Trending Now

 മഴക്കാല വിനോദസഞ്ചാരം കോന്നിയില്‍ നിന്നും തുടങ്ങാം

മഴയെ സ്നേഹിക്കുന്നവര്‍ക്ക് മഴക്കാല വിനോദസഞ്ചാരം കോന്നിയില്‍ നിന്നും തുടങ്ങാം

പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹം ചൊരിഞ്ഞ വന മേഖല .ഇത് പത്തനംതിട്ട ജില്ലക്ക് സ്വന്തമാണ് .സഹ്യപർവ്വതത്തിന്‍റെ മടിത്തട്ടിലെ മലയോര ജില്ലക്ക് അവകാശപ്പെടാന്‍
അനവധി കാര്യങ്ങള്‍ ഉണ്ടെങ്കിലും വിനോദ സഞ്ചാര ഭൂപടത്തില്‍ ജില്ലയുടെ സ്ഥാനം ഉയര്‍ന്നു കഴിഞ്ഞു .5 ദിവസത്തെ വിനോദ സഞ്ചാരത്തിനു പറ്റിയ ഇടമായി
പത്തനംതിട്ട ജില്ല മാറി കഴിഞ്ഞു. കിഴക്ക് തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്.വടക്ക് കോട്ടയം
ജില്ലയും തെക്ക് കൊല്ലം ജില്ല,കിഴക്ക് ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളും തമിഴ്നാടും,പടിഞ്ഞാറു ഭാഗം ആലപ്പുഴ ജില്ലയും അതിര് കാക്കുമ്പോള്‍ ശബരിമല കാടുകളുടെ പുണ്യവും പേറി പമ്പഒഴുക്കുന്നു ,
പമ്പയാറും, ആർതിയാറും, കക്കടയാറും, കക്കാറും പിന്നെ കല്ലാറും ചേർന്നൊഴുകുന്നതാണ് പമ്പാനദി. ശബരിമലയില്‍ നിന്നും ഉത്ഭവിക്കുന്ന പമ്പ, റാന്നി താലൂക്കിന്‍റെ
മിക്കഭാഗങ്ങളിലൂടെയുമൊഴുകി ആലപ്പുഴ ജില്ലയിലൂടെ വേമ്പനാട്ട്കായലി‌ൽ ലയിക്കുന്നു.
ഋഷിമല, പശുക്കിടാമേട്ട് രാമക്കൽതേരി എന്നിവിടങ്ങളിൽനിന്നുണ്ടാകുന്ന ചെറിയ അരുവികൾ ചേർന്നൊഴുകുന്ന അച്ചൻ‌കോവിലാർ ആലപ്പുഴയിലെ വീയപ്പുരത്ത് ഈ നദി
പമ്പയുമായി ചേരുന്നു. അങ്ങനെ പമ്പയുടെ ഒരു പ്രധാന പോഷകനദിയായി മാറുന്നു. ജില്ലയുടെ കാര്‍ഷിക വൃത്തിയില്‍ പ്രധാന നദിയായ മണിമലയാറും ചേര്‍ന്ന് ജില്ലയുടെ
ദാഹം അകറ്റുന്നു.

വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി ജില്ല മിഴി തുറക്കുന്നു .2 ദിവസത്തെ യാത്രക്ക് തയ്യാര്‍ എടുത്തെങ്കില്‍ ഒരു ദിവസം ഒരു സ്ഥലം വീതം കാണാം .അതും മഴയത്ത്.മഴക്കാല
വിനോദ സഞ്ചാരം കോന്നിയില്‍ നിന്നും തുടങ്ങി ഗവിയില്‍ അവസാനിപ്പിക്കാം ..എന്താ മഴയെ കൂട്ട് പിടിച്ചു യാത്ര തുടരാം.കേരളത്തിലെ പ്രധാന ഇക്കോ ടൂറിസം
കേന്ദ്രമായി കോന്നി മാറിക്കഴിഞ്ഞു.ജില്ലാ ആസ്ഥാനത്ത് നിന്നും 10 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ കോന്നിയുടെ ഹൃദയ ഭൂമിയില്‍ തൊടാം .കോന്നി ഇക്കോ ടൂറിസം സെന്‍റെര്‍ കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധ നേടി .ഏഴ് ആനകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇവിടെ ആനകളുടെ ജീവിത രീതികള്‍ പഠിക്കാന്‍ ആന മ്യൂസിയം ഉണ്ട്.അച്ചന്‍കോവില്‍ നദിയില്‍ ആണ് ആനകളെ കുളിപ്പിക്കുന്നത് .വിനോദ സഞ്ചാരികളില്‍ പേടി ഇല്ലാത്തവര്‍ക്ക് ആനകളെ കുളിപ്പിക്കാം.ആനപുറത്ത് ഏറി ഒരു സവാരി നടത്താനും അവസരം ഉണ്ട്.

