സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും

പത്തനംതിട്ട :     ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും കുറവുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും മഴക്കാലരോഗങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതിന് ആവശ്യത്തിനു ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യ മന്ത്രിയുമായി ആലോചിച്ച് അടിയന്തിരമായി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. രോഗ പ്രതിരോധം, ശുചീകരണം, പദ്ധതി തുക വിനിയോഗം തുടങ്ങിയവ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശഭരണ ഭാരവാഹികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി ജില്ലയിലെ എല്ലാ തദ്ദേഭരണ സ്ഥാപനങ്ങളിലും വാര്‍ഡുതല സാനിട്ടേഷന്‍ കമ്മിറ്റികള്‍ ഉടന്‍ ചേരണം. 22ന് പഞ്ചായത്തുകളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ഇതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കണം. വാര്‍ഡ് തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വാര്‍ഡ് അംഗങ്ങള്‍ മുന്‍കൈയെടുക്കണം. 25000 രൂപയാണ് ഒരു വാര്‍ഡില്‍ ശുചീകരണത്തിനായി ചെലവാക്കാവുന്നത്. ഇതില്‍ പതിനായിരം രൂപ വീതം ദേശീയ ആരോഗ്യ ദൗത്യം, തദ്ദേഭരണ സ്ഥാപനത്തിന്റെ തനതു ഫണ്ട് എന്നിവയില്‍ നിന്നും അയ്യായിരം രൂപ സര്‍ക്കാരില്‍ നിന്നുമാണ് നല്‍കുന്നത്. ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം കൂടി ഇക്കാര്യത്തില്‍ ഉറപ്പാക്കണം.
ഈ തുക അടിയന്തിരമായി ചെലവഴിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് എല്ലാ തദ്ദേശഭരണ ഭാരവാഹികളും മുന്തിയ പരിഗണന നല്‍കണം. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരുടെയും കുറവ് അനുഭവപ്പെടുന്ന സാഹചര്യം സര്‍ക്കാരിന് ബോധ്യമായിട്ടുണ്ട്. 96 ഡോക്ടര്‍മാരുടെയും 36 വീതം നഴ്‌സുമാരുടെയും നഴ്‌സിംഗ് അസിസ്റ്റന്റുമാരുടെയും കുറവാണ് അടിയന്തിരമായി നികത്തേണ്ടത്. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും താല്‍ക്കാലികമായി നിയമിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരുടെ കുറവ് സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും സര്‍ക്കാരിലേക്ക് നല്‍കിയിട്ടുണ്ട്. ജലസ്രോതസുകളില്‍ മാലിന്യം വലിച്ചെറിയുന്ന പ്രവണത ജില്ലയില്‍ വര്‍ധിച്ചുവരികയാണ്. കക്കൂസ് മാലിന്യം ഉള്‍പ്പെടെ കുടിവെള്ള സ്രോതസുകളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ തടയുന്നതിനും കുറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും തദ്ദേഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയാറാകാത്തതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്‌കരിക്കാതെ വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതിന് ആവശ്യമായ നടപടികള്‍ തേേദ്ദശഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം.
ആശുപത്രികളില്‍ പനിയുടെ മരുന്നിന് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യം ജില്ലയില്‍ ഒരിടത്തും നിലവിലില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത തദ്ദേശഭരണ ഭാരവാഹികള്‍ മന്ത്രിയെ അറിയിച്ചു. എന്നാല്‍ ശുചീകരണത്തിന്റെ കാര്യത്തിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു.
