മാസപൂജയ്ക്ക് പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തിവിടും
കോന്നി വാര്‍ത്ത : കോവിഡ് പശ്ചാത്തലത്തില്‍ പമ്പാ ത്രിവേണിയില്‍ കുളിക്കുന്നതിന് നിരോധനമുള്ളതിനാല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സ്‌നാനം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ശബരിമല തുലാമാസ പൂജയ്ക്ക് മുന്നോടിയായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന വകുപ്പ് തല ഓഫീസര്‍മാരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
ഇറിഗേഷന്‍, ദേവസ്വം ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി വകുപ്പുകള്‍ സംയുക്തമായി ഭക്തര്‍ക്ക് കുളിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. തുലാമാസ പൂജയ്ക്ക് മുന്‍പായി ഇവ പൂര്‍ത്തിയാക്കും. സ്ഥലം കണ്ടെത്തുന്നതിനും ഭക്തര്‍ കുളിക്കുന്ന വെള്ളം വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിശ്ചയിക്കുന്നതിന് തിരുവല്ല സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണയെ ചുമതലപ്പെടുത്തി. സബ് കളക്ടറുടെ നേതൃത്വത്തില്‍ (10 ശനി) ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളുമായി പമ്പയില്‍ സന്ദര്‍ശനം നടത്തും.
മാസപൂജയ്ക്ക് പമ്പയിലേക്ക് താല്‍ക്കാലികമായി ചെറിയ വാഹനങ്ങള്‍ കടത്തിവിടും. ആരോഗ്യ വകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റേയും നേതൃത്വത്തില്‍ ആന്റിജന്‍ പരിശോധന നടത്തും. കോവിഡ് പശ്ചാത്തലത്തില്‍ പമ്പാനദിയില്‍ ആരും കുളിക്കുന്നില്ലെന്നും, കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും പോലീസ് ഉറപ്പുവരുത്തും. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഫയര്‍ ഫോഴ്സിന്റെ ഓരോ ടീമിനെ വിന്യസിക്കും.
ശബരിമല മാസപൂജയും മണ്ഡലകാല പൂജയുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 28 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലും ഇന്നലെ (9 വെള്ളി) ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലും യോഗം ചേര്‍ന്നിരുന്നു.