കേരളത്തിന്‍റെ കന്നുകാലി സെന്‍സസ് അടുത്ത മാസം ആരംഭിക്കും

സംസ്ഥാന കന്നുകാലി പ്രജനന നയം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി വനം, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പേരൂര്‍ക്കട സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ ഹാളില്‍ നടന്ന സംസ്ഥാന കന്നുകാലി പ്രജനന നയം അവലോകന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കന്നുകാലി സെന്‍സസ് അടുത്ത മാസം ആരംഭിക്കും. ഇതിനായി സംസ്ഥാനത്തെ 1300 ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പാല്‍ ഉത്പാദനത്തില്‍ പത്ത് ശതമാനം വര്‍ദ്ധനയുണ്ടായി. അടുത്ത ഒരു വര്‍ഷത്തില്‍ 20 ശതമാനം വര്‍ദ്ധന കൈവരിച്ച് സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യം. പാലിനൊപ്പം മുട്ട, മാംസ ഉത്പാദനത്തിലും സ്വയംപര്യാപ്തത നേടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കന്നുകാലി പരിപാലനത്തിലേക്ക് യുവതലമുറയെ ആകര്‍ഷിക്കാന്‍ സബ്‌സിഡിയുള്‍പ്പെടെ സഹായം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച കെ. മുരളീധരന്‍ എം. എല്‍. എ പറഞ്ഞു. കേരളത്തിലെ സ്ഥലപരിമിതി കണക്കിലെടുത്ത് പൊതുകന്നുകാലി തൊഴുത്തുകള്‍ ഒരുക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പല കേന്ദ്ര കരാറുകളും കന്നുകാലി കര്‍ഷകരെ ദുരിതത്തിലാക്കുന്നതാണെന്ന് ചടങ്ങില്‍ പ്രഭാഷണം നടത്തിയ കെ. കൃഷ്ണന്‍കുട്ടി എം. എല്‍. എ പറഞ്ഞു. ഇത്തരം കരാറുകളിലെ അപകടം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയും വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറുമായ അനില്‍ എക്‌സ്, മില്‍മ ചെയര്‍മാന്‍ പി. ടി. ഗോപാലക്കുറുപ്പ്, മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. എന്‍. എന്‍. ശശി, കെ. എല്‍. ഡി. ബി എം. ഡി ഡോ. ജോസ് ജയിംസ്, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജുകുട്ടി ജേക്കബ്, കെ. എല്‍. ഡി. ബി ഡി. ജി. എം ഡോ. ആര്‍. രാജീവ് എന്നിവര്‍ സംസാരിച്ചു. ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ കന്നുകാലി പ്രജനന മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ രണ്ടു ദിവസത്തെ ശില്‍പശാലയില്‍ പങ്കെടുക്കുന്നു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു