പത്തനംതിട്ട ഓമല്ലൂര്‍ ആറ്റരികം വാര്‍ഡിലെ കുമ്പിക്കല്‍ ഏലാ, കിഴക്കേ മുണ്ടകന്‍ പാടശേഖരങ്ങള്‍ വീണ്ടും നെല്‍കൃഷിയിലേക്ക്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓമല്ലൂര്‍ പഞ്ചായത്തിന്റെ സഹായത്തോടെ 10 ഹെക്ടറും സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ 15 ഹെക്ടറും ഉള്‍പ്പെടെ മൊത്തം 25 ഹെക്ടര്‍( 62 ഏക്കര്‍ )ആണ് കൃഷിക്ക് ഒരുങ്ങുന്നത്. വിത്തിടീല്‍ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. കഴിഞ്ഞ 15 വര്‍ഷമായി തരിശുകിടക്കുന്ന പാടശേഖരങ്ങളാണ് ആണ് ഇവ.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 2004ല്‍ ആണ് ഇതിനു മുമ്പ് ഇവിടെ അവസാനമായി കൃഷിയിറക്കിയത്. അന്ന് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ഓമല്ലൂര്‍ ശങ്കരന്‍ മുന്‍ കൈയെടുത്താണ് കൃഷി നടത്തിയത്. ദീര്‍ഘകാലമായി തരിശു കിടന്നതു മൂലം വെള്ളപ്പൊക്കത്തിലും അല്ലാതെയും മണ്ണുവീണ് പാടശേഖരത്തില്‍ നിന്നും ആറ്റിലേക്ക് വെള്ളം ഒഴിഞ്ഞു പോകുന്ന ചാലുകള്‍ പൂര്‍ണമായും തടസപ്പെട്ടു കിടക്കുകയായിരുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞും നിലം തീര്‍ത്തും ഉപയോഗശൂന്യമായ അവസ്ഥയിലുമായിരുന്നു. ചാലുകള്‍ റോട്ടറി ക്ലബ്ബിന്റെ സഹായത്തോടുകൂടി നന്നാക്കി എടുത്ത് ജലമൊഴുക്ക് സുഗമം ആക്കി. വര്‍ഷാവര്‍ഷം കൃഷി നടക്കുമ്പോള്‍ ഈ ചാലുകള്‍ സ്വാഭാവികമായിട്ടും വൃത്തിയാക്കേണ്ടതാണ്.
പാടശേഖരങ്ങള്‍ തിരിച്ച് കൃഷിക്ക് ഉപയുക്തം ആക്കുമ്പോള്‍ ഈ പ്രശ്‌നത്തിന്ശാശ്വത പരിഹാരമാകുമെന്ന് ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍ പറഞ്ഞു. ഇനി ഒരു പാടം കൂടി മാത്രമാണ് ഓമല്ലൂരില്‍ കൃഷി ചെയ്യാനുള്ളത്. അതോടുകൂടി ഓമല്ലൂര്‍ തരിശുരഹിത പഞ്ചായത്തായി മാറുമെന്നും അവര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എലിസബത്ത് അബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിരാദേവി, പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ. ജയശ്രീ, ബ്ലെസന്‍ ടി. എബ്രഹാം, സാജു കൊച്ചു തുണ്ടില്‍, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ഡോക്ടര്‍ റാം മോഹന്‍, കൃഷി ഓഫീസര്‍ ജാനറ്റ് ഡാനിയേല്‍,നെല്‍കൃഷി വികസന ന സമിതിയുടെ പ്രസിഡന്റ് എം.എം. കുട്ടന്‍പിള്ള, സെക്രട്ടറി ജോണ്‍സണ്‍ പാപ്പനാട്ട്, ദീപു അമ്പാടിയില്‍ എന്നിവര്‍ പങ്കെടുത്തു.