വന വിഭവങ്ങളായ തേനും ,കുന്തിരിക്കവും ,ഇഞ്ചയും എല്ലാം ഇവിടെ നിന്നും നേരിട്ട് ലഭിക്കും ,മരങ്ങള്‍ കുടപിടിച്ച് നില്‍ക്കുന്ന കാഴ്ച ആരിലും കൌതുകം ഉണര്‍ത്തും .കോന്നി ആനത്താവളം കണ്ടു കൊതി തീര്‍ന്നു എങ്കില്‍ നേരെ വെച്ചു പിടിച്ചോളൂ അടവിയിലേക്ക് .സാഹസികത ഇഷ്ടപ്പെടുന്നവരെ അടവി മാടി വിളിക്കുന്നു . കോന്നിയില്‍ നിന്നും തണ്ണി തോട് റോഡില്‍ 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അടവിയില്‍ എത്താം.ഇവിടെയാണ്‌ കല്ലാറില്‍ കുട്ടവഞ്ചി സവാരി ഉള്ളത്.

 

അടവിയില്‍ ഒരു
സാഹസിക യാത്ര


മഴക്കാലത്ത് കൂലം കുത്തി ഒഴുകുന്ന കല്ലാര്‍ . കല്ലാറിലൂടെ ഒരു സാഹസികയാത്രചെയ്യാം . മഴക്കാലം വന്നണഞ്ഞാല്‍ അടവിയിലെ കുട്ടവഞ്ചിയുടെ തുഴച്ചില്‍കാര്‍ക്ക് ജോലി തിരക്ക് തന്നെ ‍. മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ കല്ലാര്‍ തനി സ്വഭാവം കാട്ടും.പുഴ നിറഞ്ഞു പൊങ്ങും . ശക്തമായ ഒഴുക്കില്‍ കുട്ടവഞ്ചി ചാഞ്ചാടി താഴേക്കുപതിക്കുന്ന തരത്തിലുള്ള സാഹസികയാത്രയാണ് അനുഭവിക്കാന്‍ കഴിയുന്നത്‌ .

വിനോദസഞ്ചാരികള്‍ക്ക്   ദാഹമകറ്റാന്‍ ഇളനീരും മറ്റു വിഭാവവുമായി വനശ്രീ കഫേയും ,താമസിക്കാന്‍ മുള വീടുകളും ഉണ്ട് .കുഞ്ഞുങ്ങള്‍ക്ക് ഉല്ലസിക്കാന്‍ ഊഞ്ഞാലുമടക്കം എല്ലാം അടവിയില്‍ ഉണ്ട് .കോന്നിയില്‍ നിന്നും അടവിയിലേക്ക് ഉള്ള യാത്ര തന്നെ അവിസ്മരണീയമാണ് .അടവി എന്ന മുണ്ടോംമൂഴി കടവില്‍നിന്ന് പാണ്ടിയാന്‍ കയത്തിലൂടെ തണ്ണിത്തോട് ഭാഗത്തേക്ക് പോയി തിരികെയെത്തുന്ന സവാരിയാണ് മുന്‍പ് ഉണ്ടായിരുന്നത്

 

മഴയുടെ ലാസ്യ ഭാവങ്ങളെ മിഴിനിറയെ കണ്ടു കൊണ്ടു കല്ലാറില്‍ കുട്ടവഞ്ചിയില്‍ കയറാം .മനസ്സിനും ശരീരത്തിനും കുളിര് കോരുന്ന അനുഭവം ആസ്വദിച്ച് ഒരു രാത്രിയില്‍ ഇവിടെ ഉള്ള മുള വീട്ടില്‍ അന്തിയുറങ്ങി പുലര്‍ച്ചെ നമ്മള്‍ക്ക് വീണ്ടും കാട് കയറാം അതും കോടമഞ്ഞും കുളിരുമായി നില്‍ക്കുന്ന ഗവി യിലേക്ക് .(തുടരും )
Contact Us
Konni P.O, Pathanamthitta
Eco tourism Office :0468 2247645
അനു ജയന്‍
ന്യൂസ്‌ ഡസ്ക്
കോന്നി വാര്‍ത്ത‍ .കോം

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!