Trending Now

ആദിവാസികള്‍ക്ക് സഹായ ഹസ്തവുമായി നാഷണല്‍ സര്‍വീസ് സ്‌കീം

 

ട്രൈബല്‍ കോളനി നിവാസികള്‍ക്ക് സഹായ ഹസ്തവുമായി പത്തനംതിട്ട ജില്ല ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം. ജില്ലയിലെ ആങ്ങമൂഴി, മൂഴിയാര്‍, കൊക്കാത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ ട്രൈബല്‍ കോളനി നിവാസികള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ തുണ 2020 പരിപാടിയുടെ ഭാഗമായി അവശ്യവസ്തുക്കള്‍ വിതരണം ചെയ്യും.
പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസില്‍ നടന്ന ചടങ്ങില്‍ എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ വി.എസ് ഹരികുമാറില്‍നിന്ന് വീണാ ജോര്‍ജ് എംഎല്‍എ വിതരണത്തിനുള്ള ഭക്ഷ്യവസ്തുക്കളും, കമ്പിളി, പുതപ്പ്, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ ഏറ്റുവാങ്ങി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെസി തോമസ്, കാതോലിക്കേറ്റ് എച്ച്എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബീന, പത്തനംതിട്ട ജില്ലാ എന്‍എസ്എസ് പിഎസിമാരായ ജേക്കബ് ചെറിയാന്‍, കെ. ഹരികുമാര്‍, മണികണ്ഠന്‍, അനുരാഗ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പത്തനംതിട്ട ജില്ലയിലെ 59 യൂണിറ്റുകളിലെ 3000 വോളന്റിയേഴ്സിന്റെ നേതൃത്വത്തിലാണ് മൂന്നു ലക്ഷം രൂപ വിലവരുന്ന വിഭവങ്ങള്‍ സമാഹരിച്ചത്. സാമൂഹ്യജീവിതം മെച്ചപ്പെടുത്തുന്നതിന് എന്‍എസ്എസ് ഏറ്റെടുത്ത നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് തുണ 2020 പരിപാടി. പത്തനംതിട്ട ജില്ലയിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

error: Content is protected !!