റിയാദ്: വാഹനം ഒട്ടകത്തിലിടിച്ചതിനെ തുടര്‍ന്നുള്ള അപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. ലിറ്റില്‍ സീസര്‍ എന്ന പ്രമുഖ കമ്പനിയില്‍ ഡ്രൈവര്‍ ജോലി ചെയ്തിരുന്ന കോട്ടയം അടിച്ചിറ, പാറയില്‍ ഇബ്രാഹികുട്ടിയുടെ മകന്‍ സലിം ഇബ്രാഹിം(41) ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്പതു മണിയോടെ റിയാദില്‍ നിന്നു 350 കിമീ അകലെ അഫ്‌ലാജിനു സമീപമാണ് സംഭവം. റിയാദില്‍ നിന്നു ഡയന ലോറിയില്‍ സാധനങ്ങളുമായി അബഹയിലേക്കു പോയ സലിം വെള്ളിയാഴ്ച ഉച്ചയോടെ അവിടെ നിന്നു മടങ്ങിയിരുന്നു.
റിയാദിലേക്കു വരുന്നതിനിടെ അഫ്‌ലാജ് കഴിഞ്ഞു കുറച്ചു ദൂരം എത്തിയപ്പോള്‍ രാത്രി ഒന്പതിനു അപ്രതീക്ഷിതമായി വഴിമുറിച്ചു കടന്ന കറുത്ത രണ്ട് ഒട്ടകങ്ങളെ ലോറി ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്ന അപകടത്തില്‍ സംഭവസ്ഥലത്തുവച്ചു തന്നെ സലീം മരിച്ചിരുന്നു. പിന്നാലെ മറ്റൊരു വാഹനത്തില്‍ വന്നിരുന്ന ഇതേ കന്പനിയിലെ ഈജിപ്ഷ്യന്‍ പൗരനാണ് അപകടം ആദ്യം കാണുന്നത്. റെഡ് ക്രസന്റ് വിഭാഗം അഫ്‌ലാജ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച സലീമിന്റെ മൃതദേഹം ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ സലീം ജീവകാരുണ്യ, സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഖദീജയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് സബാഹ് (പ്ലസ് വണ്‍), മുഹമ്മദ് സഹദ്(പത്താം ക്ലാസ്). മാതാവ്, ഖദീജ.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