ചേര്‍ത്തല വിട്ടകന്ന മന്ത് രോഗം കോന്നിയില്‍ പൊങ്ങുന്നു

വസൂരി രോഗത്തെ, ലോകത്തിൽനിന്നും നിർമാർജ്ജനം(Eradication ) ചെയ്തത് പോലെ, മന്ത് രോഗത്തേയും ഇല്ലായ്മ(Eliminate) ചെയ്യുവാൻ, ലോകാരോഗ്യ സംഘടന (WHO) ശ്രമിക്കുകയാണ്.നവംബര്‍ 11 ഇന്ത്യയില്‍ ദേശീയ മന്ത് രോഗ ദിനമായി ആചരിക്കുകയാണ്. രാജ്യത്തു നിന്ന് മന്ത് തുടച്ചുമാറ്റുക എന്ന ലക്ഷ്യ വുമായി മന്ത് രോഗ പ്രതിരോധ പരിപാടികളുമായി മുന്നോട്ടു പോവുകയാണ് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം.എന്നാല്‍ പത്തനംതിട്ട ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികളില്‍ മന്ത് രോഗം പടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്ക ഉയര്‍ത്തുന്നു .ജില്ലയില്‍ ഏറ്റവും കൂടുതല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്ളത് കോന്നി ,റാന്നി ,പന്തളം ,കോഴഞ്ചേരി തെക്കേ മല എന്നിവടങ്ങളില്‍ ആണെന്ന് മുന്‍പ് തൊഴില്‍ വകുപ്പ് നടത്തിയ സര്‍വെയില്‍ പറയുന്നു .

അന്യ സംസ്ഥാന തൊഴിലാളികളില്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടെങ്കിലും ആരോഗ്യ വകുപ്പിന് കാര്യമായ ഇടപെടീല്‍ നടത്തുവാന്‍ കഴിയുന്നില്ല.രാത്രി കാലങ്ങളില്‍ നടത്തുന്ന പരിശോധനയിലാണ് മന്ത് രോഗം തിരിച്ചറിയുന്നത്‌ കോന്നി യില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന രാത്രികാലപരിശോധന ഇപ്പോള്‍ നടക്കുന്നില്ല.എന്നാല്‍ അടൂരില്‍ ഇവര്‍ നടത്തിയ പരിശോധനയില്‍ 80 അന്യ സംസ്ഥാന തൊഴിലാളികളില്‍ മന്ത് രോഗം കണ്ടെത്തി എങ്കിലും ആരോഗ്യ വകുപ്പ് ഇക്കാര്യം രഹസ്യമായി വെക്കുന്നു.ഇത് കൂടുതല്‍ ആളുകളിലേക്ക്‌ രോഗം പടരാന്‍ കാരണമാകുന്നു.കോന്നി യില്‍ ഇടുങ്ങിയ ചില കടമുറികളില്‍ പോലും 40 അന്യ സംസ്ഥാന തൊഴിലാളികളെ വരെയാണ് താമസിപ്പിക്കുന്നത് .ലാഭ കൊതി മൂത്ത കെട്ടിട ഉടമകള്‍ മന്ത് രോഗത്തെ കോന്നിയിലേക്ക്‌ ക്ഷണിച്ചു വരുത്തുകയാണ്.കോന്നിയില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളില്‍ മന്ത് രോഗികള്‍ ഉണ്ടെന്ന് അറിയുന്നു .ചൂടും ഉയര്‍ന്ന ആര്‍ദ്രതയും കാരണം ഭൂരിഭാഗം പ്രദേശങ്ങളിലും കൊതുക് സാന്ദ്രത മൂന്നിരട്ടിവരെ കൂടുതലാണ്. ചിലരില്‍ വൃഷണവീക്കമായിട്ടാണ് മന്ത് രോഗം കാണപ്പെടുന്നത്.വൃക്ഷണ വീക്കവുമായി കഴിഞ്ഞ ദിവസം പതിമൂന്ന് അന്യ സംസ്ഥാന തൊഴിലാളികള്‍ കോന്നി യില്‍ പ്രാഥമിക ചികിത്സ തേടിയിരുന്നു എന്നും വിവരം ഉണ്ട് .

എല്ലാവരേയും എക്കാലത്തും പേടിപ്പിക്കുന്ന രോഗങ്ങളില്‍ ഒന്നാണ് മന്ത്. മന്ത് രോഗത്തിന് കാരണം മൈക്രോ ഫൈലേറിയ(ചെറിയ വിര) എന്ന രോഗാണുവാണ്. മൈക്രോ ഫൈലേറിയ രക്തത്തിലുള്ളവരില്‍ നിന്നാണ് മറ്റുള്ളവരിലേക്കു രോഗം പടരുന്നു . ആദ്യഘട്ടത്തില്‍ ഒരുതരത്തിലുള്ള രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാത്ത രോഗമായതിനാല്‍ കൈകാലുകളിലോ വൃഷ്ണത്തിലോ നീരുണ്ടായതിനു ശേഷമേ മന്ത് ബാധിച്ചത് അറിയൂ. ആദ്യഘട്ടത്തില്‍ പൂര്‍ണ ആരോഗ്യവാനായിരിക്കും. രോഗിയില്‍ കുത്തുന്ന കൊതുകില്‍ രോഗാണു മൂന്നാഴ്ചയോളം വളര്‍ന്ന ശേഷമേ അടുത്തയാളില്‍ പകരൂ. വിരകള്‍ ശരീരത്തില്‍ ലിംഫ് കുഴലുകളിലേക്കെത്തും. അവിടെ വലിയ വിരകളായി മാറും. തുടര്‍ന്ന് അവ മൈക്രോ ഫൈലേറിയയെ ഉല്‍പാദിപ്പിക്കും. ഈ സമയത്തു തന്നെ വലിയ വിരകള്‍ ലിംഫ് കുഴലുകളില്‍ വ്യത്യാസമുണ്ടാക്കും. ഏകദേശം പത്തു വര്‍ഷം കഴിഞ്ഞാലേ കാലിലോ കൈയിലോ നീര് പ്രത്യക്ഷപ്പെടൂ. നീര് ബാധിച്ചയാളില്‍ നിന്ന് രോഗം പടരില്ല. രോഗം അവസാന ഘട്ടത്തിലെത്തുമ്പോള്‍ ഇടവിട്ടുള്ള പനിയുണ്ടാകും. വലിയ ആളുകളില്‍ മാത്രമല്ല, മൂന്നു വയസുള്ള കുട്ടികളില്‍പ്പോലും മന്ത് രോഗം വരാന്‍ സാധ്യതയുണ്ട്. 80% പേര്‍ നാലു മുതല്‍ ആറു വര്‍ഷം വരെ തുടര്‍ച്ചയായി മരുന്നു കഴിച്ചാല്‍ മന്ത് രോഗം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്. രാത്രികാല രക്ത പരിശോധനയിലൂടെ മാത്രമേ മൈക്രോ ഫൈലേറിയ കണ്ടെത്താന്‍ കഴിയൂ. എങ്കില്‍പ്പോലും പൂര്‍ണമായി മന്ത് രോഗം ഇല്ലെന്ന് ഉറപ്പാക്കാന്‍ ഇപ്പോള്‍ ആന്റിബോഡി, ആന്റിജന്‍ പരിശോധനകള്‍ നിലവിലുണ്ട്
മന്തിന്‍റെ കേരളത്തിലെ തലസ്ഥാനമായിരുന്നു ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല. ചേര്‍ത്തലയിലെ പ്രധാന ഉപജീവന മാര്‍ഗ്ഗമായിരുന്നു കയര്‍പിരിയും തൊണ്ടുതല്ലലും. ഇടത്തോടുകളിലും മറ്റു ജലാശയങ്ങളിലും തൊണ്ടുകള്‍ ദിവസങ്ങളോളം ചീയിച്ച് തല്ലി ചകിരിയാക്കി, ചകിരിപിരിച്ചു കയറാക്കും. അത്തരം ഇടത്തോടുകളും ജലാശയങ്ങളുമാണ് മന്തുരോഗത്തിന് കാരണമായ കൊതുകു വളര്‍ത്തല്‍ കേന്ദ്രങ്ങളായിരുന്നത്.

ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകുകയും ചകിരി നിര്‍മ്മാണത്തിന് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുകയും ചെയ്തതോടെ മന്തുരോഗികള്‍ ചേര്‍ത്തലയില്‍ കുറഞ്ഞു. പുതിയ രോഗികള്‍ ഉണ്ടാകുന്നില്ലഎന്ന് നിരന്തര പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു .ചേര്‍ത്തലയില്‍ ചുരുങ്ങിയ മന്ത് രോഗം കോന്നി യില്‍ പൊങ്ങുമ്പോള്‍ ആരോഗ്യ വകുപ്പ് അധികാരികള്‍ മന്ത് രോഗം പിടിപെട്ട പോലെ മുടന്തിയാണ്‌ നീങ്ങുന്നത്‌. അന്യ സംസ്ഥാന തൊഴിലാളികളില്‍ രാത്രി കാല പരിശോധനകള്‍ നടത്തി മന്ത് രോഗ വാഹകരെ കണ്ടെത്തുകയും അടിയന്തിര ചികിത്സാ സഹായം എത്തിക്കുകയും വേണം.മന്ത് രോഗത്തെ ജില്ലയില്‍ നിന്നും തുടച്ചു നീക്കിയെന്ന് അവകാശ പെട്ട ആരോഗ്യ വകുപ്പ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചില്ല.ജില്ല മന്ത് രോഗികളുടെ പിടിയില്‍ അമരുന്നതിന് മുന്‍പേ അധികാരികള്‍ ഊര്‍ജിത ആരോഗ്യ ചിന്തയില്‍ മുഴുകണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!