്ക് ഇന്ന് (24) 80 (80) മഞ്ഞാടി റേഷന്‍ ഡിപ്പോ. 98 (98) സ്വാമിപാലം റേഷന്‍ ഡിപ്പോ. 127 (127) വളഞ്ഞവട്ടം ഈസ്റ്റ്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരിഷ് ഹാള്‍. 76 (76) ഡയറ്റ് ഹാള്‍, തിരുവല്ല. 117 (117) വളഞ്ഞവട്ടം ഈസ്റ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരിഷ് ഹാള്‍. 27ന് 86 (86) മുത്തൂര്‍ എന്‍.എസ്.എസ് കരയോഗം എല്‍.പി സ്‌കൂള്‍. 118 (118), 131 (131) വളഞ്ഞവട്ടം റേഷന്‍ഡിപ്പോ. 74 (74) വാരിക്കാട് റേഷന്‍ ഡിപ്പോ. 75 (75) ചുമത്ര റേഷന്‍ ഡിപ്പോ. 28ന് 82 (82) കാവുംഭാഗം റേഷന്‍ ഡിപ്പോ. 77 (77), 85 (85) ഉത്രമേല്‍ ക്ഷേത്ര സദ്യാലയം. 129 (129), 130 (130) കടപ്ര റേഷന്‍ ഡിപ്പോ.
അടൂര്‍ താലൂക്ക് ഇന്ന് (24) 73 (54), 75 (56), 183 (63) കൊട്ടറ ചൂരക്കോട് ഗവ.എല്‍.പി.എസ്. 105 (81), 194 (84) തുവയൂര്‍ തെക്ക് സത്യവാന്‍ സ്മാരക ഗ്രന്ഥശാല. 26ന് 102 (78) കന്നാറ്റുകുന്ന് തുവയൂര്‍ തെക്ക് റേഷന്‍ ഡിപ്പോ. 86 (28) മലമേക്കര റേഷന്‍കട. 180 (42) റേഷന്‍കട മാര്‍ക്കറ്റ് ജംഗ്ഷന്‍. 181 (43) റേഷന്‍കട ചാല ജംഗ്ഷന്‍. 186 (46) റേഷന്‍കട തോട്ടുവ ജംഗ്ഷന്‍. 27ന് 68(49) 79 (60) 80 (61), 190 (65) പുതുശേരി ഭാഗം മഹര്‍ഷിക്കാവ് ക്ഷേത്രം ഓഡിറ്റോറിയം. 70 (51) വടക്കടത്തുകാവ് ഗ്രന്ഥശാല. 28ന് 59 (86) ഇളങ്കമംഗലം റേഷന്‍ ഡിപ്പോ. 71 (52) പരുത്തിപ്പാറ റേഷന്‍കടയ്ക്ക് സമീപം. 77 (58) വടക്കടത്തുകാവ് റേഷന്‍കടയ്ക്ക് സമീപം. 99 (75), 101 (77), 163 (83) തുവയൂര്‍ ജംഗ്ഷന്‍ എസ്.എന്‍.ഡി.പി മന്ദിരം. 67 (48) വെള്ളംകുളങ്ങര റേഷന്‍കട.
റാന്നി താലൂക്ക് ഇന്ന് (24) 65 (59) മക്കപ്പുഴ റേഷന്‍കടയ്ക്ക് സമീപം. 66 (64) ഇടമണ്‍ റേഷന്‍കടയ്ക്ക് സമീപം. 69 (61), 70 (62) ചേത്തയ്ക്കല്‍ റേഷന്‍കടയ്ക്ക് സമീപം. 71 (63) ഇടമണ്‍ റേഷന്‍ കടയ്ക്ക് സമീപം. 26ന് 73 (77) മണ്ണടിശാല റേഷന്‍കടയ്ക്ക് സമീപം. 74 (74) കൂത്താട്ടുകുളം റേഷന്‍കടയ്ക്ക് സമീപം. 75 (72) വെച്ചൂച്ചിറ റേഷന്‍കടയ്ക്ക് സമീപം. 148 (88) തോമ്പിക്കണ്ടം റേഷന്‍കടയ്ക്ക് സമീപം. 153 (75) നവോദയ റേഷന്‍കടയ്ക്ക് സമീപം. 27ന് 90 (106) തലച്ചിറ റേഷന്‍കടയ്ക്ക് സമീപം. 128 (105) കൊമ്പനോലി റേഷന്‍കടയ്ക്ക് സമീപം. 105 (116), 110 (118) പെരുനാട് റേഷന്‍കടയ്ക്ക് സമീപം. 154 (120) കണ്ണനുമണ്‍ റേഷന്‍ കടയ്ക്ക് സമീപം. 28ന് 95 (108) ബൗണ്ടറി റേഷന്‍ കടയ്ക്ക് സമീപം. 112 (119) മാമ്പാറ റേഷന്‍ കടയ്ക്ക് സമീപം. 118 (125) തുലാപ്പള്ളി റേഷന്‍കടയ്ക്ക് സമീപം. 138 (109) അരീക്കക്കാവ് റേഷന്‍ കടയ്ക്ക് സമീപം. 124 (92) മടന്തമണ്‍ റേഷന്‍കടയ്ക്ക് സമീപം.
മല്ലപ്പള്ളി താലൂക്ക് ഇന്ന് (24) 52 (52) ഹൈസ്‌കൂള്‍ പടി മല്ലപ്പള്ളി റേഷന്‍ കടയ്ക്ക് സമീപം. 49 (49) പാടിമണ്‍. 27ന് 45 (45) നാരകത്താനി റേഷന്‍കടയ്ക്ക് സമീപം. 37 (37), 36 (36), 34 (34) എഴുമറ്റൂര്‍ റേഷന്‍കടയ്ക്ക് സമീപം. 26 (26) താളിയാനിക്കല്‍ പടി ചാലാപ്പള്ളി. 28ന് 38 (38), 39 (39) വാളക്കുഴി റേഷന്‍കടയ്ക്ക് സമീപം. 78 (78) വെണ്ണിക്കുളം റേഷന്‍കടയ്ക്ക് സമീപം. 81 (81) വെള്ളാറ റേഷന്‍കടയ്ക്ക് സമീപം. 82 (82) മുണ്ടമല റേഷന്‍കടയ്ക്ക് സമീപം.
കോന്നി താലൂക്ക് ഇന്ന് (24) 142 (97), 141 (98) വെട്ടൂര്‍ എസ്.പി.എം.യു.പി.എസ്. 139 (100) പരുത്യാനിക്കല്‍ എസ്.എന്‍.ഡി.പി ഹാള്‍. 127 (101) എസ്.എന്‍.ഡി.പി മന്ദിരം മലയാലപ്പുഴ താഴം. 128 (102), 129 (103) മലയാലപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍. 26ന് 134 (123), 98 (124) വയ്യാറ്റുപുഴ റേഷന്‍ ഡിപ്പോയ്ക്ക് സമീപം. 132 (125), 88 (126), 96 (127) ചിറ്റാര്‍ റേഷന്‍ ഡിപ്പോ. 27ന് 97 (132), 120 (128), 104 (131) ചിറ്റാര്‍ റേഷന്‍ ഡിപ്പോ. 139 (129) ചിറ്റാര്‍ എ.ആര്‍.ഡി 125 സ്ഥലം. 127 (130) പാമ്പി റേഷന്‍ ഡിപ്പോ. 152 (121) നീലിപ്പിലാവ് റേഷന്‍ ഡിപ്പോ. 119 (133) മൂന്നുകല്‍ റേഷന്‍ ഡിപ്പോ. 28ന് 100 (134) സീതത്തോട് റേഷന്‍ ഡിപ്പോ. 103 (135) എസ്.എന്‍.ഡി.പി ഓഡിറ്റോറിയം സീതത്തോട്. 101 (136) സീതത്തോട് സെന്റ് ജോര്‍ജ് ക്‌നാനായ ചര്‍ച്ച് കെട്ടിടം. 99 (137) സീതത്തോട് റേഷന്‍ ഡിപ്പോ. 135 (138) ഗുരുനാഥന്‍മണ്ണ് റേഷന്‍ ഡിപ്പോ. 144 (139) കൊച്ചുകോയിക്കല്‍ റേഷന്‍ ഡിപ്പോ.

അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വിവിധ സെന്ററുകളില്‍ നടത്തുന്ന രണ്ടാഴ്ചത്തെ ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റോടുകൂടിയ ഇന്‍പ്ലാന്റ് ട്രെയിനിംഗ്/ഇന്റേണ്‍ഷിപ്പിലേക്ക് ബി.ഇ/ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഈ മാസവും അടുത്ത മാസവും ആയിരിക്കും പരിശീലനം. ഫോണ്‍ : 8848372265.
