കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

 

കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി പണി പൂര്‍ത്തീകരിച്ച ബഹുനില മന്ദിരത്തിന്റെയും സ്‌കൂള്‍ ലൈബ്രറിയുടെയും ഉദ്ഘാടനം അടൂര്‍ പ്രകാശ് എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും ഓരോ സ്‌കൂളിനെ വീതം ഹൈടെക് ആക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ നൂറിലധികം വര്‍ഷം പഴക്കമുള്ള ഒരു സ്‌കൂള്‍ എന്ന നിലയിലാണ് കോന്നി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ ഹൈടെക് ആക്കുന്നതിന് ശുപാര്‍ശ ചെയ്തതെന്ന് എംഎല്‍എ പറഞ്ഞു.
പരിമിത സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു വേണ്ടി നിര്‍മിച്ച ഗ്രൗണ്ട് ഫ്‌ളോറിന്റെയും ഒന്നാം നിലയുടെയും നിര്‍മാണ പ്രവര്‍ത്തികള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. കൂടുതല്‍ ക്ലാസ് മുറികളുടെയും ലാബുകളുടെയും ആവശ്യകത കണക്കിലെടുത്ത് മൂന്നു നിലകളിലായി ഡിസൈന്‍ ചെയ്ത കെട്ടിടത്തിന്റെ ബാക്കി ഭാഗത്തിനായി 2013-14ലെ പദ്ധതിയില്‍പ്പെടുത്തി സര്‍ക്കാര്‍ 1.39 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ക്ക് അനുയോജ്യമായ നാല് റൂമുകള്‍, ഒരു ലൈബ്രറി കം റീഡിംഗ് റൂം, ഓഫീസ് റൂം എന്നിവയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ക്രമീകരിച്ചിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി അനുമോദനവും ഉപഹാര സമര്‍പ്പണവും നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി. അനിത, ജില്ലാ പഞ്ചായത്തംഗം ബിനി ലാല്‍, കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം റോജി ഏബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീത, സൗദാമിനി, പിടിഎ പ്രസിഡന്റ് എന്‍.എസ് മുരളി മോഹന്‍, വൈസ് പ്രസിഡന്റ് എന്‍. അനില്‍കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോളി ഡാനിയേല്‍, ഹെഡ്മിസ്ട്രസ് ശ്രീലത ആര്‍. നായര്‍, മുത്തലിഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!