ഈ സാമ്പത്തിക വര്‍ഷം പദ്ധതി തുക വിനിയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ തദ്ദേശഭരണ ഭാരവാഹികള്‍ക്ക് ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുകയുടെ 15 ശതമാനം മാത്രമേ മാര്‍ച്ചില്‍ ചെലവഴിക്കാന്‍ കഴിയൂ. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കഴിഞ്ഞു. ഇവയില്‍ നിര്‍മാണ പ്രവൃത്തികള്‍ ഒഴികെയുള്ളവ ഉടന്‍ ആരംഭിക്കാവുന്നവയാണ്. വെറ്റിംഗ് ഓഫീസര്‍മാരുടെ അനുമതി എത്രയും പെട്ടെന്ന് നേടി പദ്ധതികള്‍ നടപ്പാക്കിതുടങ്ങണം. ആസൂത്രണ സമിതി അംഗീകരിച്ചതുകൊണ്ടുമാത്രം മാര്‍ഗരേഖകള്‍ക്ക് വിരുദ്ധമായ പദ്ധതികള്‍ ഉണ്ടെങ്കില്‍ അവ വെറ്റ് ചെയ്തു നല്‍കാന്‍ വെറ്റിംഗ് ഓഫീസര്‍മാര്‍ക്ക് കഴിയില്ല. മാര്‍ഗരേഖകള്‍ക്ക് വിരുദ്ധമായ പദ്ധതികളുണ്ടെങ്കില്‍ അവ അംഗീകരിക്കാതെ വെറ്റിംഗ് ഓഫീസര്‍മാര്‍ ജില്ലാതല സമിതിയുടെ പരിഗണനയ്ക്ക് നല്‍കണം. നിര്‍മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട പദ്ധതികളുടെ കാര്യത്തില്‍ എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കണം. കാര്‍ഷിക മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ജൂണില്‍ തന്നെ ആരംഭിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. മാലിന്യ നിര്‍മാര്‍ജനത്തില്‍ നഗരസഭകളില്‍ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ ആറ്റിലും തോട്ടിലും ഒഴുക്കുന്ന ഒരവസ്ഥ ഇപ്പോള്‍ നിലവിലുണ്ടെന്നും ഇതിനു പരിഹാരമായി എറണാകുളത്തെ ബ്രഹ്മപുരം, കൊച്ചിന്‍ ഷിപ് യാര്‍ഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സെപ്‌റ്റേജ് പ്ലാന്റിന്റെ മാതൃകയില്‍ ജില്ലയില്‍ ഒരു സെപ്‌റ്റേജ് പ്ലാന്റ് സ്ഥാപിച്ച് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ അത്യാവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു. ബ്രഹ്മപുരത്തും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലും ഏറെ കാര്യക്ഷമമായി ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പുറത്തേക്ക് വരുന്ന ജലം തീര്‍ത്തും മാലിന്യരഹിതമായതിനാല്‍ എവിടേക്കും ഒഴുക്കാവുന്നതാണ്. എല്ലാ ജില്ലകളിലും ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, എറണാകുളം ഒഴികെ മറ്റൊരു ജില്ലയിലും ഈ തീരുമാനം നടപ്പിലായിട്ടില്ല. റവന്യു വകുപ്പിന്റേത് ഉള്‍പ്പെടെ ഏതെങ്കിലും ഒരു സ്ഥലം തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുകയാണെങ്കില്‍ ഇത്തരമൊരു പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്. ഇത്തരം പ്ലാന്റിന് ചുറ്റും ദുര്‍ഗന്ധമോ, മറ്റ് യാതൊരു പ്രശ്‌നങ്ങളോ ഉണ്ടാകുന്നില്ലയെന്ന് ബ്രഹ്മപുരത്തെ പ്ലാന്റിന്റെ അനുഭവത്തില്‍ പറയുവാന്‍ കഴിയുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ പ്ലാസ്റ്റിക് കവറുകളുടെ നിരോധനം
കൂടുതല്‍ കര്‍ശനമാക്കും : ജില്ലാ കളക്ടര്‍
ജില്ലയിലെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ആഗസ്റ്റ് 15 മുതല്‍ പ്ലാസ്റ്റിക് കവറുടെ നിരോധനം കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശഭരണ അധ്യക്ഷന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. 50 മൈക്രോണില്‍ താഴെയുള്ള കവറുകളാണ് പൂര്‍ണമായും നിരോധിക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ 2016 ലെ പ്ലാസ്റ്റിക് മാനേജ്‌മെന്റ് നിയമം, സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയനുസരിച്ചുള്ള വിജ്ഞാപന രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 50 മൈക്രോണില്‍ കുറയാത്ത പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. പ്ലാസ്റ്റിക് കാരിബാഗുകള്‍ കടകളില്‍ നിന്ന് സൗജന്യമായി നല്‍കാന്‍ പാടില്ല. 50 മൈക്രോണോ അതിനു മുകളിലോ ഉള്ള കാരിബാഗുകള്‍ ഉപയോഗിക്കുന്ന തെരുവ് കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ള വ്യാപാരികള്‍ തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു വര്‍ഷത്തേക്ക് 48000 രൂപ പ്ലാസ്റ്റിക് പരിപാലന ഫീസായി ഇത്തരം വ്യാപാരികളില്‍ നിന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഈടാക്കണം. ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ എടുക്കാത്ത വ്യാപാരികള്‍ പ്ലാസ്റ്റിക് കാരിബാഗുകളില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ല. പ്ലാസ്റ്റിക് കാരിബാഗുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വ്യാപാരികള്‍ അതിന് വില ഈടാക്കുന്നതാണ് എന്ന ബോര്‍ഡ് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. പ്ലാസ്റ്റിക് കാരിബാഗുകളുടെ അനധികൃത വിതരണം ഉപയോഗം എന്നിവ തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധന വ്യാപകമാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയെ പ്ലാസ്റ്റിക്മുക്തമാക്കാന്‍
തദ്ദേശഭരണ അധ്യക്ഷന്മാരുടെ യോഗത്തില്‍ തീരുമാനം
ജില്ലയെ പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കാന്‍ സമഗ്ര പദ്ധതി തയാറാക്കി നടപ്പാക്കാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ യോഗത്തില്‍ തീരുമാനമായി. ഓഗസ്റ്റ് 15 ഓടെ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ നിരോധനം പൂര്‍ണമായും നടപ്പാക്കും. ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയാറാണെന്ന് യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭ അധ്യക്ഷന്മാരും അറിയിച്ചു. പഞ്ചായത്തുകളില്‍ നടക്കുന്ന പരിപാടികള്‍ക്ക് പേപ്പര്‍ ഗ്ലാസുകളും മറ്റ് ഡിസ്‌പോസിബിള്‍ വസ്തുക്കളും ഉപയോഗിക്കില്ല. തുണി സഞ്ചികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തുണി സഞ്ചി നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കും. മിക്ക തദ്ദേശഭരണസ്ഥാപനങ്ങളും ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍ക്ക് തുക വകയിരുത്തിയിട്ടുള്ളതായും ഇവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്ക് നല്‍കുന്നതിന് കഴിയും. തിരുവല്ലയിലെ കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം പ്ലാസ്റ്റിക് വസ്തുക്കള്‍ തരംതിരിച്ച് മാലിന്യമില്ലാതെ നല്‍കുകയാണെങ്കില്‍ ഏറ്റെടുക്കും. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഓരോ വാര്‍ഡ് കേന്ദ്രീകരിച്ച് തരംതിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വൃത്തിയാക്കി ഈ സ്ഥാപനത്തിന് നല്‍കുകയാണെങ്കില്‍ മാലിന്യ പ്രശ്‌നത്തിനും പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മറ്റ് വിപത്തുകള്‍ക്കും പരിഹാരമാകും. ഇത്തരത്തില്‍ ജില്ലയെ പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ എല്ലാ ഉദ്യമങ്ങള്‍ക്കും പരിപൂര്‍ണ സഹകരണം തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും തദ്ദേശഭരണ അധ്യക്ഷന്മാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!