വ്യാജമദ്യ നിയന്ത്രണ സമിതി
വ്യാജമദ്യ നിയന്ത്രണ സമിതി ജില്ലാതല യോഗം 29ന് രാവിലെ 11ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
തൊഴിലുറപ്പില്‍ പ്രകൃതി വിഭവ പരിപാലനത്തിന് മുന്‍ഗണന നല്‍കണം :
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പ്രകൃതി വിഭവ പരിപാലനത്തിന് മുന്‍ഗണന നല്‍കിയുള്ള ആസ്തി വികസന പദ്ധതികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ മുന്‍ഗണന നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ദാരിദ്ര്യ ലഘൂകരണ വിഭാഗം സംഘടിപ്പിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കഴിയണം. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യത പരമാവധി ഇതിനായി ഉപയോഗിക്കണമെന്ന് പ്രസിഡന്റ് നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടായി പരിശ്രമിച്ചാല്‍ ജില്ലയില്‍ മാതൃകപരമായ പദ്ധതികളുണ്ടാക്കാനാവുമെന്നും പ്രസിഡന്റ് പറഞ്ഞു.
വിവിധ വകുപ്പുകളുടെ പദ്ധതികള്‍ സംയോജിപ്പിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയാല്‍ സ്ഥായിയായ ആസ്തികള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി എന്നാല്‍ കാടുവെട്ടലും പുല്ലുചെത്തുമാണെന്ന ധാരണ മാറ്റിയെടുക്കാന്‍ കഴിയണം. ജനപ്രതിനിധികളുടെ പിന്തുണയോടെ മാതൃകാപരമായ പദ്ധതികളേറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പുതുക്കിയ മാര്‍ഗരേഖയും ഉത്തരവുകളും അനുസരിച്ച് പദ്ധതികള്‍ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടര്‍ ഓര്‍മിപ്പിച്ചു.
ഉല്പാദനം വര്‍ധിപ്പിക്കുന്നതും ആവര്‍ത്തന സ്വഭാവമില്ലാത്തതുമായ നല്ല ആസ്തികളുണ്ടാവണം. സ്‌കൂള്‍ ടോയ്‌ലറ്റുകള്‍, സര്‍ക്കാര്‍ പദ്ധതിയില്‍ പുതുതായി വീടുകള്‍ അനുവദിച്ച ഗുണഭോക്താക്കള്‍ക്ക് ശുചിമുറി, കിണര്‍ റീചാര്‍ജിങ്, അങ്കണവാടി നിര്‍മാണം, ചെടി നഴ്‌സറി, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പദ്ധതി മാര്‍ഗരേഖ പാലിച്ച് ഏറ്റെടുക്കാവുന്നതാണെന്ന് ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ കലക്ടര്‍ പറഞ്ഞു. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാനുകള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. പള്ളിക്കലാര്‍, വരട്ടാര്‍ പ്രദേശത്തെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ ആറുകളുടെ സ്ഥായിയായ സംരക്ഷണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും കലക്ടര്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ – ഓര്‍ഡിനേറ്ററും പ്രോജക്ട് ഡയറക്ടറുമായ ജി കൃഷ്ണകുമാര്‍ പദ്ധതി വിശദീകരിച്ചു. തൊഴിലുറപ്പു പദ്ധതി സംസ്ഥാന മിഷന്‍ ജോയിന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ബി സജിത്, ആലപ്പുഴ ജില്ലയിലെ തൊഴിലുറപ്പു പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജെഡിസി പി വിജയകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. സംസ്ഥാന തൊഴിലുറപ്പ് സെല്‍ ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍മാരായ ഡോ.റ്റി ഷാജി, കെ പി ജോസഫ്, എഡിസി ജനറല്‍ കെ രശ്മിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. തൊഴിലുറപ്പില്‍ ആസ്തി വികസനം, പ്രകൃതി വിഭവ പരിപാലന പ്രവൃത്തികള്‍, സാധന സാമഗ്രികളുടെ ഉപയോഗം എന്നിവ സംബന്ധിച്ചുളള സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.
ജില്ലയിലെ വിവിധ വകുപ്പുകളിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, അസിസ്റ്റന്റ് എന്‍ജീനിയര്‍മാര്‍, ജോയിന്റ് ബിഡിഒമാര്‍, ബ്ലോക്ക് – ഗ്രാമപഞ്ചായത്തുകളിലെ അക്രഡിറ്റഡ് എന്‍ജീനിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു