മത വൈര്യത്തിനപ്പുറം മാതൃ സ്‌നേഹത്തിന്‍റെ മഹനീയ മാതൃക

 
കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പലസ്തീന്‍ സ്ത്രീയുടെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുന്ന ഇസ്രയേലി നഴ്‌സിന്റെ ചിത്രം ലോകമെമ്പാടുമുള്ള ഹൃദയങ്ങള്‍ കീഴടക്കുന്നു. ഉല ഒസ്‌ട്രോസ്കി സാക്ക് എന്ന ജൂത നഴ്‌സാണ് മതവൈര്യത്തിനപ്പുറം മാതൃസ്‌നേഹത്തിന്‍റെ മഹനീയ മാതൃകയാകുന്നത്.

മധ്യ ഇസ്രയേലില്‍ നടന്ന അപകടത്തില്‍ പിതാവു മരിക്കുകയും മാതാവിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പിഞ്ചുകുഞ്ഞിനെ ഹദാസ ഇന്‍ കരേം ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിനു കുപ്പിയില്‍ പാലു നല്‍കാന്‍ ഏഴു മണിക്കൂറോളം പരിശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ മുലപ്പാല്‍ നല്‍കാന്‍ നഴ്‌സ് തീരുമാനിക്കുകയായിരുന്നു. പലസ്തീന്‍ കുഞ്ഞിനു മുലയൂട്ടാന്‍ ഒരു ഇസ്രയേലി നഴ്‌സ് തയാറായത് കുട്ടിയുടെ ബന്ധുക്കളെ അദ്ഭുതപ്പെടുത്തിയെന്ന് ഉല ഒസ്‌ട്രോസ്കി പറഞ്ഞു.

പക്ഷെ ഏതൊരു അമ്മയ്ക്കും അങ്ങനെ ചെയ്യാന്‍ കഴിയുമെന്നായിരുന്നു ഉലയുടെ മറുപടി. അഞ്ചു തവണ അവര്‍ കുഞ്ഞിനു മാതൃസ്‌നേഹം ചുരത്തി നല്‍കി. കുട്ടിയുടെ ബന്ധുക്കള്‍ അവരെ കെട്ടിപ്പിടിച്ചു നന്ദി അറിയിച്ചു. മൂന്നു കുട്ടികളുടെ അമ്മയാണ് ഉല. നാലാമത്തെ കുഞ്ഞിനെപ്പോലെയാണ് താന്‍ അവനെ പരിചരിക്കുന്നതെന്ന് ഉല പറഞ്ഞു. തന്‍റെ കണ്ണിലേക്കു നോക്കിക്കിടന്ന് കുഞ്ഞു മുല കുടിക്കുന്നതു കാണുമ്പോള്‍ മറ്റൊരു ചിന്തയ്ക്കും സ്ഥാനമില്ലെന്നും ഉല പറയുന്നു.മാതൃ സ്നേഹത്തിനു മുന്നില്‍ പകരം വയ്ക്കാന്‍ ഒന്നും ഇല്ല.കുഞ്ഞുങ്ങള്‍ക്ക്‌ മുലപ്പാല്‍ നല്‍കാന്‍ വിസമ്മതിക്കുന്ന ഒരു പാട് മാതാക്കള്‍ സമൂഹത്തില്‍ ഉണ്ട് .കുഞ്ഞുങ്ങള്‍ക്ക്‌ മുലയൂട്ടിയാല്‍ സ്തനം ഇടിഞ്ഞു തൂങ്ങും എന്നൊരു മിഥ്യാ ധാരണ ഉള്ളവരാണ് കുഞ്ഞുങ്ങളെ അകറ്റുന്നത്.മുലപ്പാല്‍ കുഞ്ഞിനു ഉള്ള പ്രധാന ഔഷധ മാണ് .രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം പോരടിക്കുമ്പോള്‍ മാതൃ സ്നേഹം ചുരത്തിയ നഴ്‌സ്സ് ലോകത്തിനു തന്നെ മാതൃകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!